പാലാ പോര് കടുക്കുന്നു; ശബരിമല വിഷയമാക്കാൻ യുഡിഎഫും എൻഡിഎയും, വികസനം പറഞ്ഞ് ചെറുക്കാൻ എൽഡിഎഫ്

By Web TeamFirst Published Sep 14, 2019, 7:36 AM IST
Highlights

എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ സ്ഥാനാർഥികളുടെ വാഹന പ്രചാരണം ഇന്ന് തുടങ്ങും. പ്രളയ പുനരധിവാസത്തിലെ വീഴ്ചയും റബര്‍ വില സ്ഥിരതാ ഫണ്ട് നിലച്ചതും യുഡിഎഫ് ചര്‍ച്ചയാക്കും. കെ എം മാണിയുടെ കുത്തക മണ്ഡലത്തിലെ വെല്ലുവിളി, വികസന മുരടിപ്പെന്ന പ്രചാരണത്തിലൂടെ മറിടക്കാനാണ് ഇടത് ശ്രമം.

പാലാ: പാലായിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ഒരോ ദിവസവും കൂടുതൽ ശക്തമാക്കുകയാണ് മുന്നണികൾ. ശബരിമല വിഷയത്തിലേക്ക് തെരഞ്ഞെടുപ്പ് ചർച്ചകൾ കേന്ദ്രീകരിക്കാതിരിക്കാൻ തന്ത്രങ്ങളൊരുക്കുകയാണ് ഇടത് മുന്നണി. പാലാ കേന്ദ്രീകരിച്ചുള്ള വികസന പ്രശ്നങ്ങളും , യുഡിഎഫിലെ പ്രതിസന്ധികളും, സർക്കാരിന്റെ നേട്ടങ്ങളും മുഖ്യ വിഷയമാക്കിയാകും ഇടത് പ്രചാരണം. സര്‍ക്കാര്‍ വിരുദ്ധ വികാരം ഉയര്‍ത്താൻ ഉന്നമിട്ടുള്ള പ്രചാരണത്തിലേക്ക് മാറാനാണ് യുഡിഎഫിന്റെ നീക്കം.

ഹൃദയത്തില്‍ മാണി സാര്‍ നമുക്കൊപ്പം ജോസ് ടോം. ഇതായിരുന്നു രണ്ടില കിട്ടില്ലെന്ന് ഉറപ്പായപ്പോൾ മുതൽ യുഡിഎഫിന്‍റെ പ്രചാരണ വാചകം. കേരളാ കോണ്‍ഗ്രസ് തര്‍ക്കം മറികടക്കുന്നതിനൊപ്പം മാണി തരംഗം സൃഷ്ടിക്കാൻ ഉന്നമിട്ടായിരുന്നു യുഡിഎന്‍റെ ശ്രമം. എന്നാല്‍ രണ്ടില തര്‍ക്കത്തില്‍ തന്നെ ചര്‍ച്ചകള്‍ കേന്ദ്രീകരിച്ചു. താഴെ തട്ട് പ്രചാരണത്തെ ഇത് ബാധിക്കുകയും ചെയ്തു. മൂന്ന് തവണ തോറ്റ മാണി സി കാപ്പനോട് ചില വോട്ടർമാർക്കെങ്കിലും സഹതാപം ഉണ്ടെന്ന വിലയിരുത്തലും ഉണ്ടായി. യുവ വോട്ടര്‍മാരില്‍ ഒരു വിഭാഗത്തിന് പാലായില്‍ മാറ്റം വേണമെന്ന് അഭിപ്രായം ഉണ്ടെന്ന റിപ്പോര്‍ട്ടും ബൂത്ത് തല പ്രവര്‍ത്തകരില്‍ നിന്നും കിട്ടിയതോടെ പാലായിലെ വിഷയങ്ങളില്‍ പ്രചാരണം ഒതുക്കി നിര്‍ത്തിയാൽ മത്സരം കടുക്കുമെന്ന ആശങ്ക യുഡിഎഫ് ക്യാമ്പിലുണ്ടായി.ഈ സാഹച്യത്തിലാണ് യുഡിഎഫ് പ്രചാരണ തന്ത്രം മാറ്റുന്നത്.

ശബരിമല പ്രധാന പ്രചാരണ വിഷയമാക്കാനാണ് യുഡിഎഫ് നീക്കം. പ്രളയ പുനരധിവാസത്തിലെ വീഴ്ചയും റബര്‍ വില സ്ഥിരതാ ഫണ്ട് നിലച്ചതും ചര്‍ച്ചയാക്കും. പിഎസ് സി ക്രമക്കേടും ലൈഫ് പദ്ധതി നടത്തിപ്പിലെ മെല്ലപ്പോക്കും യുഡിഎഫ് ഉയര്‍ത്തും. സംസ്ഥാന നേതാക്കളെല്ലാം പിണറായി സര്‍ക്കാരിനെതിരായ വിഷയങ്ങളുയര്‍ത്തി വരുംദിവസങ്ങളില്‍ പാലയില്‍ പ്രചാരണത്തിനെത്തും. 

ശബരിമല പ്രശ്നം ഉയർത്തി പിണറായി സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ യുഡിഎഫും എൻഡിഎയും ഒരുപോലെ പ്രചാരണം ശക്തമാക്കുമെങ്കിലും ഈ കെണിയിൽ വീഴേണ്ടെന്നാണ് ഇടത് തീരുമാനം. ചർച്ചകൾ ഒഴിവാക്കി, വിശ്വാസികളെ മുറിവേൽപ്പിക്കാതെയുള്ള പ്രചാരണ രീതി സ്വീകരിക്കും. വോട്ടർമാർ വിഷയം ഉന്നയിച്ചാൽ, വിശ്വാസികൾക്ക് എതിരല്ലെന്ന് സിപിഎം പറയും. ഒപ്പം വിശ്വാസം സംരക്ഷിക്കണമെന്ന നിലപാട് പരസ്യമായി സ്ഥാനാർത്ഥി പറയും. ഈ തന്ത്രമാകും ഇടത് മുന്നണി പയറ്റുക.

കെ എം മാണിയുടെ കുത്തക മണ്ഡലത്തിലെ വെല്ലുവിളി, വികസന മുരടിപ്പെന്ന പ്രചാരണത്തിലൂടെ മറിടക്കാനാണ് ഇടത് ശ്രമം. അഴിമതിയും, കുടുംബവാഴ്ചയും ആയുധമാക്കും. മന്ത്രിമാരടക്കമുള്ള നേതാക്കൾ കുടുംബയോഗങ്ങളിലും വീടുകയറിയുള്ള പ്രചാരണങ്ങളിലും നേരിട്ടെത്തി വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ നേട്ടങ്ങൾ വിശദീകരിക്കും. ക്ഷേമ പെൻഷനുകൾ അടക്കമുള്ളവ നേട്ടങ്ങളായി ഉയർത്തിക്കാട്ടും. ഇങ്ങനെ എതിരാകുന്ന വിഷയങ്ങൾ വിട്ട്, ശത്രുവിന്റെ തട്ടകം പിടിക്കാൻ അടവ് മാറ്റി പയറ്റുകയാണ് ഇടത് മുന്നണി പാലായിൽ.

എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ സ്ഥാനാർഥികളുടെ വാഹന പ്രചാരണം ഇന്ന് തുടങ്ങും. രാവിലെ മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന്റെ വാഹന പ്രചാരണം ഉദ്‌ഘാടനം ചെയ്യും. മന്ത്രി എം എം മണി ഇടത് സ്ഥാനാർഥി മാണി സി കാപ്പന്റെ വാഹന പ്രചാരണത്തിന് തുടക്കമിടും. എൻഡിഎ സ്ഥാനാർഥി എൻ ഹരിയുടെ വാഹന പ്രചാരണവും ഇന്ന് തുടരും. 

കേരള കോൺഗ്രസിലെ പോരിനെ തുടർന്ന് പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് വിട്ട് നിന്ന പി ജെ ജോസഫ് ഇന്ന് പാലായിൽ ചേരുന്ന യുഡിഎഫ് യോഗത്തിനെത്തും. വൈകിട്ട് 7 മണിക്കാണ് യോഗം. മന്ത്രിമാരായ ജി സുധാകരൻ, സി രവീന്ദ്രനാഥ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ ഇന്ന് പാലായിൽ പ്രചാരണത്തിനെത്തുന്നുണ്ട്‌. 

click me!