'രണ്ടില' വിട്ട് 'പ്രതിച്ഛായ'യിലെത്തി ജോസഫും ജോസും: പരിഹസിച്ച് പി സി ജോര്‍ജ്

By Web TeamFirst Published Sep 6, 2019, 12:24 PM IST
Highlights

കേരളാ കോണ്‍ഗ്രസ് എമ്മില്‍ പുതിയ തലവേദനയായി പാര്‍ട്ടി മുഖപത്രത്തിലെ ലേഖനം. അതേസമയം, നിഷയുടെ വേലക്കാരനെ സ്ഥാനാർത്ഥിയാക്കിയത് മറ്റുള്ളവരെ പേടിയുള്ളത് കൊണ്ടാണെന്ന് പി സി ജോർജിന്‍റെ പരിഹാസം.

പാലാ: സ്ഥാനാര്‍ത്ഥി നിര്‍ണയവും രണ്ടില ചിഹ്നവും സംബന്ധിച്ച കടമ്പകള്‍ ഒരുവിധം ചാടിക്കടന്ന കേരളാ കോണ്‍ഗ്രസ് എമ്മില്‍ പുതിയ തലവേദനയായി പാര്‍ട്ടി മുഖപത്രത്തിലെ ലേഖനം. പി ജെ ജോസഫിനെ രൂക്ഷമായി വിമര്‍ശിക്കുന്ന രീതിയിലുള്ള ലേഖനമാണ് പാര്‍ട്ടി മുഖപത്രമായ പ്രതിഛായയില്‍ പ്രസിദ്ധീകരിച്ചത്. ഇത് വിവാദമാവുകയും ജോസഫ് പക്ഷം  എതിര്‍പ്പുമായി രംഗത്തെത്തുകയും ചെയ്തതോടെ ലേഖനം തന്‍റെ അറിവോടെയല്ലെന്ന് പറഞ്ഞ് തലയൂരാനുള്ള ശ്രമമാണ് ജോസ് കെ മാണി നടത്തുന്നത്.

ശകുനം മുടക്കാന്‍ വഴിമുടക്കി നില്‍ക്കുന്നവര്‍ക്ക് വിഡ്ഢിയാകാനാണ് യോഗമെന്നായിരുന്നു ജോസഫിന്‍റെ പേരെടുത്തു പറയാതെയുള്ള പ്രതിഛായയിലെ വിമര്‍ശനം. ജോസ് കെ മാണിയുടെ പെരുമാറ്റം അപക്വമാണെന്നും പ്രതിച്ഛായയുടെ പ്രതിച്ഛായ നഷ്ടമായെന്നുമാണ്  പി ജെ ജോസഫ് ഇതിനോട് പ്രതികരിച്ചത്. ജോസ് കെ മാണിയുടെ അറിവോടെയാണ് പ്രതിച്ഛായയിൽ ലേഖനം വന്നത്. മുമ്പും തനിക്കും കോൺഗ്രസ് നേതാക്കൾക്കും എതിരെ ഇത്തരത്തിൽ ലേഖനങ്ങൾ വന്നിട്ടുണ്ട്. കെ എം മാണിയുടെ പക്വത ജോസ് കെ മാണിക്കില്ല. ഇതുകൊണ്ടൊന്നും താൻ പ്രകോപിതനാകില്ല. ഇത്തരം നീക്കങ്ങൾ സ്ഥാനാർത്ഥിയുടെ വിജയത്തിന് സഹായകരമാണോ എന്ന് അവർ ആലോചിക്കണമെന്നും ജോസഫ് പറഞ്ഞു.

എന്നാല്‍, ഇതിനു പിന്നാലെ പ്രതിച്ഛായയെ തള്ളി ജോസ് കെ മാണി രംഗത്തെത്തി. പ്രതിച്ഛായയിലെ ലേഖനം പാർട്ടി നിലപാടല്ല. ലേഖനമെഴുതിയ ആളോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇത്തരം പരാമർശം മുഖപത്രത്തില്‍ വരാൻ പാടില്ലായിരുന്നു. ആരെയും ഉദ്യേശിച്ചുള്ളതല്ല ലേഖനം. അഭിപ്രായ വ്യത്യാസങ്ങൾ വിവാദമാക്കാനില്ലെന്നും ജോസ് കെ മാണി പ്രതികരിച്ചു.

അതേസമയം, യു ഡി എഫ് സ്ഥാനാർത്ഥി ജോസ് ടോമസിനെ പരിഹസിച്ച് പി സി ജോർജ് രംഗത്തെത്തി. കെ എം മാണിയുടെ വീട്ടിലെ അടുക്കളക്കാരനാണ് ജോസ് ടോം. നിഷയുടെ വേലക്കാരനെ സ്ഥാനാർത്ഥിയാക്കിയത് മറ്റുള്ളവരെ പേടിയുള്ളത് കൊണ്ടാണെന്നും പി സി ജോർജ് അഭിപ്രായപ്പെട്ടു. 


 

click me!