
തൃശ്ശൂർ ആസ്ഥാനമായുള്ള ഐസിഎൽ ഗ്രൂപ്പ് വിദ്യാഭ്യാസ മേഖലയിലേക്ക് ചുവടുവെക്കുന്നു.
ദേശീയ-അന്തർദേശീയ നിലവാരത്തിലുള്ള വിദ്യാഭ്യാസവും മത്സരപരീക്ഷാ പരിശീലനവും കുറഞ്ഞ ചെലവിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തൃശ്ശൂരിൽ ICL അക്കാദമി പ്രവർത്തനം തുടങ്ങി.
പ്രവേശനപരീക്ഷാ പരിശീലനം, ദേശീയ ഒളിമ്പ്യാഡുകൾ, അന്തർദേശീയ സർവകലാശാല പ്രവേശനപരീക്ഷകൾ, സ്കോളർഷിപ്പ് പദ്ധതികൾ, കരിയർ ഗൈഡൻസ്, ടീച്ചർ ട്രെയിനിംഗ് എന്നിവ ഇവിടെ നൽകും. ഘട്ടംഘട്ടമായി അക്കാദമിയെ രാജ്യവ്യാപകമാക്കാനും പദ്ധതിയുണ്ടെന്ന് ഐസിഎൽ ഗ്രൂപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
NEET, JEE Main, JEE Advanced, KEAM, CUET തുടങ്ങിയ ദേശീയ-സംസ്ഥാനതല പ്രവേശനപരീക്ഷകൾക്കൊപ്പം വിദേശ സർവകലാശാലകളിലേക്കുള്ള പ്രവേശനത്തിന് വഴിയൊരുക്കുന്ന SAT, ACT പരീക്ഷകൾക്കും അക്കാദമി പരിശീലനം നൽകും.
ലോകമെമ്പാടുമുള്ള വിദ്യാർഥികൾക്കായി പ്രമുഖ അന്താരാഷ്ട്ര സർവകലാശാലകളുമായി സഹകരിച്ചുള്ള യൂണിവേഴ്സിറ്റി പഠനപ്രോഗ്രാമുകളും ബിരുദ പാതകളും (Degree Pathways) ഒരുക്കും. ഇതിനായി ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ നിന്നും UAE, സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിൽ നിന്നുമുള്ള പരിചയസമ്പന്നരായ അധ്യാപകരുടെയും വിഷയവിദഗ്ധരുടെയും സേവനം കേരളത്തിൽ ലഭ്യമാക്കും. മികച്ച പരിശീലനത്തിനായി വിദ്യാർഥികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ട സാഹചര്യം ഒഴിവാക്കി ആഗോള നിലവാരത്തിലുള്ള അധ്യാപനരീതികളും പരിശീലനസാമഗ്രികളും ആധുനിക സാങ്കേതികവിദ്യയും കേരളത്തിൽ തന്നെ ഉറപ്പാക്കുകയാണ് ലക്ഷ്യം. – ഐസിഎൽ ഗ്രൂപ്പ് പറയുന്നു.
വിദ്യാർഥികളിൽ ശാസ്ത്രീയ ചിന്തയും ഗണിതശേഷിയും വിശകലന മികവും വളർത്തുന്നതിനായി ICL Dreamthem Olympiad പരീക്ഷകളും പരിശീലന പരിപാടികളും സംഘടിപ്പിക്കും. IQQM, NSEJS ഉൾപ്പെടെയുള്ള ദേശീയതല ഒളിമ്പ്യാഡുകൾക്കും ചെറുപ്രായം മുതൽ കുട്ടികളെ സജ്ജരാക്കുന്ന ഫൗണ്ടേഷൻ കോഴ്‌സുകൾക്കും അക്കാദമി മുൻഗണന നൽകും.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കഴിവുറ്റ വിദ്യാർഥികൾക്കായി വിപുലമായ സ്കോളർഷിപ്പ് പദ്ധതികളും, അക്കാദമിക് സാങ്കേതികവിദ്യ ഉൾപ്പെടുത്തിയ Teacher Training & Empowerment Programmes മുഖേന അധ്യാപക ശാക്തീകരണവും നടപ്പാക്കും. പ്രമുഖ വിദ്യാഭ്യാസ സ്ഥാപന ശൃംഖലയായ PSK എഡ്യുവെഞ്ചേഴ്‌സിനെ (PSK Eduventures) ICL ഗ്രൂപ്പ് പൂർണമായി ഏറ്റെടുത്തതിനെ തുടർന്ന്, എൻട്രൻസ് പരിശീലകൻ PSK സുരേഷ് കുമാറിന്റെ അക്കാദമിക് നേതൃത്വത്തിലാണ് ICL അക്കാദമിയുടെ പാഠ്യപദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്.
വർഷങ്ങളായി ധനകാര്യ സേവന രംഗത്ത് വിശ്വസ്ത സേവനം നൽകുന്ന ICL ഗ്രൂപ്പ്, ഇന്ത്യയിലും യു.എ.ഇയിലുമായി വിപുലമായ ശൃംഖലയുള്ള ഒരു സംരംഭമാണ്. ഫ്ലാഗ്ഷിപ്പ് കമ്പനിയായ ICL ഫിൻകോർപ്പ്, ICL Tours & Travels, ICL Medilab, Tuline Designer Boutique, Kichappus Entertainments എന്നിവയും ഗ്രൂപ്പിന്റെ ഭാഗമാണ്. ICL Aviation Pvt. Ltd., ICL IT Innovations Pvt. Ltd. എന്നീ പുതിയ സംരംഭങ്ങളും ഉടൻ ആരംഭിക്കുമെന്ന് ഐസിഎൽ ഗ്രൂപ്പ് പറയുന്നു.
"ICL ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധതയിലൂന്നിയ പുതിയൊരു ചുവടുവെപ്പാണ് ICL അക്കാദമി. കേരളത്തിൽ നിന്ന് ആരംഭിക്കുന്ന സേവനങ്ങൾ കേരളമൊട്ടാകെയും തുടർന്ന് ദക്ഷിണേന്ത്യയിലേക്കും രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്കും വ്യാപിപ്പിച്ച് അക്കാദമിയെ വിദ്യാഭ്യാസരംഗത്തെ അഖിലേന്ത്യാ ബ്രാൻഡായി വളർത്തും.
ഇന്ത്യയിലുടനീളം പ്രമുഖ ഇന്റർനാഷണൽ സ്കൂളുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്. സാമ്പത്തിക പ്രയാസങ്ങൾ കാരണം ഒരു കുട്ടിയുടെയും പഠനം മുടങ്ങരുതെന്ന ലക്ഷ്യത്തോടെ വിപുലമായ സ്കോളർഷിപ്പ് പദ്ധതികളും ഞങ്ങൾ ഇതിനൊപ്പം നടപ്പിലാക്കുന്നുണ്ട്." – വാർത്താക്കുറിപ്പിൽ ഐസിഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ. ജി. അനിൽ കുമാർ അറിയിച്ചു.