
ലോക ഹൃദയദിനമായ സെപ്റ്റംബർ 29-നോടനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസും ആസ്റ്റർ മെഡ്സിറ്റിയും ചേർന്ന് 'ഹൃദയപൂർവ്വം' എന്ന പേരിൽ ഹൃദയാരോഗ്യ ബോധവൽക്കരണ കാമ്പയിൻ നടത്തുന്നു. ലളിതമായ ജീവിതശൈലി മാറ്റങ്ങളിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കാൻ കഴിയുമെന്ന സന്ദേശമാണ് കാമ്പയിനിലൂടെ ജനങ്ങളിലെത്തിക്കുന്നത്. എസ്‌കലേറ്ററുകൾക്ക് പകരം സ്റ്റെയർകേസുകൾ ഉപയോഗിക്കുന്നത് പോലെയുള്ള ചെറിയ ശീലങ്ങൾ പോലും ഹൃദയസംരക്ഷണത്തിന് ഗുണം ചെയ്യുമെന്നും ഈ കാമ്പയിൻ ഓർമ്മിപ്പിക്കുന്നു.
സെപ്റ്റംബർ 27 മുതൽ 29 വരെ കേരളത്തിലെ പ്രധാന പൊതു ഇടങ്ങളിൽ പരിപാടികൾ നടക്കും. സെപ്റ്റംബർ 27-ന് കോട്ടയത്തെയും പാലക്കാട്ടെയും ലുലു മാളുകളിൽ തുടങ്ങുന്ന കാമ്പയിൻ, സെപ്റ്റംബർ 28-ന് കൊച്ചി ലുലു മാളിലും, ഹൃദയദിനമായ സെപ്റ്റംബർ 29-ന് കൊച്ചി മെട്രോ സ്റ്റേഷനുകളായ ഇടപ്പള്ളി, എം.ജി. റോഡ്, സ്റ്റേഡിയം എന്നിവിടങ്ങളിലും എത്തും. ഓരോ വേദിയിലും പൊതുജനങ്ങൾക്ക് നേരിട്ട് ഇതിൽ പങ്കാളികളാകാം.
ഏഷ്യാനെറ്റ് ന്യൂസിനോടൊപ്പം ആസ്റ്റർ മെഡ്സിറ്റിയും (പ്രധാന പ്രായോജകർ), ആസ്റ്റർ ലാബ്സും (സഹ പ്രായോജകർ) ചേർന്നാണ് കാമ്പയിൻ അവതരിപ്പിക്കുന്നത്. ലുലു മാളിൻറെയും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൻറെയും പിന്തുണയോടെയാണ് ഈ ഉദ്യമം.