ഒളിമ്പിക്സ് സ്വർണത്തിന് എത്രയാണ് 'വില' ?

By Web TeamFirst Published Aug 6, 2021, 11:32 AM IST
Highlights

ടോക്കിയോ ഒളിമ്പിക്സിലെ മെഡലുകൾ നിർമിക്കുന്നതിന് വേണ്ട ലോഹങ്ങൾ ശേഖരിച്ചിട്ടുള്ളത്, കേടായി ഉപേക്ഷിക്കപ്പെട്ടിട്ടുള്ള ലാപ്‌ടോപ്പുകൾ, മൊബൈൽ ഫോൺ തുടങ്ങിയ ഇ-വേസ്റ്റുകളിൽ നിന്നാണ്.

ഒരു ഒളിമ്പിക്സ് സ്വർണമെഡലിന്റെ വിലയെന്ത് എന്ന് ഏറ്റവും നന്നായി അറിയാവുന്നത് നമ്മൾ ഇന്ത്യക്കാർക്ക് തന്നെയാവും.  ഇന്ത്യൻ ഹോക്കി ടീം അതിന്റെ പ്രതാപ കാലത്ത് നേടിയ എട്ടു സ്വർണവും 2008 ബെയ്ജിങ് ഗെയിംസിൽ അഭിനവ് ബിന്ദ്ര ഷൂട്ടിങ്ങിൽ നേടിയ സ്വർണവും ഒഴിച്ചാൽ, നമുക്ക് അതിനുള്ള യോഗം വേറെ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഒളിമ്പിക്സിൽ ഒരു സ്വർണം എന്നത് നമ്മൾ 130 കോടി ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം തികച്ചും  അമൂല്യമാണ്. പറഞ്ഞു വരുന്നത് അതിനെപ്പറ്റിയല്ല. സ്വർണമെഡൽ എന്ന അമൂല്യ നേട്ടത്തിലൂടെ കൈവരുന്ന വസ്തുവിന്റെ മതിപ്പു 'വില' എന്താണ്? 

ഒരു ഒളിമ്പിക്സ് മെഡലിന്റെ വില നമുക്ക് രണ്ടു തരത്തിൽ പറയാം. ഒന്ന്, അതിന്റെ ലേലവിപണിയിലെ വില. അത് പല ഘടകങ്ങളെയും ആശ്രയിച്ച് വലിയ തോതിൽ വ്യത്യാസപ്പെട്ടിരിക്കുന്ന ഒന്നാണ്. ഉദാ. 1896 -ൽ ഏതൻസിൽ നടന്ന ആദ്യത്തെ ആധുനിക ഒളിംപിക്സിൽ ഒന്നാം സ്ഥാനം നേടിയ ഒരു കായികതാരത്തിനു സമ്മാനിക്കപ്പെട്ടിരുന്ന വെള്ളി മെഡൽ (അന്ന് സ്വർണ്ണമെഡലുകൾ നല്കിത്തുടങ്ങിയിരുന്നില്ല), RRR എന്ന ലേലക്കമ്പനി ഈ ഒളിമ്പിക്സ് കാലത്ത് വിറ്റഴിച്ചത്  1,80,111 ഡോളറിനാണ്. മെഡൽ നേടിയ ആളിന്റെ പ്രശസ്തിക്കനുസരിച്ച് മെഡലുകൾക്ക് കല്പിക്കപ്പെടുന്ന ആന്റിക് വാല്യൂവും വ്യത്യാസപ്പെടും. 

പറഞ്ഞു വന്നത് അതിനെക്കുറിച്ചുമല്ല. ടോക്കിയോ ഒളിമ്പിക്സിൽ നൽകപ്പെടുന്ന സ്വർണമെഡൽ സത്യത്തിൽ എത്ര ഡോളറിന്റെ മതിപ്പുവിലയുള്ള ഒരു നിർമ്മിതിയാണ്? അതിന്റെ നിർമാണത്തിന് വേണ്ടി ഉപയോഗിച്ചിട്ടുള്ള ലോഹക്കൂട്ടുകൾ എന്താണ് ? ഒളിമ്പിക്സിലെ സ്വർണമെഡലിന്റെ ഭാരം 556 ഗ്രാം ആണ്.  ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി പറയുന്നത് ഇതിൽ സ്വർണത്തേക്കാൾ കൂടുതലായി ചേർക്കപ്പെട്ടിട്ടുള്ള ലോഹം വെള്ളിയാണ് എന്നാണ്. ഈ 556 ഗ്രാമിൽ ആകെയുള്ളത് 6 ഗ്രാം സ്വർണമാണ്. ഏകദേശം മുക്കാൽ പവൻ. ബാക്കി 550 ഗ്രാമം വെള്ളിയാണ്. മെഡൽ ഉണ്ടാക്കാനുള്ള ചെലവും, അതിന്റെ കേസിങ്ങും അതിലെ എൻഗ്രേവിങ്ങും ഒക്കെ കണക്കിലെടുത്താൽ അതിന്റെ ആകെ മതിപ്പുവില ഏകദേശം 800 ഡോളർ വരും. നമ്മുടെ നാട്ടിലെ ഏകദേശം 60,000 രൂപ.

വെള്ളി മെഡൽ പരിശുദ്ധമായ വെള്ളി തന്നെ ഉപയോഗിച്ച് നിർമിച്ചവയാണ്. അവയുടെ ഭാരം ഏകദേശം 550 ഗ്രാം ആണ്. ഐഒസി ഒരു വെള്ളിമെഡലിനു കണക്കാക്കുന്ന വില ഏകദേശം 450 ഡോളർ ആണ്. നമ്മുടെ നാട്ടിലെ ഏകദേശം 34,000 രൂപ. വെങ്കല മെഡലുകൾ നിര്മിക്കപ്പെട്ടിട്ടുള്ളത് റെഡ് ബ്രാസ് എന്നറിയപ്പെടുന്ന ഒരു ലോഹക്കൂട്ടുകൊണ്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. 95% പരിശുദ്ധ ചെമ്പും 5% സിങ്കും ചേർന്ന സംയുക്തമാണ് റെഡ് ബ്രാസ്.  വെങ്കല മെഡലിന്റെ വില സ്വർണം വെള്ളി മെഡലുകളെക്കാൾ എത്രയോ കുറവാണ്.

ടോക്കിയോ ഒളിമ്പിക്സിൽ ആകെ കൊടുക്കപ്പെട്ടിട്ടുള്ളത് 5000 മെഡലുകളാണ് എന്നാണ് ഏകദേശ കണക്ക്. അവ നിർമിക്കാൻ വേണ്ടി ആവശ്യം വന്ന ലോഹങ്ങൾ ശേഖരിച്ചിട്ടുള്ളത്, കേടായി ഉപേക്ഷിക്കപ്പെട്ടിട്ടുള്ള ലാപ്‌ടോപ്പുകൾ, മൊബൈൽ ഫോൺ തുടങ്ങിയ ഇ-വേസ്റ്റുകളിൽ നിന്നാണ്. ഇങ്ങനെ ശേഖരിക്കാൻ വേണ്ടി രണ്ടു വർഷം നീണ്ടു നിന്ന ഒരു ക്യാമ്പെയ്‌നും ഐഒസിയുടെ ഭാഗത്തു നിന്ന് സംഘടിപ്പിക്കപ്പെടുകയുണ്ടായി. 

click me!