സൂപ്പർ ലീഗ് കേരള സീസൺ 3 സെപ്റ്റംബർ 25 മുതൽ; ആദ്യ മത്സരം കണ്ണൂരിൽ

Published : Sep 21, 2026, 05:03 PM IST
Super League Kerala Season 3

Synopsis

മാറ്റങ്ങളോടെയാണ് പുതിയ സീസൺ എത്തുന്നത്. സീ എന്റർടെയ്ൻമെന്റ് സംപ്രേഷണ പങ്കാളി. യു.എ.ഇയിലും ലൈവ് ആയി കളി കാണാം. ലീഗ് ഘട്ടത്തിൽ ഒന്നാമതെത്തുന്ന ടീമിന് പ്രത്യേക ഷീൽഡ്.

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസൺ സെപ്റ്റംബർ 25 മുതൽ. നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്‌സ് എഫ്.സി യും തൃശൂർ മാജിക് എഫ്.സിയും തമ്മിൽ കണ്ണൂർ ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം.

മാറ്റങ്ങളോടെയാണ് പുതിയ സീസൺ എത്തുന്നത്. ലീഗ് ഘട്ടത്തിൽ ഒന്നാമത് എത്തുന്ന ടീമിന് സൂപ്പർ ലീഗ് കേരള ഷീൽഡ് ലഭിക്കും. മത്സരങ്ങളുടെ എണ്ണം 33-ൽ നിന്ന് 35 ആയി ഈ സീസണിൽ വർദ്ധിപ്പിച്ചു. ഹോം, എവേ ഫോർമാറ്റിൽ സെമി ഫൈനലുകളുമുണ്ട്. ലീഗ് ഘട്ടത്തിലെ മത്സരങ്ങൾ 90 മിനിറ്റിനു ശേഷം സമനിലയിൽ അവസാനിച്ചാൽ നേരെ പെനാൽറ്റി ഷൂട്ടൗട്ടാണ്. പുതിയ 3-2-1 പോയിന്റ് ഘടന പ്രകാരം 90 മിനിറ്റിൽ വിജയിക്കുന്ന ടീമിന് 3 പോയിന്റും, പെനാൽറ്റി ഷൂട്ടൂട്ടിൽ വിജയിക്കുന്ന ടീമിന് 2 പോയിന്റും (തോൽക്കുന്ന ടീമിന് 1 പോയിന്റ്) ലഭിക്കും. നോക്കൗട്ട് മത്സരങ്ങളിൽ പതിവുപോലെ എക്‌സ്ട്രാ ടൈമും അതിനുശേഷം പെനാൽറ്റിയും ഉണ്ടായിരിക്കും.

സീ എന്റർടെയ്ൻമെന്റാണ് ഈ സീസണിലെ ഔദ്യോഗിക സംപ്രേഷണ പങ്കാളി. എല്ലാ മത്സരങ്ങളും സീ5 ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലും യുനൈറ്റ് 8 സ്‌പോർട്‌ലിലും ലൈവ് ആയി കാണാൻ സാധിക്കും. യു.എ.ഇയിലും സംപ്രേഷണമുണ്ട്. എത്തിസലാത് ആണ് പങ്കാളി.

ഉദ്ഘാടന മത്സരത്തിന്റെ ആദ്യ പകുതിക്ക് ശേഷം റാപ്പർ ഡബ്സിയുടെ ലൈവ് പ്രകടനം ഉണ്ടാകും. സീസണിലെ മറ്റു പ്രധാന മത്സരങ്ങളിലും ഹാഫ് ടൈം ഷോകൾ ഉണ്ടാകും.

അമുൽ, വൈറ്റ് ഗോൾഡ് ബ്രാൻഡുകളാണ് പുതിയ സീസണിന്റെ പ്രായോജകർ.

കാലിക്കറ്റ് എഫ്.സി, ഫോഴ്‌സ കൊച്ചി എഫ്.സി, കണ്ണൂർ വാരിയേഴ്‌സ് എഫ്.സി, മലപ്പുറം എഫ്.സി, തിരുവനന്തപുരം കൊമ്പൻസ് എഫ്.സി, തൃശൂർ മാജിക് എഫ്.സി ടീമുകളാണ് സീസണിൽ പങ്കെടുക്കുന്നത്.

മൊത്തം 162 താരങ്ങൾ പങ്കെടുക്കും. ഇതിൽ 17 രാജ്യങ്ങളിൽ നിന്നുള്ള 34 അന്താരാഷ്ട്ര താരങ്ങളുമുണ്ട്. ഒപ്പം 'പ്രൊജക്റ്റ് ഗെയിം ചേഞ്ചർ' പദ്ധതിയുടെ ഭാഗമായ താരങ്ങളും വിവിധ ക്ലബ്ബുകളിൽ ഇടം നേടിയിട്ടുണ്ടെന്ന് വാർത്താ സമ്മേളനത്തിൽ സൂപ്പർ ലീഗ് കേരള ഡയറക്ടറും സി.ഇ.ഒയുമായി മാത്യു ജോസഫ്, മാനേജിങ് ഡയറക്ടർ ഫിറോസ് മീരാൻ എന്നിവർ വിശദീകരിച്ചു.

PREV
Read more Articles on
click me!

Recommended Stories

അറേബ്യൻ ട്രാവൽ മാർട്ടിൽ ICL ടൂർസ് ആൻഡ് ട്രാവൽസ് ബ്രോഷർ പ്രകാശനം ചെയ്ത് മന്ത്രി പി. സി. വിഷ്ണുനാഥ്
കോട്ടക്കൽ അസ്റ്റർ മിംസിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥിനികൾക്ക് സൗജന്യ മെൻസ്ട്രൽ കപ്പുകൾ നൽകി