സഭയിലും കരുത്തനായി പി ജെ ജോസഫ്; അടിതെറ്റി ജോസ് കെ മാണി

By Web TeamFirst Published Sep 27, 2019, 2:11 PM IST
Highlights

മാണിയുടെ മരണശേഷം പി ജെ ജോസഫ് നിയമസഭാ കക്ഷി നേതാവാകുന്നതിനോട് ജോസ് കെ മാണി വിഭാഗം പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പില്‍ തോറ്റതോടെ നിയമസഭയിലും പി ജെ ജോസഫ് വിഭാഗത്തിന് മേല്‍ക്കൈ. പാലായില്‍ തോറ്റതോടെ ജോസ് കെ മാണി വിഭാഗത്തിലെ  എംഎല്‍എമാരുടെ എണ്ണം വെറും രണ്ടായി ചുരുങ്ങി. അതേസമയം, ജോസഫ് വിഭാഗത്തിന് മൂന്ന് എംഎല്‍എമാരുണ്ട്. അതുകൊണ്ട് തന്നെ നിയമസഭയില്‍ ഇനി കേരള കോണ്‍ഗ്രസിന്‍റെ ശബ്ദമായി പി ജെ ജോസഫ് മാറും.  പാലായിലെ സീറ്റ് നഷ്ടമായതോടെ കേരള കോണ്‍ഗ്രസ്(എം)ന് നിയമസഭയില്‍ അഞ്ചംഗമായി ചുരുങ്ങിയതും പാര്‍ട്ടിക്ക് തിരിച്ചടിയായി. 

തൊടുപുഴയില്‍ പി ജെ ജോസഫ്, കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫ്, ചങ്ങനാശേരിയില്‍ സിഎഫ് തോമസ് എന്നിവരാണ് ജോസഫ് വിഭാഗത്തിലെ എംഎല്‍എമാര്‍. ഇടുക്കിയില്‍ റോഷി എം അഗസ്റ്റിന്‍, കാഞ്ഞിരപ്പള്ളിയില്‍ ഡോ. എന്‍ ജയരാജ് എന്നിവരാണ് ജോസ് കെ മാണി വിഭാഗത്തിലെ എംഎല്‍എമാര്‍. നേരത്തെ മാണിയുടെ വിശ്വസ്തനായിരുന്ന സിഎഫ് തോമസ്, മാണിയുടെ വിയോഗത്തിന് ശേഷമാണ് പരസ്യമായി ജോസഫിന് അനുകൂല നിലപാട് സ്വീകരിച്ചത്. പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കാതിരുന്ന നടപടിയെ സിഎഫ് തോമസ് അനുകൂലിച്ചിരുന്നു.

കെ എം മാണിയായിരുന്നു നിയമസഭയില്‍ കേരള കോണ്‍ഗ്രസ് എമ്മിന്‍റെ കക്ഷി നേതാവ്. എന്നാല്‍, മാണിയുടെ മരണശേഷം പി ജെ ജോസഫ് നിയമസഭാ കക്ഷി നേതാവാകുന്നതിനോട് ജോസ് കെ മാണി വിഭാഗം പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പി ജെ ജോസഫിനെ കക്ഷി നേതാവായി പ്രഖ്യാപിക്കണമെന്ന് മോന്‍സ് ജോസഫ് സ്പീക്കര്‍ക്ക് മേയില്‍ കത്ത് നല്‍കിയതിന് പിന്നാലെ, ഇതിനെ എതിര്‍ത്ത് റോഷി അഗസ്റ്റിനും സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. കേരള കോണ്‍ഗ്രസ്(എം) കക്ഷി നേതാവായിരുന്ന കെ എം മാണിയുടെ ഇരിപ്പിടം പി ജെ ജോസഫിന് നല്‍കണമെന്നും മോന്‍സ് ജോസഫ് കത്തിലൂടെ ആവശ്യപ്പെട്ടു. 

click me!