ഒളിംപിക്സ് സ്വര്‍ണം കുട്ടിക്കളി; സ്ട്രീറ്റ് സ്കേറ്റ് ബോർഡിംഗില്‍ സ്വര്‍ണം നേടിയത് 13കാരി

By Web TeamFirst Published Jul 26, 2021, 7:18 PM IST
Highlights

വനിതകളില്‍ രണ്ടാം സ്ഥാനത്ത് എത്തിയ ബ്രസീലുകാരി റെയ്സ ലീലിനും പ്രായം 13 തന്നെ. വെങ്കലം നേടിയത് ജപ്പാന്‍റെ തന്നെ 16 വയസുകാരി നകയാമ ഫ്യുണ.

ടോക്യോ: ഒളിംപിക്സ് കുട്ടി കളിയാണോ?, സ്ട്രീറ്റ് സ്കേറ്റ് ബോർഡിംഗ് മൽസരവേദിയിൽ എത്തിയാൽ അങ്ങനെ തോന്നിയില്ലെങ്കിലെ അത്ഭുതമുള്ളൂ. സ്വർണവും വെള്ളിയും നേടിയത് വെറും 13 വയസ് മാത്രം പ്രായമുള്ള കുട്ടികളാണ്. ജപ്പാന്‍റെ 13 വയസ്സുകാരി നിഷിയ മോമിജിയാണ് സ്ട്രീറ്റ് സ്കേറ്റ് ബോർഡിംഗില്‍ സ്വർണ നേട്ടത്തോടെ ചരിത്രത്തിൽ ഇടം പിടിച്ചത്.

ഒളിംപിക്സ് സ്വര്‍ണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് 13 വയസും 330 ദിവസവും പ്രായമുള്ള നിഷിയ മോമിജി. 1936ലെ ബെര്‍ലിന്‍ ഒളിംപിക്സില്‍ വനിതകളുടെ മൂന്ന് മീറ്റര്‍ സ്പ്രിംഗ് ബോര്‍ഡില്‍ സ്വര്‍ണം നേടിയ മാര്‍ജോറി ഗെസ്ട്രിംഗ് ആണ് ഒളിംപിക്സ് ചരിത്രത്തില്‍ സ്വര്‍ണം നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം. 13 വയസും 268 ദിവസുമായിരുന്നു സ്വര്‍ണം നേടുമ്പോള്‍ മാര്‍ജോറിയുടെ പ്രായം.

വനിതകളില്‍ രണ്ടാം സ്ഥാനത്ത് എത്തിയ ബ്രസീലുകാരി റെയ്സ ലീലിനും പ്രായം 13 തന്നെ. വെങ്കലം നേടിയത് ജപ്പാന്‍റെ തന്നെ 16 വയസുകാരി നകയാമ ഫ്യുണ. വനിതാ വിഭാഗം സ്ട്രീറ്റ് സ്കേറ്റ് ബോർഡിംഗ് സ്വർണത്തിന് പുറമെ പുരുഷന്‍മാരിലും ജപ്പാന്‍ തന്നെയാണ് ഒന്നാമത്.

ജപ്പാനിൽ പ്രചാരമുള്ള ഇനങ്ങൾ കൂടി പരിഗണിച്ചാണ് സ്കേറ്റ് ബോർഡിംഗ് ഒളിംപിക്സിൽ ഇതാദ്യമായി ഉൾപ്പെടുത്തിയത്. അൽഭുതപ്പെടുതുന്ന മെയ്‌വഴക്കത്തോടെയാണ് കുട്ടികൾ മത്സരം പൂർത്തിയാക്കിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!