സൗദിയില്‍ വാഹനാപകടത്തിൽ മരിച്ച ഇന്ത്യാക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു

By Web TeamFirst Published Dec 22, 2019, 9:20 AM IST
Highlights
സൗദിയിലെ ദവാദ്മിക്ക് സമീപമുണ്ടായ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഉത്തർപ്രദേശ് സ്വദേശികൾക്ക് പുറമെ രണ്ട് പാകിസ്താനികളും ഒരു ബംഗ്ലാദേശിയും മരിച്ചിരുന്നു

 

റിയാദ്: സൗദി അറേബ്യയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച രണ്ട് ഉത്തർപ്രദേശ് സ്വദേശികളുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോയി. റിയാദിൽ നിന്ന് 300 കിലോമീറ്ററകലെ ദവാദ്മി - അൽഖസീം റോഡിൽ ഇൗ മാസം ആറിന് പെട്രോൾ ടാങ്കറും പിക്കപ്പ് വാനും കുട്ടിയിടിച്ച അപകടത്തിൽ മരിച്ച അഹമ്മദ് ഇല്യാസ് (52), റാം അജയ് സിങ് (50) എന്നിവരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞദിവസം സ്വദേശത്ത് സംസ്കരിച്ചത്.

ഇരുവരും പെട്രോൾ വിതരണം ചെയ്യുന്ന കമ്പനിയിലെ ടാങ്കർ ഡ്രൈവർമാരായിരുന്നു. ബുറൈദയിൽ നിന്ന് പെട്രോളുമായി വന്ന ഇവരുടെ ടാങ്കറും ദവാദ്മിയിൽ നിന്ന് 100 കിലോമീറ്ററകലെ നെഫി എന്ന സ്ഥലത്ത് അവിടുത്തെ മുനിസിപ്പാലിറ്റി ശുചീകരണ തൊഴിലാളികൾ സഞ്ചരിച്ച പിക്കപ്പ് വാനും കൂട്ടിയിടിച്ചായിരുന്നു അപകടം. പിക്കപ്പിലുണ്ടായിരുന്നവരാണ് മരിച്ച പാകിസ്താനികളും ബംഗ്ലാദേശിയും. അപകടത്തിൽ ഇരുവാഹനങ്ങളും പാടെ തകർന്നിരുന്നു. അഞ്ചുപേരും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.

അഹമ്മദ് ഇല്യാസും റാം അജയ് സിങ്ങും ഒരേ നാട്ടുകാരാണ്. ഇരുവരും നാലുവർഷമായി സൗദിയിലുണ്ടായിരുന്നു. നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് വന്ന അഹമ്മദ് ഇല്യാസ് ജോലിയിൽ പുനഃപ്രവേശിച്ചിരുന്നില്ല. ഉംറ നിർവഹിച്ച് മടങ്ങിവന്ന അദ്ദേഹത്തെ മുറിയിൽ വെറുതെയിരുന്ന് മുഷിയണ്ട എന്ന് പറഞ്ഞ് അജയ് സിങ് കൂടെ വിളിച്ചുകൊണ്ടുവരികയായിരുന്നു. അത് മരണത്തിലേക്കുള്ള യാത്രയുമായി. മൃതദേഹം ഇന്ത്യയിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ െഎ.സി.എഫ് ദവാദ്മി ഘടകമാണ് നടത്തിയത്.

click me!