ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് അഭിമാന നേട്ടം; പ്രതീക്ഷയോടെ കേരളത്തിന്‍റെ ഭാവി താരങ്ങള്‍

By Web TeamFirst Published Aug 6, 2021, 12:30 PM IST
Highlights

ഹോക്കിയില്‍ ഇന്ത്യന്‍ വനിതകളുടെ മുന്നേറ്റം പ്രതീക്ഷയോടെയാണ് കേരള വനിത താരങ്ങള്‍ കാണുന്നത്

കൊച്ചി: ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യന്‍ വനിതകള്‍ ഹോക്കിയില്‍ മികച്ച മുന്നേറ്റം നടത്തിയതോടെ സംസ്ഥാന വനിതാ ഹോക്കി താരങ്ങളും പരിശീലകരും സന്തോഷത്തിലാണ്. വനിതാ ഹോക്കിയോടുള്ള അവഗണ അവസാനിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധിച്ചാല്‍ അടുത്ത ഒളിംപിക്‌സില്‍ കേരളത്തില്‍ നിന്ന് മികച്ച നിരവധി താരങ്ങളുണ്ടാകുമെന്നും ഇവര്‍ പറയുന്നു. 

ഹോക്കിയിലെ വനിതകളുടെ മുന്നേറ്റം പ്രതീക്ഷയോടെയാണ് കേരള വനിത താരങ്ങള്‍ കാണുന്നത്. ഹോക്കിയില്‍ നന്നായി കളിക്കുന്ന നിരവധി വനിതാ താരങ്ങള്‍ കേരളത്തിലുണ്ട്. എന്നാല്‍ ഇവരുടെ പരിശീലനത്തിന് കാര്യമായ സൗകര്യങ്ങളില്ല. മാത്രമല്ല, മറ്റ് കായികയിനങ്ങള്‍ക്ക് ലഭിക്കുന്ന പ്രോല്‍സാഹനം സ്‌കൂള്‍-കോളേജ് തലങ്ങളില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ചവര്‍ക്ക് പോലും കിട്ടുന്നില്ല എന്നാണ് കളിക്കാരും പരിശീലകരും പറയുന്നത്. 

നിലവില്‍ ഹോക്കിക്കുണ്ടായ ഉണര്‍വ് സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നാണ് പരിശീലകന്‍ ജോമോന്‍ ജേക്കബ് പറയുന്നത്. സ്‌കൂള്‍ തലത്തില്‍ എല്ലാ ജില്ലകളിലും പ്രത്യേക പരിശീലന ക്യാമ്പ് നടത്തി മികവുറ്റ താരങ്ങളെ കണ്ടെത്തണം. ഹോക്കി സ്റ്റിക്കടക്കമുള്ള കളിയുപകരണങ്ങളുടെ ഉയര്‍ന്ന വില താരങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇത് സൗജന്യമായി നല്‍കാനുള്ള നടപടി കായിക വകുപ്പിന്‍റെ ഭാഗത്തുനിന്നുണ്ടാകണം. 

ഹോക്കിയില്‍ താരങ്ങളെ തെരഞ്ഞെടുക്കുമ്പോള്‍ കളിയിലെ മികവ് മാത്രമായിരിക്കണം മാനദണ്ഡം. ഇതിന് വിരുദ്ധമായ ചില തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞ കാലങ്ങളില്‍ കളിയുടെ വിജയത്തെ ബാധിച്ചിട്ടുണ്ടെന്ന് താരങ്ങള്‍ക്ക് പരാതിയുണ്ട്. ശ്രദ്ധിച്ചാല്‍ അടുത്ത ഒളിംപിക്‌സിലെ വനിതാ ഹോക്കിയില്‍ സ്വര്‍ണം ഇന്ത്യയിലെത്തുമെന്ന് ഇവര്‍ ഉറപ്പ് പറയുന്നു. 

ഒളിംപിക്‌സ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ ഇക്കുറി ടോക്കിയോയില്‍ പുറത്തെടുത്തത്. തലനാരിഴയ്‌ക്ക് ഇന്ത്യക്ക് വെങ്കലം നഷ്‌ടമായി. വെങ്കലപ്പോരാട്ടത്തില്‍ വിസ്‌മയ തിരിച്ചുവരവിനൊടുവില്‍ ബ്രിട്ടനോട് 3-4ന് ഇന്ത്യ തോല്‍വി വഴങ്ങുകയായിരുന്നു. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം മൂന്ന് ഗോളടിച്ച് തിരിച്ചുവന്നതിന് ഒടുവിലാണ് ഇന്ത്യന്‍ വനിതകള്‍ തോല്‍വി സമ്മതിച്ചത്. വനിതകളുടെ പോരാട്ടവീര്യത്തെയും മികച്ച പ്രകടനത്തേയും വാഴ്‌ത്തുകയാണ് രാജ്യം. 

ദേശീയ ടീമിനെ സ്‌പോണ്‍സര്‍ ചെയ്യുന്ന സംസ്ഥാനം! ഒഡീഷയുടെ ഹോക്കി പ്രേമത്തിന്റെ കഥ

സ്വര്‍ണ മെഡലുമായി അച്ഛന്‍; വിമാനത്താവളത്തില്‍ സര്‍പ്രൈസൊരുക്കി രണ്ട് വയസുകാരി മകള്‍- വീഡിയോ

ഒളിംപിക്‌സിനായി രണ്ട് താരങ്ങളെ പ്രധാനമന്ത്രി സഹായിച്ചു, ഒരാള്‍ ചനു; വെളിപ്പെടുത്തി മണിപ്പൂര്‍ മുഖ്യമന്ത്രി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!