മാണിക്ക് ശേഷം ആര്? പാലാ വിധിയെഴുതി, ഇനി കാത്തിരിപ്പിന്‍റെ മൂന്നു നാള്‍

By Web TeamFirst Published Sep 23, 2019, 6:24 PM IST
Highlights

വിജയം സുനിശ്ചിതമെന്ന് മൂന്നു മുന്നണികളും ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതേസമയം, കേരളാകോണ്‍ഗ്രസിലെ തമ്മിലടിയും വിവാദവും പോളിംഗ് ദിനത്തിലും തുടര്‍ന്നു. വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍.
 

പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ 71.26 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാവിലെ കനത്ത പോളിംഗ് രേഖപ്പെടുത്തിയെങ്കിലും ഉച്ചയ്ക്കുശേഷം മഴ പെയ്തതോടെ കാര്യങ്ങള്‍ മന്ദഗതിയിലായി. വിജയം സുനിശ്ചിതമെന്ന് മൂന്നു മുന്നണികളും ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതേസമയം, കേരളാകോണ്‍ഗ്രസിലെ തമ്മിലടിയും വിവാദവും പോളിംഗ് ദിനത്തിലും തുടര്‍ന്നു. വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍.

രാവിലെ പോളിംഗ് തുടങ്ങിയപ്പോള്‍ ബൂത്തുകളിലൊക്കെ വോട്ടര്‍മാരുടെ നീണ്ട നിരയാണുണ്ടായിരുന്നത്. പത്തു മണിയായപ്പോഴേക്കും പോളിംഗ് ശതമാനം 20 കടന്നിരുന്നു. എന്നാല്‍, ആദ്യ മണിക്കൂറുകള്‍ പിന്നിട്ടതോടെ പോളിംഗ് മന്ദഗതിയിലായി. 

ഉച്ചയ്ക്കുശേഷം മഴ കനത്തതോടെ പലയിടത്തും വോട്ടര്‍മാരുടെ വരവ് കാര്യമായി കുറഞ്ഞു. വൈകുന്നേരം മൂന്നരയോടെ വോട്ടു ചെയ്തവരുടെ എണ്ണം ഒരു ലക്ഷം കടന്നു. രാവിലെ മോക് പോളിംഗ് സമയത്ത് മൂന്നിടത്ത് യന്ത്രത്തകരാറുണ്ടായി. കേടുപാടുകളെത്തുടര്‍ന്ന് ആറിടത്തെ വിവിപാറ്റ് മെഷീനുകള്‍ മാറ്റിസ്ഥാപിച്ചു. 

മുത്തോലി, പുലിയന്നൂര്‍ കലാനിലയം സ്കൂള്‍ എന്നിവിടങ്ങളിലെ ബൂത്തുകളില്‍ യന്ത്രത്തകരാര്‍ ഉണ്ടായതിനെത്തുടര്‍ന്ന് ഒരു മണിക്കൂറോളം പോളിംഗ് നിര്‍ത്തിവച്ചു. ഉരുളികുന്നത്ത് യന്ത്രത്തകരാര്‍ മൂലം പോളിംഗ് അരമണിക്കൂര്‍ തടസ്സപ്പെട്ടു. പാലാ നഗരസഭയിലെ 128ാം നമ്പര്‍ ബൂത്തില്‍ വയോധികന്‍റെ വോട്ട് ആളുമാറി ചെയ്തെന്നാരോപിച്ച് ഏജന്‍റുമാര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. പല ബൂത്തുകളിലും ആവശ്യത്തിന് വെളിച്ചമില്ലെന്ന് ആരോപിച്ച് ജോസ് കെ മാണി രംഗത്തെത്തി. തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഇടപെട്ട് ഒരു മണിക്കൂറിനകം പ്രശ്നം പരിഹരിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 77.25 ശതമാനമായിരുന്നു പാലായിലെ പോളിംഗ് നില. യുഡിഎഫിന്‍റെ ശക്തികേന്ദ്രമായ രാമപുരത്താണ് ഏറ്റവും കൂടിയ പോളിംഗ് രേഖപ്പെടുത്തിയത്. മൂന്നിലവ്, ഭരണങ്ങാനം, പാലാ നഗരസഭ എന്നിവിടങ്ങളിലും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തി. ഇവയും യുഡിഎഫിന് സ്വാധീനമുള്ള സ്ഥലങ്ങളാണ്. ഗ്രാമീണമേഖലയില്‍ പൊതുവേ കുറഞ്ഞ തോതിലാണ് പോളിംഗ് രേഖപ്പെടുത്തിയത്.

വിജയപ്രതീക്ഷയില്‍ മുന്നണികള്‍

പരമാവധി വോട്ടര്‍മാരെ പോളിംഗ് ബൂത്തുകളിലെത്തിച്ച് വിജയം ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് യുഡിഎഫിന്‍റെയും എല്‍ഡിഎഫിന്‍റെയും എന്‍ഡിഎയുടെയും അവകാശവാദം. എന്നാല്‍, കേരളാ കോണ്‍ഗ്രസിലെ പ്രശ്നങ്ങളെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ ഒരു വിഭാഗം യുഡിഎഫ് അനുഭാവികളെ വോട്ട് ചെയ്യുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചു എന്ന് വിലയിരുത്തലുകളുണ്ട്. ചെറിയതോതില്‍ അടിയൊഴുക്കുകള്‍ ഉണ്ടായിട്ടുണ്ടെന്ന് യുഡിഎഫ് ക്യാമ്പുകളില്‍ നിന്ന് തന്നെ അഭിപ്രായങ്ങളുയരുന്നുണ്ട്. അതേസമയം തന്നെ, ഈ പ്രശ്നങ്ങളൊന്നും ജോസ് ടോമിന്‍റെ വിജയം ഇല്ലാതാക്കുന്നതല്ലെന്നും യുഡിഎഫ് പ്രത്യാശ പ്രകടിപ്പിക്കുന്നു. കാല്‍ ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജോസ് ടോം വിജയിക്കുമെന്നാണ് യുഡിഎഫിന്‍റെ കണക്കുകൂട്ടല്‍.

യുഡിഎഫിന് പരമ്പരാഗതമായി ലഭിച്ചുവന്ന വോട്ടുകളില്‍ നല്ലൊരു ശതമാനവും ഇക്കുറി തങ്ങള്‍ക്കൊപ്പമായെന്നാണ് എല്‍ഡിഎഫിന്‍റെ കണക്കുകൂട്ടല്‍.  കേരളാ കോണ്‍ഗ്രസിലെ പ്രശ്നങ്ങളും അതേത്തുടര്‍ന്നുണ്ടായ ഈ അടിയൊഴുക്കുകളും മാണി സി കാപ്പന്‍റെ അട്ടിമറി വിജയം എളുപ്പത്തിലാക്കുമെന്നും എല്‍ഡിഎഫ് കണക്കുകൂട്ടുന്നു. പാലായില്‍ കെ എം മാണി തരംഗമില്ലെന്നും യുഡിഎഫിലെ പ്രശ്നങ്ങള്‍ ഇടതുമുന്നണിക്ക് ബോണസാണ് എന്നുമായിരുന്നു മാണി സി കാപ്പന്‍ ഇന്ന് പ്രതികരിച്ചത്. 

എന്‍ ഹരി വിജയിക്കുമെന്ന് എന്‍ഡിഎയും പ്രതീക്ഷ പ്രകടിപ്പിക്കുന്നു. നൂറു ശതമാനം വിജയം ഉറപ്പെന്ന പ്രതീക്ഷയാണുള്ളതെന്നാണ് എന്‍ ഹരി ഇന്ന് പ്രതികരിച്ചത്. 

ജോയ് എബ്രഹാമിന്‍റെ വിവാദപ്രസ്താവന

ഉപതെരഞ്ഞെടുപ്പിൽ പാർട്ടിയിൽ എല്ലാവരും ഒറ്റക്കെട്ടായി നിന്നിട്ടില്ലെന്ന് പി ജെ ജോസഫ് വിഭാഗം നേതാവ് ജോയ് എബ്രഹാം പറ‌ഞ്ഞത് തെരഞ്ഞെടുപ്പ് ദിനത്തിലും യുഡിഎഫിലെ പ്രശ്നങ്ങളുടെ പ്രതിഫലനമായി. ചിലർക്കൊക്കെ കുതന്ത്രവും കുടിലബുദ്ധിയുമായിരുന്നു. അതൊക്കെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രതിഫലിച്ചിട്ടുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്താവന. ഇതേത്തുടര്‍ന്ന് വിമര്‍ശനവും വിശദീകരണവും ന്യായീകരണവുമൊക്കെയായി നേതാക്കള്‍ രംഗത്തുവന്നു.

എക്സിറ്റ് പോള്‍ ഫലം രാത്രി 7.30ന്


ഏഷ്യാനെറ്റ് ന്യൂസും എ ഇസഡ് റിസര്‍ച്ച് പാര്‍ട്‍ണേഴ്‍സും ചേര്‍ന്ന് പാലായില്‍ നടത്തിയ സര്‍വ്വേഫലം ഇന്ന് രാത്രി എട്ടേകാലോടെ സംപ്രേഷണം ചെയ്യും. പ്രത്യേക പരിപാടി  വൈകീട്ട് 7.30ന്.
 

click me!