ഞാനൊരു സന്യാസി, രാഷ്ട്രീയം മുഴുസമയ ജോലിയല്ല, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

Published : Apr 04, 2025, 07:00 PM IST
 ഞാനൊരു സന്യാസി, രാഷ്ട്രീയം മുഴുസമയ ജോലിയല്ല, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

Synopsis

എട്ട് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥ വളരെയധികം മെച്ചപ്പെട്ടെന്നും രാജ്യത്തെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

 

രാഷ്ട്രീയം തന്റെ മുഴുവന്‍ സമയ ജോലിയല്ലെന്നും താന്‍ ഇപ്പോഴും ഒരു സന്യാസിയാണെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ ഭരണരീതി, വര്‍ഗീയത, ഭാഷാ രാഷ്ട്രീയം, രാഷ്ട്രീയത്തിലെ ഭാവി എന്നിവയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

രാഷ്ട്രീയത്തിലെ ഭാവിയെക്കുറിച്ചും പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെക്കുറിച്ചുമുള്ള ചോദ്യത്തിന് ആദിത്യനാഥ് ഇങ്ങനെ മറുപടി നല്‍കി, ''രാഷ്ട്രീയം എനിക്ക് ഒരു മുഴുവന്‍ സമയ ജോലിയല്ല. ഞാന്‍ ഇപ്പോളും ഒരു യോഗിയാണ്.''

തുടര്‍ന്ന് അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേര്‍ത്തു, ''എല്ലാത്തിനും അതിന്റേതായ സമയമുണ്ട്. ഞാന്‍ ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയാണ്. എന്നെ ഇവിടെ നിയോഗിച്ചിരിക്കുന്നത് ഈ സംസ്ഥാനത്തിലെ ജനങ്ങളെ സേവിക്കാനാണ്.''

ഉത്തര്‍പ്രദേശിലെ മുസ്ലീങ്ങള്‍ക്ക് ന്യായമായ വികസന ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും അവര്‍ ന്യൂനപക്ഷമായതുകൊണ്ട് പ്രത്യേക ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നും ഭരണരീതിയെക്കുറിച്ചുള്ള ചോദ്യത്തിനുത്തരമായി ആദിത്യനാഥ് പറഞ്ഞു. ''സംസ്ഥാന ജനസംഖ്യയുടെ 20% മുസ്ലീങ്ങളാണ്, സര്‍ക്കാര്‍ ക്ഷേമ പദ്ധതികളില്‍ 35-40% ഗുണഭോക്താക്കളും അവരാണ്. ഞാന്‍ വിവേചനത്തിലോ പ്രീണനത്തിലോ വിശ്വസിക്കുന്നില്ല.''

മീററ്റ് ഭരണകൂടം റോഡുകളില്‍ നമസ്‌കരിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കിയതിനെ മുഖ്യമന്ത്രി പിന്തുണച്ചു.

''റോഡുകള്‍ നടക്കാന്‍ ഉള്ളതാണ്. ഇതിനെതിരെ സംസാരിക്കുന്നവര്‍ ഹിന്ദുക്കളില്‍ നിന്ന് അച്ചടക്കം പഠിക്കണം. പ്രയാഗ്രാജില്‍ 66 കോടി ആളുകള്‍ വന്നുപോയി. അവിടെ കവര്‍ച്ചയോ നാശനഷ്ട്ടങ്ങളോ ഉണ്ടായില്ല. ഇതാണ് മതപരമായ അച്ചടക്കം. നിങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ വേണമെങ്കില്‍ അച്ചടക്കം പാലിക്കണം,'' -അദ്ദേഹം പറഞ്ഞു.

വഖഫ് ബോര്‍ഡുകള്‍ക്കെതിരെ ആദിത്യനാഥ് ആഞ്ഞടിച്ചു. മുസ്ലീങ്ങളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതിന് പകരം സ്വത്ത് തട്ടിയെടുക്കുന്ന കേന്ദ്രങ്ങളായി അവ മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഹിന്ദു ക്ഷേത്രങ്ങളും മഠങ്ങളും വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. വഖഫ് ബോര്‍ഡുകള്‍ക്ക് ഇത്രയധികം സ്വത്തുണ്ടായിട്ടും എന്തുകൊണ്ട് ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യുന്നില്ലെന്ന് ആദിത്യനാഥ് ചോദിച്ചു. 

''സര്‍ക്കാര്‍ സ്വത്ത് കൈവശപ്പെടുത്താനുള്ള ഉപാധിയായി ഇത് മാറി. ഈ പരിഷ്‌കരണം അനിവാര്യമാണ്, എല്ലാ പരിഷ്‌കരണങ്ങളെയും ആളുകള്‍ എതിര്‍ക്കും. ഈ നിയമം മൂലം മുസ്ലീങ്ങള്‍ക്ക് ഗുണമുണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേസുകളുമായി ബന്ധപ്പെട്ട കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ ബുള്‍ഡോസറുകള്‍ ഉപയോഗിക്കുന്നതിനെ അദ്ദേഹം ന്യായീകരിച്ചു. നിയമവും ക്രമവും ഉറപ്പാക്കാന്‍ ഇത് അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

''ബുള്‍ഡോസര്‍ ഉപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കാനും കൈയേറ്റങ്ങള്‍ നീക്കം ചെയ്യാനും സാധിക്കും. ഇത് എങ്ങനെ നല്ല രീതിയില്‍ ഉപയോഗിക്കാമെന്ന് ഞങ്ങള്‍ കാണിച്ചു തന്നു'' -അദ്ദേഹം പറഞ്ഞു.

യുപി ഭരണകൂടത്തിന്റെ ബുള്‍ഡോസര്‍ ഉപയോഗത്തെ സുപ്രീം കോടതി പിന്തുണച്ചിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് അവകാശപ്പെട്ടു. 

മതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചു. ''നാം മതത്തെ ഒരു പ്രത്യേക സ്ഥലത്തേക്ക് ഒതുക്കുകയും രാഷ്ട്രീയത്തെ കുറച്ച് ആളുകള്‍ക്ക് മാത്രമായി ചുരുക്കുകയും ചെയ്യുമ്പോളാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. രാഷ്ട്രീയം സ്വാര്‍ത്ഥതയില്‍ അധിഷ്ഠിതമാണെങ്കില്‍ അത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. എന്നാല്‍ അത് പൊതു നന്മയ്ക്ക് വേണ്ടിയുള്ളതാണെങ്കില്‍ പരിഹാരമുണ്ടാക്കും. '' അദ്ദേഹം പറഞ്ഞു.

ഭാഷയുടെ പേരിലുള്ള രാഷ്ട്രീയ ചര്‍ച്ചകളെ ആദിത്യനാഥ് വിമര്‍ശിച്ചു. ഇത്തരം വിഷയങ്ങളില്‍ ഏര്‍പ്പെടുന്ന സംസ്ഥാനങ്ങളിലെ നേതാക്കള്‍ അവരുടെ പ്രദേശങ്ങളെ പിന്നോട്ട് നയിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉത്തര്‍പ്രദേശില്‍ വിവിധ ഭാഷകളെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ബംഗാളി, മറാത്തി തുടങ്ങിയ പല ഭാഷകള്‍ക്കും ദേശീയ ഐക്യത്തിന് അടിസ്ഥാനമാകാന്‍ കഴിയും. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ബംഗാളി, മറാത്തി തുടങ്ങിയ ഭാഷകള്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നുണ്ട്.''

എട്ട് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥ വളരെയധികം മെച്ചപ്പെട്ടെന്നും രാജ്യത്തെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഈ കാലയളവില്‍ ആളോഹരി വരുമാനം ഇരട്ടിയായെന്നും അദ്ദേഹം അവകാശപ്പെട്ടു. 2029-30 ഓടെ സംസ്ഥാനത്തിന്റെ ആളോഹരി വരുമാനം ദേശീയ ശരാശരിക്ക് തുല്യമാകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അടിത്തറ നഷ്ടപ്പെട്ടെന്നും ഇപ്പോള്‍ അവര്‍ തകര്‍ച്ചയിലേക്ക് നീങ്ങുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ''കോണ്‍ഗ്രസ് സ്വീകരിച്ച പാത പരിഗണിക്കുമ്പോള്‍ അവര്‍ക്ക് രാജ്യത്ത് വളരാനോ അഭിവൃദ്ധി പ്രാപിക്കാനോ കഴിയില്ല. ആളുകള്‍ അവരെ പിന്തുണക്കുന്നില്ല.''

ബിജെപി കേന്ദ്ര നേതൃത്വവുമായി തനിക്ക് ഭിന്നതകളുണ്ടെന്ന അഭ്യൂഹങ്ങള്‍ അദ്ദേഹം നിഷേധിച്ചു. ''ഭിന്നതയുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഈ കസേരയില്‍ ഉണ്ടാകുമായിരുന്നില്ല,'' അദ്ദേഹം പറഞ്ഞു.

 

PREV
Read more Articles on
click me!

Recommended Stories

India H.O.G.™️ Rally 2025 – ഔദ്യോഗിക ഫ്യുവെലിങ് പാർട്ണറായി നയാര എനർജി
ലോക ഭിന്നശേഷി ദിനം – ഭിന്നശേഷി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിമാനയാത്ര സംഘടിപ്പിച്ച് ആസ്റ്റംർ മിംസ് കോട്ടയ്ക്കൽ