സർക്കാരുമായുള്ള ചർച്ച; സമയം തീരുമാനിച്ചില്ലെന്ന് സാക്ഷി മാലിക്; ഒപ്പമുള്ളവരുമായി കൂടിയാലോചിച്ച് തീരുമാനം

By Web TeamFirst Published Jun 7, 2023, 11:25 AM IST
Highlights

 അമിത് ഷായുമായുള്ള ഗുസ്തി താരങ്ങളുടെ ചര്‍ച്ച അപൂര്‍ണമായിരുന്നുവെന്നും താരങ്ങള്‍ ആഗ്രഹിച്ച പ്രതികരണമല്ല ആഭ്യന്തര മന്ത്രിയില്‍ നിന്നുണ്ടായതെന്നും കാദിയാന്‍ വ്യക്തമാക്കി.

ദില്ലി: സർക്കാരുമായുള്ള ഗുസ്തി താരങ്ങളുടെ ചർച്ചയുടെ സമയം തീരുമാനം ആയില്ലെന്ന് സാക്ഷി മാലിക്. ഒപ്പമുള്ളവരുമായി കൂടിയാലോചിച്ച് തീരുമാനിക്കും. ചർച്ചക്ക് തയാറായി എന്നത് സർക്കാർ പറയുന്നത് എന്തും അനുസരിക്കും എന്നല്ല എന്നും സാക്ഷി മാലിക് കൂട്ടിച്ചേർത്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചർച്ച നടത്തിയിരുന്നു.

എന്നാല്‍ ആഭ്യന്തര മന്ത്രിയുടെ പ്രതികരണം നിരാശാജനകമായിരുന്നുവെന്ന് കൂടിക്കാഴ്ചയില്‍ പങ്കെടുത്ത ഗുസ്തി താരം സാക്ഷി മാലിക്കിന്‍റെ ഭര്‍ത്താവ് കൂടിയായ സത്യവൃത് കാദിയാന്‍ പറഞ്ഞു. അമിത് ഷായുമായുള്ള ഗുസ്തി താരങ്ങളുടെ ചര്‍ച്ച അപൂര്‍ണമായിരുന്നുവെന്നും താരങ്ങള്‍ ആഗ്രഹിച്ച പ്രതികരണമല്ല ആഭ്യന്തര മന്ത്രിയില്‍ നിന്നുണ്ടായതെന്നും കാദിയാന്‍ വ്യക്തമാക്കി.

ദില്ലിയിലെ അമിത് ഷായുടെ വസതിയിലാണ് ഗുസ്തി താരങ്ങള്‍ കൂടിക്കാഴ്ച നടത്തിയത്. ഗുസ്തി താരങ്ങളുമായുള്ള ചര്‍ച്ചകള്‍ രാത്രി വൈകി ഏറെ നേരം നീണ്ടെങ്കിലും നിയമം അതിന്‍റെ വഴിക്ക് നീങ്ങട്ടെ എന്ന നിലപാടായിരുന്നു അമിത് ഷാ സ്വീകരിച്ചത്. അതേസമയം, ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യുംവരെ ഗുസ്തി താരങ്ങള്‍ സമരം നിര്‍ത്തില്ലെന്നും തുടര്‍ സമരപരിപാടികള്‍ വൈകാതെ പ്രഖ്യാപിക്കുമെന്നും കാദിയാന്‍ പറഞ്ഞു.

ഗുസ്തി താരങ്ങളുടെ സമരത്തില്‍ സജീവമായിരുന്ന സാക്ഷി മാലിക് തിരികെ ജോലിയിൽ പ്രവേശിച്ചിരുന്നു. അമിത്ഷായുമായി ചർച്ചക്ക് പിന്നാലെയാണ് തീരുമാനം. സമരത്തില്‍ നിന്നും പിന്മാറിയെന്ന വാര്‍ത്ത തെറ്റെന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു. നോർത്തേൺ റെയില്‍വേയില്‍ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥയാണ് സാക്ഷി. ശനിയാഴ്ചയാണ് സാക്ഷിയും ബജ്റംഗ് പൂനിയയും ഷായെ കണ്ടത്. സരമത്തില് നിന്നും ഒരടി പിന്നോട്ടില്ലെന്നും സാക്ഷി വ്യക്തമാക്കി.നീതിക്ക് വേണ്ടി പോരാട്ടം തുടരും. ജോലിക്കൊപ്പം പോരാട്ടം തുടരും. തെറ്റായ വാർത്ത പ്രചരിപ്പിക്കരുത് എന്നും സാക്ഷി ആവശ്യപ്പെട്ടു.വിനേഷ് ഫോഗട്ടും ബജ്റംഗ് പൂനിയയും ജോലിക്ക് കയറിയിട്ടുണ്ട്.

അമിത് ഷായെ സന്ദര്‍ശിച്ച് ഗുസ്തി താരങ്ങള്‍, പ്രതികരണം നിരാശപ്പെടുത്തിയെന്ന് സാക്ഷി മാലിക്കിന്‍‍റെ ഭര്‍ത്താവ്

'ജോലിക്കൊപ്പം പോരാട്ടം തുടരും' ഗുസ്തി താരങ്ങളുടെ സമരത്തില്‍ നിന്ന് പിന്‍മാറിയിട്ടില്ലെന്ന് സാക്ഷി മാലിക്

ഏഷ്യാനെറ്റ് ന്യൂസ് വാർത്ത യൂട്യൂബിൽ തത്സമയം കാണാം

click me!