
സെറീൻ ജോഷുവ
രണ്ടാം ഡോണൾഡ് ട്രംപ് സർക്കാർ ഒരു വർഷത്തോട് അടുക്കുന്നു. ഇതിനോടകം തന്നെ ദക്ഷിണേഷ്യയിലേയും കിഴക്കേ എഷ്യയിലെയും പ്രധാന പങ്കാളികളോടുള്ള ഡോണൾഡ് ട്രംപിന്റെ സമീപനം, ട്രംപ് 2.0 കാലത്ത് അമേരിക്കൻ നയതന്ത്രം എങ്ങനെ മാറിക്കഴിഞ്ഞിരിക്കുന്നു എന്നതിന്റെ വ്യക്തമായ ചിത്രം നൽകുന്നു.
ഏപ്രിലിലെ “ലിബറേഷൻ ഡേ” താരിഫുകളോടെ ആരംഭിച്ച താരിഫ് ഭീഷണികൾ, സഖ്യങ്ങളെ അകറ്റുന്ന സമീപനങ്ങൾ, ചർച്ചകൾ എന്നിങ്ങനെ അടുത്തിടെ പൂർത്തിയായ ഏഷ്യൻ പര്യടനവും പറയുന്നത് പങ്കാളിത്തത്തേക്കാൾ പ്രകടനത്തിനാണ് യു.എസ് നയതന്ത്രം പ്രാധാന്യം നൽകിയതെന്നാണ്.
മുൻ നയതന്ത്രജ്ഞർ ഇതിനെ “കൂടുതലും ഇടപാടുകളുടെ സ്വഭാവമുള്ളത്” എന്നാണ് വിശേഷിപ്പിക്കുന്നത്. പരസ്പര ബഹുമാനവും ഇരുപക്ഷത്തിനും ഗുണകരമായ ഫലങ്ങളും മുൻകാലങ്ങളിൽ അമേരിക്കൻ നയതന്ത്രത്തിന്റെ അടയാളമായിരുന്നുവെങ്കിൽ, ഇപ്പോൾ സ്വാധീനം നിർണ്ണയിക്കുന്നത് വ്യക്തിഗത സമീപനങ്ങളാണ്.
ട്രംപിന്റെ “ലിബറേഷൻ ഡേ” പ്രഖ്യാപനത്തിൽ, അമേരിക്കയുടെ മിക്ക വ്യാപാര പങ്കാളികൾക്കും 10 ശതമാനം മുതൽ 50 ശതമാനം വരെ താരിഫുകൾ ഏർപ്പെടുത്തി. ഇതിനെ തുടർന്ന് 50-ലധികം രാജ്യങ്ങൾ ചർച്ചകൾക്കായി ഓടിയെത്തി. ചൈനയും കാനഡയും പോലുള്ള വലിയ സമ്പദ്‌വ്യവസ്ഥകൾ 155 ബില്യൺ ഡോളർ മൂല്യമുള്ള അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് തുല്യമായ താരിഫുകൾ ഏർപ്പെടുത്തി. യൂറോപ്യൻ യൂണിയൻ വ്യാപാര യുദ്ധത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ചു. എന്നാൽ ജപ്പാൻ, മലേഷ്യ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ പ്രതികരണം വ്യത്യസ്തമായിരുന്നു.
ഓരോ രാജ്യങ്ങളുടെയും രാഷ്ട്രീയപ്രാധാന്യത്തിൽ ആരംഭിച്ച ചർച്ചകൾ, ഒക്ടോബർ ഉച്ചകോടികളിലേക്ക് എത്തിയപ്പോൾ, സാമ്പത്തിക ഇളവ് ഉറപ്പാക്കാനും ട്രംപിനെ സന്തോഷിപ്പിക്കാനുമായി തയാറാക്കിയ പ്രകടനങ്ങളായി മാറി.
ഇതിലൂടെ, നിലവിലെ അമേരിക്കൻ ഭരണകൂടത്തെ പ്രീതിപ്പെടുത്തുന്ന വ്യക്തിഗതമായ താൽപര്യങ്ങൾ അനുവദിച്ചുകൊടുക്കുന്ന നിർണായകമായ നയതന്ത്രമാണ് ദക്ഷിണേഷ്യയും കിഴക്കൻ ഏഷ്യയും പയറ്റിയത്.
സംവാദത്തിൽ നിന്ന് നിർദ്ദേശങ്ങളിലേക്ക്
രണ്ടാം കാലാവധിയുടെ തുടക്കത്തിൽ, ട്രംപിന്റെ ഏഷ്യൻ സഖ്യങ്ങളുമായുള്ള ബന്ധം സൗഹൃദപരമായിരുന്നു. ഫെബ്രുവരിയിൽ ജാപ്പനീസ് പ്രധാനമന്ത്രി ഇഷിബ നടത്തിയ സന്ദർശനം നല്ല സ്വീകരണം ലഭിച്ചതായിരുന്നു. രാജ്യങ്ങൾക്കിടയിലെ പതിറ്റാണ്ടുകളായുള്ള സൗഹൃദത്തെ ട്രംപ് പ്രശംസിക്കുകയും ചെയ്തു. ദക്ഷിണ കൊറിയയിലും മലേഷ്യയിലും സ്ഥിരതയുള്ള നയതന്ത്ര ഇടപെടലുകൾ തുടർന്നു. എന്നാൽ ഏപ്രിലിലെ താരിഫുകൾ, ചരിത്രപരമായ പങ്കാളിത്തങ്ങളാലോ സഖ്യങ്ങളാലോ മറച്ചുവയ്ക്കാൻ കഴിയാത്ത ഒരു തന്ത്രമാണ് ട്രംപ് പിന്തുടരുന്നതെന്ന് വ്യക്തമായി.
ഈ ഘട്ടത്തിൽ ട്രംപിന്റെ ആരോപണങ്ങളുടെ മാതൃക ഇതളായിരുന്നു -- ജപ്പാൻ അമേരിക്കൻ കാറുകളും അരിയും തടയുന്നു. അതേസമയം സൈനിക പിന്തുണ ലഭിച്ചിട്ടും ദക്ഷിണ കൊറിയ അമേരിക്കയേക്കാൾ നാലിരട്ടി ഉയർന്ന താരിഫുകൾ ഈടാക്കുന്നു.
ഇതിന് മറുപടിയായി, തിരിച്ചടിക്കുന്നത് സാഹചര്യം മെച്ചപ്പെടുത്തില്ലെന്ന് ദക്ഷിണ കൊറിയയുടെ ഇടക്കാല പ്രസിഡന്റ് ഹാൻ ഡക്ക്-സൂ തുറന്നുപറഞ്ഞു. പിന്നാലെ, ദക്ഷിണ കൊറിയൻ ഉദ്യോഗസ്ഥർ നിരന്തരം വാഷിംഗ്ടണിലെത്തി ഇളവ് തേടി.
അതുപോലെ, ഏപ്രിൽ 7-ന് ജപ്പാന്റെ സാമ്പത്തിക മന്ത്രി റ്യോസെയ് അകസാവയെ താരിഫ് ചർച്ചകളുടെ മുഖ്യഭാഗം ഏറ്റെടുത്തു. ലോക വ്യാപാര സംഘടനയുടെ നടപടികളിൽ ആശ്രയിക്കുന്നതിനു പകരം ഇളവുകൾ വഴിയുള്ള ആശ്വാസം ഉറപ്പാക്കാനായിരുന്നു ഉദ്യോഗസ്ഥരുടെ വാഷിംഗ്ടൺ യാത്രകൾ.
അമേരിക്കയുമായി ദീർഘകാല സഖ്യം ഇല്ലാത്ത മലേഷ്യ കൂടുതൽ നിസ്സഹായമായ നിലയിലായിരുന്നു. ട്രംപിന്റെ താരിഫുകൾ മലേഷ്യയുടെ ആഭ്യന്തര വളർച്ചയെ അസ്ഥിരമാക്കിയതിനെ തുടർന്ന്, മേയിൽ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കേണ്ടിവന്നു.
അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് മുമ്പ് തന്നെ സർക്കാരുകൾ “മേശയ്‌ക്കരികിൽ വേഗത്തിൽ എത്തി, ഇത് തീർത്ത്, പിന്നെ അതിനെ പ്രചാരണ വിഷയമാക്കി മടങ്ങാൻ” കൂടുതൽ ആഗ്രഹിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ചർച്ചകളെ ബിസിനസ് രീതിയിൽ കാണുന്ന ഈ സമീപനം, ദേശീയ താൽപ്പര്യങ്ങളും ദീർഘകാല പങ്കാളിത്തങ്ങളും സംരക്ഷിക്കുന്ന വിധത്തിൽ ആലോചിച്ച കരാറുകൾക്കു പകരം, ട്രംപിന്റെ “വേഗത്തിലുള്ള ഇടപാടുകൾ” എന്ന സമ്മർദ്ദത്തിന് രാജ്യങ്ങൾ വഴങ്ങുന്ന ഒരു മാറ്റത്തെ സൂചിപ്പിക്കുന്നു.
ജൂലൈയിൽ വിവിധ രാജ്യങ്ങൾക്ക് ട്രംപ് അയച്ച കത്തുകൾ സത്യത്തിൽ അന്ത്യശാസനങ്ങളായിരുന്നു. ബന്ധത്തിന്റെ സ്വഭാവം അനുസരിച്ച് താരിഫുകൾ “കൂടുകയോ കുറയുകയോ ചെയ്യാം” എന്ന മുന്നറിയിപ്പോടെയാണ് നിരക്കുകൾ അവയിൽ നിർദ്ദേശിച്ചത്. വ്യാപാര കമ്മി അമേരിക്കൻ സമ്പദ്‌വ്യവസ്ഥക്കും പ്രത്യേകിച്ച് ദേശീയ സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്ന് ഓരോ കത്തിലും അദ്ദേഹം വിശേഷിപ്പിച്ചു.
പങ്കാളിത്തത്തിൽ നിന്ന് പ്രകടനത്തിലേക്ക്
വർഷാവസാനത്തോടെ ട്രംപ് ദക്ഷിണേഷ്യയിലേക്കും കിഴക്കേ ഏഷ്യയിലേക്കും നടത്തിയ യാത്രകൾക്ക് മുമ്പ് തന്നെ, അനുകൂല നിബന്ധനകൾ നേടാൻ ട്രംപിനെ വാഴ്ത്തുന്നത് അനിവാര്യമാണെന്ന് ഈ മൂന്ന് രാജ്യങ്ങളും തിരിച്ചറിഞ്ഞു. ട്രംപിന്റെ ആറു ദിവസത്തെ ഏഷ്യാ പര്യടനം ഇതിന് ഉദാഹരണമായിരുന്നു.
ഈ രാജ്യങ്ങളുടേത് തന്ത്രപരമായ പ്രതികരണമായിരുന്നു. ചൈനയുടെ വർധിച്ചുവരുന്ന ഭീഷണി, ക്ഷയിക്കുന്ന ലോക വ്യാപാര സംഘടനാ സംവിധാനങ്ങൾ, അമേരിക്കൻ വിപണിയെ സാമ്പത്തികമായി ആശ്രയിക്കുന്നത് എന്നിവ, ട്രംപിനെ പ്രീതിപ്പെടുത്തുകയല്ലാതെ മറ്റു വഴികളില്ലെന്ന് ഈ രാജ്യങ്ങളെ തോന്നിപ്പിച്ചു.
ദക്ഷിണ കൊറിയയിൽ ട്രംപിന്റെ വരവ്, എയർഫോഴ്‌സ് വണ്ണിനെ അനുഗമിച്ച യുദ്ധവിമാനങ്ങൾ, 21-തോക്കുകളുടെ അഭിവാദനത്തിനിടെ YMCA സംഗീതം അവതരിപ്പിച്ച സൈനിക ബാൻഡുകൾ, സില്ലാ കാലഘട്ടത്തിലെ സ്വർണ്ണകിരീടത്തിന്റെ പകർപ്പും രാജ്യത്തിന്റെ പരമോന്നത ബഹുമതിയും ട്രംപിന് സമ്മാനിച്ചതുമൊക്കെയായി ശ്രദ്ധേയമായി. ട്രംപിന്റെ സൗന്ദര്യബോധത്തിന് അനുസരിച്ച്, പ്രസിഡന്റ് ലീ പ്രത്യേകമായി തയ്യാറാക്കിയ സ്വർണ്ണ നിറത്തിലുള്ള ടൈ ധരിക്കുകയും ചെയ്തു.
ജപ്പാനിൽ, സ്വർണ്ണാഭരണങ്ങളാൽ അലങ്കരിച്ച കൊട്ടാര മുറികളിൽ ട്രംപിനെ സ്വീകരിച്ചു. പ്രധാനമന്ത്രി ടകൈച്ചി തന്റെ ഗുരുവായ അന്തരിച്ച പ്രധാനമന്ത്രി ഷിൻസോ ആബെയെ സ്മരിച്ച് “ബന്ധങ്ങളുടെ സ്വർണ്ണകാലം” പ്രതീകാത്മകമായി അവതരിപ്പിച്ചു. അമേരിക്കൻ അരിയും ബീഫും ഉൾപ്പെടുത്തിയ സൂക്ഷ്മമായി തയ്യാറാക്കിയ ഉച്ചഭക്ഷണത്തിനിടെ, ജപ്പാന്റെ നിക്ഷേപങ്ങൾ കാണിക്കുന്ന ഒരു ഭൂപടവും ട്രംപിന് സമ്മാനിച്ചു.
മലേഷ്യയിൽ റൺവെയിൽ ട്രംപ് നൃത്തം ചെയ്തതുതന്നെ, അവിടെ ലഭിച്ച സ്വീകരണം എത്രമാത്രം ഫലപ്രദമായിരുന്നുവെന്ന് ചുരുക്കി പറയുന്നു. പ്രധാനമന്ത്രി ഇബ്രാഹിം, പ്രോട്ടോക്കോൾ ലംഘിച്ച് ട്രംപിന്റെ ലിമുസിനിൽ ഒപ്പം യാത്ര ചെയ്തു.
ഇവ വെറും അലങ്കാരങ്ങൾ മാത്രമല്ല; വിശ്വസ്തതയ്ക്ക് വലിയ വില നൽകുന്ന ഒരു പ്രസിഡന്റിനെ നേരിടുന്നതിനുള്ള ആഴത്തിലുള്ള കണക്കുകൂട്ടലുകളുടെ ഭാഗമായിരുന്നു. ട്രംപ് 2.0 കാലഘട്ടത്തിൽ, പ്രദർശനം തന്നെ ഏറ്റവും മൂല്യമുള്ളതായി മാറുന്നു.
ഉച്ചകോടിക്ക് ശേഷം ട്രംപ് പ്രശംസകൾകൊണ്ട് മൂടി. ജപ്പാനെ ഏതുസമയത്തും സഹായിക്കാമെന്ന് അദ്ദേഹം പറഞ്ഞു, ടകൈച്ചിയുമായി അതുല്യമായ ബന്ധം വാഗ്ദാനം ചെയ്തു. ജപ്പാൻ 15 ശതമാനം താരിഫ് നിരക്ക് നിലനിർത്താനും, 550 ബില്യൺ ഡോളർ നിക്ഷേപ ധാരണാപത്രം വീണ്ടും ഉയർത്തിപ്പിടിക്കപ്പെടാതിരിക്കാൻ ഉറപ്പാക്കാനും, പുതിയ ഒരു ഖനന കരാറിൽ ഒപ്പിടാനും കഴിഞ്ഞു.
മലേഷ്യയെ ഒരു മികച്ച രാജ്യമെന്ന് ട്രംപ് വിശേഷിപ്പിച്ചു. രാജ്യത്തിന് 19 ശതമാനം താരിഫ് പരിധി കരാറിലൂടെ ഉറപ്പിക്കുകയും, 1,711 താരിഫ് വിഭാഗങ്ങൾക്ക് പൂജ്യം ശതമാനം നിരക്ക് ലഭിക്കുകയും ചെയ്തു.
ദക്ഷിണ കൊറിയ സന്ദർശനത്തെ ട്രംപ് ഒരു മികച്ച യാത്രയായി വിശേഷിപ്പിച്ചു. ദീർഘകാല ചർച്ചകൾക്ക് ശേഷം, 25 ശതമാനത്തിൽ നിന്ന് 15 ശതമാനമായി താരിഫ് കുറയ്ക്കാനും കഴിഞ്ഞു. പ്രതിവർഷം 20 ബില്യൺ ഡോളർ നാണ്യ നിക്ഷേപവും, അമേരിക്കൻ കപ്പൽ നിർമ്മാണത്തിനായി 150 ബില്യൺ ഡോളറും നൽകാൻ ദക്ഷിണ കൊറിയ സമ്മതിച്ചു.
സഖ്യങ്ങളെ താരിഫിലാക്കുമ്പോൾ
കഴിഞ്ഞ ഒരു വർഷത്തിനിടെ ട്രംപിന്റെ നയതന്ത്രത്തിലെ പ്രധാന സവിശേഷത, ജപ്പാൻ, ദക്ഷിണ കൊറിയ, മലേഷ്യ എന്നിവരുമായി അമേരിക്കയുടെ ബന്ധങ്ങളെ താരിഫുകൾ എങ്ങനെ മുഴുവനായി കീഴടക്കിയെന്നതാണ്. സുരക്ഷ, പ്രാദേശിക സ്ഥിരത, സാങ്കേതികവിദ്യ, പങ്കുവെയ്ക്കുന്ന ജനാധിപത്യ മൂല്യങ്ങൾ തുടങ്ങിയ മേഖലകളിലെ തന്ത്രപരമായ സഹകരണത്തെ വിപുലീകരിക്കുകയെന്ന ലക്ഷ്യമുണ്ടായിരുന്ന നയങ്ങൾ, താരിഫ് ഇളവ് ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളുടെ നിഴലിലായി. പരമ്പരാഗത സഖ്യങ്ങൾ പലതലത്തിലുള്ള സഹകരണത്തിലൂന്നിയിരുന്നുവെങ്കിൽ, ട്രംപ് 2.0 കാലഘട്ടത്തിലെ ചർച്ചകൾ താരിഫുകളിലേക്കും അവ ഒഴിവാക്കാൻ രാജ്യങ്ങൾ എന്ത് ചെയ്യണം എന്നതിലേക്കുമാണ് ചുരുങ്ങിയത്.
ഏഷ്യയിലെ ഈ ഉച്ചകോടികൾ, മാസങ്ങളോളം നീണ്ട അനിശ്ചിത ചർച്ചകളിലൂടെ ഈ രാജ്യങ്ങൾ തിരിച്ചറിഞ്ഞ സത്യം കൂടുതൽ ഉറപ്പിച്ചു. ട്രംപിനൊപ്പം സ്ഥിരതയുള്ള നയ ചർച്ചകൾ അപൂർവമായിട്ടേ ഫലപ്രദമായിരുന്നുള്ളൂ. സ്വർണ്ണകിരീടങ്ങളും പ്രത്യേക ടൈകളും വ്യക്തിഗത സമ്മാനങ്ങളും, ട്രംപിന്റെ പ്രശംസാപ്രിയതയോടും ആഡംബരത്തോടുമുള്ള പ്രതികരണശീലത്തെ മനസ്സിലാക്കി തയ്യാറാക്കിയ തന്ത്രപരമായ നീക്കങ്ങളായിരുന്നു. താരിഫ് രാജാവെന്ന നിലയിൽ അദ്ദേഹത്തിന്റെ അധികാരം പൊതുവേദികളിൽ ദൃശ്യമായി പ്രദർശിപ്പിക്കുന്ന ഇത്തരം പ്രകടനങ്ങളിലൂടെ, ശിക്ഷകനിൽ നിന്ന് സംരക്ഷകനിലേക്കുള്ള ട്രംപിന്റെ മനോഭാവം മാറ്റാൻ എളുപ്പമാകുന്നു.
ഭരണത്തിന്റെ രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ, കൂട്ടായ ചർച്ചകളും നിയമാധിഷ്ഠിത ഇടപെടലുകളും പ്രോത്സാഹിപ്പിക്കുന്ന ASEAN പോലുള്ള പ്രാദേശിക ഘടനകൾ ദുർബലമാകുമെന്ന് പ്രതീക്ഷിക്കാം. വ്യക്തിഗത കരാറുകൾ വഴി വാഷിംഗ്ടണിന്റെ പ്രീതി നേടാൻ രാജ്യങ്ങൾ തിരക്കുകൂട്ടുന്നതിനിടെ, സുരക്ഷയോ കാലാവസ്ഥയോ പോലുള്ള വെല്ലുവിളികൾക്ക് ഭാവിയിൽ ഏകോപിതമായ പ്രാദേശിക പ്രതികരണങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതൽ മങ്ങിക്കൊണ്ടിരിക്കുന്നു.
സെറീൻ ജോഷുവ കാർണെഗി ഇന്ത്യയിലെ സെക്യൂരിറ്റി സ്റ്റഡീസ് പ്രോഗ്രാമുമായി ബന്ധപ്പെട്ട ഒരു യുവ അംബാസഡറാണ്. അശോക യൂണിവേഴ്‌സിറ്റിയിൽ നിന്ന് സമൂഹശാസ്ത്രത്തിൽ ബിരുദവും അന്താരാഷ്ട്ര ബന്ധങ്ങളിൽ മൈനർബിരദവുമുണ്ട് കോയ്റ്റ സെന്റർ ഫോർ ഡിജിറ്റൽ ഹെൽത്തിലും കോമൺവെൽത്ത് ഹ്യൂമൻ റൈറ്റ്സ് ഇനിഷ്യേറ്റീവിലും അവർ മുമ്പ് ഗവേഷണ സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ കേന്ദ്രീകരിച്ചായിരുന്നു അവരുടെ ഗവേഷണം. ആരോഗ്യനയവും RTI പരിഷ്‌കരണവും ഉൾപ്പെടെയുള്ള മേഖലകളിൽ സുതാര്യതയും പൊതുജനാരോഗ്യ സേവന വിതരണവും അവർ പഠനവിധേയമാക്കി.