കാടിളക്കിയുള്ള പ്രചാരണത്തിന് പകരം അടിത്തട്ട് പ്രചാരണം ശക്തമാക്കി എല്‍ഡിഎഫ്

By Web TeamFirst Published Sep 20, 2019, 6:09 AM IST
Highlights

അങ്ങനെ കണക്ക് കൂട്ടി നടത്തിയ പ്രചാരണം പാലയുടെ അടിത്തട്ട് ഇളക്കിയിട്ടുണ്ടെന്നാണ് ഇടത് വിലയിരുത്തൽ.

പാല: അവസാന ലാപ്പിലും കാടിളക്കിയുള്ള പ്രചാരണത്തിലേക്ക് കടക്കാതെ, താഴെത്തട്ടിൽ ശക്തമായ പ്രചാരണത്തിലാണ് ഇടത് മുന്നണി. മന്ത്രിപ്പടയെ ഇറക്കി പരമാവധി വോട്ടർമാരെ നേരിൽ കണ്ടാണ് വോട്ടഭ്യർത്ഥന. ശബരിമലയ്ക്ക് പകരം, അഴിമതിയിലേക്ക് ശ്രദ്ധയൂന്നാനാണ് ശ്രമം.

ഓരോ ബൂത്തിലും നൂറ് പേരിൽ താഴെ വോട്ടർമാരെ പങ്കെടുപ്പിച്ചുള്ള കുടുംബയോഗങ്ങൾ. വീടുകളിലേക്ക് പലതവണ എത്തിയ സ്ക്വാഡുകൾ. അഭിപ്രായ രൂപീകരണത്തിൽ പങ്കുള്ള ഓരോ പ്രദേശത്തേയും പ്രമുഖരെ നേരിൽ കണ്ട് മന്ത്രിമാർ. ഓരോ വിഭാഗങ്ങൾക്കും താൽപര്യമുള്ള നേതാക്കൾ അതാത് മേഖലകളിൽ പ്രചാരണത്തിനെത്തുന്നു. 

അങ്ങനെ കണക്ക് കൂട്ടി നടത്തിയ പ്രചാരണം പാലയുടെ അടിത്തട്ട് ഇളക്കിയിട്ടുണ്ടെന്നാണ് ഇടത് വിലയിരുത്തൽ. പോൾ ചെയ്യപ്പെടാൻ സാധ്യതയുള്ള 70 ശതമാനത്തിലേറെ വോട്ടർമാരെ നേരിൽ കണ്ടെന്നാണ് ഇടത് അവകാശവാദം. ശബരിമലയും നവോത്ഥാനവും തങ്ങളായിട്ട് ഉയര്‍ത്തേണ്ടെന്ന അടവ് അവസാന ലാപ്പിലും ഇടതു മുന്നണി മാറ്റുന്നില്ല

ന്യൂനപക്ഷ വോട്ട് സമാഹരിക്കാൻ നേതാക്കളും മന്ത്രിമാരും ബിഷപ്പിനെ കാണുന്നു. മന്ത്രിമാര്‍ മഠങ്ങളിലെത്തി വോട്ടു തേടുന്നു. മൂന്നു തവണ തോറ്റ മാണി സി കാപ്പനോട് ഇത്തവണ സഹതാപം കാട്ടണമെന്നാണ് വോട്ടര്‍മാരോടുള്ള അഭ്യര്‍ഥന. ഇടതു മുന്നണി ഭരിക്കുമ്പോള്‍ യുഡിഎഫ് ജയിച്ചാൽ പാലാലയ്ക്ക് ഗുണമില്ലെന്ന പ്രചാരണവും ഇടതു മുന്നണി നടത്തുന്നു.

click me!