സ്റ്റോക്ക്‌ഹോം ഡയമണ്ട് ലീഗ്: ദേശീയ റെക്കോര്‍ഡ് തിരുത്തിയിട്ടും നീരജ് രണ്ടാമത്

Published : Jul 01, 2022, 12:05 AM IST
സ്റ്റോക്ക്‌ഹോം ഡയമണ്ട് ലീഗ്: ദേശീയ റെക്കോര്‍ഡ് തിരുത്തിയിട്ടും നീരജ് രണ്ടാമത്

Synopsis

തന്‍റെ മൂന്നാം ശ്രമത്തില്‍  90.31 മീറ്റര്‍ ദൂരം താണ്ടിയ ഗ്രാനഡയുടെ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് ചാമ്പ്യനായി. ആദ്യ ശ്രമത്തില്‍ 89.94 മീറ്റര്‍ ദൂരം പിന്നിട്ടാണ് നീരജ് ദേശീയ റെക്കോര്‍ഡിട്ടത്. 

സ്‌റ്റോക്ക്‌ഹോം: സ്റ്റോക്ക്‌ഹോം ഡയമണ്ട് ലീഗില്‍(Stockholm Diamond League) ജാവലിന്‍ ത്രോയില്‍ സ്വന്തം ദേശീയ റെക്കോര്‍ഡ് തിരുത്തിയെങ്കിലും ഇന്ത്യയുടെ  ഒളിംപിക് ചാംപ്യന്‍ നീരജ് ചോപ്ര (Neeraj Chopra)ക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. തന്‍റെ മൂന്നാം ശ്രമത്തില്‍  90.31 മീറ്റര്‍ ദൂരം താണ്ടിയ ഗ്രാനഡയുടെ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് ചാമ്പ്യനായി. ആദ്യ ശ്രമത്തില്‍ 89.94 മീറ്റര്‍ ദൂരം പിന്നിട്ടാണ് നീരജ് ദേശീയ റെക്കോര്‍ഡിട്ടത്. സീസണിലെ ആദ്യ മത്സരമായ പാവോ നൂർമി ഗെയിംസിൽ കുറിച്ച 89.30 മീറ്ററിന്‍റെ റെക്കോര്‍ഡാണ് സ്റ്റോക്ഹോമില്‍ നീരജ് മറികടന്നത്. അഞ്ചാം ശ്രമത്തില്‍ 89.08 മീറ്റര്‍ ദൂരം താണ്ടിയ ജര്‍മനിയുടെ ജൂലിയന്‍ വെബ്ബര്‍ മൂന്നാ സ്ഥാനത്തെത്തി.

ആദ്യ റൗണ്ട് പോരാട്ടം കഴിഞ്ഞപ്പോള്‍ നീരജ് ആയിരുന്നു ഒന്നാമത്. യാക്കൂബ് വാള്‍ഡെക്ക്(88.59), ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ്(86.39) നീരജിന് പിന്നിലായിരുന്നു. രണ്ടാം ശ്രമത്തില്‍ നീരജ് 84.37 മീറ്ററും യാക്കൂബ് 85.60 മീറ്ററും പീറ്റേഴ്സ് 84.49 മീറ്ററും പിന്നിട്ടു.  മൂന്നാം ശ്രമത്തില്‍ നീരജ് 87.46 മീറ്റര്‍ ദൂരം താണ്ടിയപ്പോള്‍ 90.31 മീറ്റര്‍ ദൂരം താണ്ടിയാണ് ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് ഒന്നാമതെത്തിയത്. മീറ്റ് റെക്കോര്‍‍ഡോടെയായിരുന്നു പീറ്റേഴ്സിന്‍റെ നേട്ടം. തന്‍റെ ആദ്യ ത്രോയില്‍ നീരജിട്ട മീറ്റ് റെക്കോര്‍ഡാണ് പീറ്റേഴ്സ് മൂന്നാം ശ്രമത്തില്‍ മറികടന്നത്. നേരത്തെ തന്‍റെ ആദ്യ ശ്രമത്തില്‍ 89.94 മീറ്റര്‍ ദൂരം താണ്ടിയപ്പോള്‍ നീരജ്  2006ല്‍ നോര്‍വീജിയന്‍ താരം ആന്‍ഡ്രിയാസ് തോര്‍കില്‍ഡ്സെന്‍ കുറിച്ച മീറ്റ് റെക്കോര്‍ഡായ(89.78 മീറ്റര്‍) തിരുത്തിയിരുന്നു. ഇതാണ് പീറ്റേഴ്സ് 90 മീറ്റര്‍ പിന്നിട്ട് തിരുത്തിയത്.

നീരജിന്‍റെ നാലാം ശ്രമം 84.77 മീറ്ററില്‍ ഒതുങ്ങിയപ്പോള്‍ പീറ്റേഴ്സ്  85.03 ദൂരം താണ്ടി. അഞ്ചാം ശ്രമം പീറ്റേഴ്സ് എറിഞ്ഞില്ല. നീരജിന് അഞ്ചാം ശ്രമത്തില്‍ 86.67 ദൂരമെ താണ്ടാനായുള്ളു. അഞ്ചാം ശ്രമത്തില്‍ 89.08 മീറ്റര്‍ ദൂരം താണ്ടിയ ജൂലിയന്‍ വെബ്ബര്‍ മൂന്നാം സ്ഥാനം ഉറപ്പാക്കി. ടോക്കിയോ ഒളിംപിക്സിലെ വെള്ളി മെഡല്‍ ജേതാവായ യാക്കൂബിന്‍റെ അഞ്ചാം ശ്രമം ഫൗളായി.

അവസാന ശ്രമത്തില്‍ യാക്കൂബ് 87.36 മീറ്ററിലൊതുങ്ങി. അവസാന ശ്രമത്തില്‍ നീരജിന്  86.84 മീറ്ററെ താണ്ടാനായുള്ളു. സീസണിലെ ആദ്യ മത്സരമായ പാവോ നൂർമി ഗെയിംസിൽ 89.30 മീറ്റർ ദൂരത്തോടെ വെള്ളിയും ഫിൻലൻഡിൽ നടന്ന രണ്ടാമത്തെ മത്സരത്തിൽ 86.69 മീറ്റർ ദൂരം കണ്ടെത്തി സ്വർണവും നീരജ് നേടിയിരുന്നു.  
 

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഇനി കളിക്കാൻ കഴിയില്ല'; വിരമിക്കൽ പ്രഖ്യാപിച്ച് ബാഡ്മിന്‍റണ്‍ താരം സൈന നെഹ്‍വാള്‍
ഒന്നാം സ്ഥാനക്കാരി അഞ്ജുവിനെ 'കാണാനില്ല'; 24 മണിക്കൂര്‍ കാത്തിരുന്നിട്ടും വന്നില്ല; ഒടുവില്‍ രണ്ടാം സ്ഥാനക്കാരി അഞ്ജലി ജേതാവായി