നിബന്ധന പാലിച്ചില്ല; ഓണ്‍ അറൈവല്‍ വിസയില്‍ ഖത്തറിലെത്തിയ 17 മലയാളികളെ തിരിച്ചയച്ചു

By Web TeamFirst Published Jul 23, 2021, 9:31 AM IST
Highlights

വ്യാഴാഴ്‍ച രാവിലെ കോഴിക്കോട് നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ എത്തിയവരായിരുന്നു ഇവര്‍. പണം കൈവശമില്ലെന്ന് കണ്ടെത്തിയതോടെ ഇവരെ വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ അനുവദിച്ചില്ല. 

ദോഹ: ഓണ്‍ അറൈവല്‍ വിസയില്‍ ഖത്തറിലെത്തിയ 17 മലയാളികളെ യാത്രാ നിബന്ധന പാലിക്കാത്തതിനെ തുടര്‍ന്ന് തിരിച്ചയച്ചു. 5000 റിയാല്‍ കൈവശമോ അല്ലെങ്കില്‍ തത്തുല്യമായ തുക ബാങ്ക് അക്കൗണ്ടിലോ ഉണ്ടായിരിക്കണമെന്ന നിബന്ധന പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരെ അതേ വിമാനത്തില്‍ തന്നെ തിരിച്ചയച്ചത്. സൗദി അറേബ്യയിലേക്ക് പോകാനെത്തിയവരായിരുന്നു എല്ലാവരും.

വ്യാഴാഴ്‍ച രാവിലെ കോഴിക്കോട് നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ എത്തിയവരായിരുന്നു ഇവര്‍. പണം കൈവശമില്ലെന്ന് കണ്ടെത്തിയതോടെ ഇവരെ വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ അനുവദിച്ചില്ല. പത്ത് മണിക്കൂറോളം വിമാനത്താവളത്തില്‍ തന്നെ തടഞ്ഞുവെച്ച ഇവരെ പിന്നീട് രാത്രിയോടെ അതേ വിമാനത്തില്‍ തിരികെ അയക്കുകയായിരുന്നു. മടക്കയാത്രയ്‍ക്ക് 650 റിയാലാണ് എയര്‍ഇന്ത്യ എക്സ്പ്രസ് ഈടാക്കിയത്. 2000 റിയാല്‍ ആവശ്യപ്പെട്ടെങ്കിലും തര്‍ക്കത്തിനൊടുവില്‍ 650 റിയാലാക്കി കുറയ്‍ക്കുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു.

ഓണ്‍അറൈവല്‍ വിസയില്‍ വരുന്നവരുടെ കൈവശം നിശ്ചിത തുകയുണ്ടാകണമെന്ന നിബന്ധന നേരത്തെ തന്നെ ഉണ്ടായിരുന്നെങ്കിലും ഇക്കാര്യം യാത്രക്കാര്‍ അറിഞ്ഞിരുന്നില്ല.  ട്രാവല്‍ ഏജന്‍സിയോ എയര്‍ ഇന്ത്യയോ ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു. യാത്രക്കാരുടെ കൈവശം നിശ്ചിത തുകയുണ്ടോയെന്ന് ദോഹയിലും പതിവായി പരിശോധിക്കാറില്ല. വ്യാഴാഴ്‍ച പരിശോധന നടത്തിയപ്പോഴാണ് 17 പേര്‍ കുടുങ്ങിയത്.

click me!