
കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിന്റെ (കെ.എസ്.എഫ്.ഇ.) പുതിയ മാനേജിങ് ഡയറക്ടറായി അഭിലാഷ് പി.എൻ. തൃശൂരിലെ ആസ്ഥാനത്ത് ചുമതലയേറ്റു.
ബാങ്കിങ്-ധനകാര്യ സേവന രംഗത്ത് രണ്ട് പതിറ്റാണ്ടിന്റെ പരിചയസമ്പത്തുള്ള അഭിലാഷ് പുരുഷോത്തമൻ, കൊല്ലം ചടയമംഗലം സ്വദേശിയാണ്.
ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ തിരുവനന്തപുരം സോണൽ ഓഫീസിൽ സെയിൽസ് വിഭാഗം റീജിയണൽ മേധാവിയായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം, ധനലക്ഷ്മി ബാങ്ക്, എച്ച്.ഡി.എഫ്.സി. ബാങ്ക്, ശ്രീരാം ട്രാൻസ്പോർട്ട് ഫിനാൻസ് എന്നീ സ്ഥാപനങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
പുതിയ എം.ഡിയുമായുള്ള ചർച്ചയേത്തുടർന്ന് സെപ്റ്റംബർ 24, 25 തീയതികളിൽ കെ.എസ്.എഫ്.ഇ തൊഴിലാളി സംഘടനകൾ നടത്താനിരുന്ന രാപ്പകൽ സമരം താൽക്കാലികമായി മാറ്റിവെക്കാൻ തീരുമാനിച്ചു.
എ.കെ. ബാലൻ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചകളുടെയും സംഘടനകൾ നൽകിയ കത്തിന്റെയും അടിസ്ഥാനത്തിൽ, ചുമതലയേറ്റ ദിവസം തന്നെ അദ്ദേഹം രണ്ട് സംഘടനകളുടെയും ജനറൽ സെക്രട്ടറിമാരെ എം.ഡി ചർച്ചയ്ക്കായി ക്ഷണിച്ചു.
കെ.എസ്.എഫ്.ഇ.എ, കെ.എസ്.എഫ്.ഇ.ഒ.യു ജനറൽ സെക്രട്ടറിമാരുമായി അദ്ദേഹം രണ്ടു മണിക്കൂറോളം ചർച്ച നടത്തി. സ്ഥാപനത്തിന്റെ പൊതുവായ സ്ഥിതിയും നിലവിലെ പ്രത്യേക സാഹചര്യങ്ങളും ഭാരവാഹികൾ അദ്ദേഹത്തെ ധരിപ്പിച്ചു. സംഘടനകൾ ഉന്നയിച്ച വിഷയങ്ങൾ ഗൗരവത്തോടെ കേട്ട എം.ഡി., വളരെ പോസിറ്റീവായ സമീപനമാണ് സ്വീകരിച്ചതെന്ന് നേതാക്കൾ പറഞ്ഞതായി കെ.എസ്.എഫ്.ഇ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ചുമതലയേറ്റു മണിക്കൂറുകൾ മാത്രമേ ആയിട്ടുള്ളൂവെന്നും കാര്യങ്ങൾ പഠിക്കാൻ അൽപ്പം സമയം അനുവദിക്കണമെന്നും സമരപരിപാടികളിൽ നിന്നും താൽക്കാലികമായി വിട്ടുനിൽക്കണമെന്നും എം.ഡി ആവശ്യപ്പെട്ടു. ട്രേഡ് യൂണിയൻ ചർച്ച ഉടൻ വിളിക്കാമെന്നും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ട കാര്യങ്ങൾ മുഖ്യമന്ത്രിയുമായി സംസാരിക്കാമെന്നും അദ്ദേഹം ഉറപ്പുനൽകി.
ഇതിന്റെ അടിസ്ഥാനത്തിലാണ് സമരം മാറ്റിവെക്കാൻ തീരുമാനമായത്. മാനേജ്‌മെന്റുമായി നടത്തുന്ന ഔദ്യോഗിക ട്രേഡ് യൂണിയൻ ചർച്ചയ്ക്ക് ശേഷം തുടർ സമരപരിപാടികൾ ആലോചിക്കുമെന്നാണ് കെ.എസ്.എഫ്.ഇയെ തൊഴിലാളി സംഘടനകൾ അറിയിച്ചത്.