കഴിഞ്ഞ വര്‍ഷം കുവൈറ്റില്‍ ഒളിച്ചോടിയത് 20,000 വിദേശികള്‍

By Web TeamFirst Published Feb 12, 2019, 12:22 PM IST
Highlights

ഇഖാമ മാറ്റം, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് 16,626 പരാതികളാണ് കഴിഞ്ഞ വര്‍ഷം മാന്‍പവര്‍ അതോരിറ്റിക്ക് ലഭിച്ചത്. തൊഴിലാളി ഒളിച്ചോടിയാല്‍ സ്പോണ്‍സര്‍ അശാല്‍ പോര്‍ട്ടല്‍ വഴിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യേണ്ടത്.

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കഴിഞ്ഞ വര്‍ഷം സ്പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയത് ഇരുപതിനായിരത്തിലധികം വിദേശികള്‍. തൊഴിലാളികള്‍ ഒളിച്ചോടിയാല്‍ സ്പോണ്‍സര്‍മാര്‍ക്ക് അക്കാര്യം ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും കുവൈറ്റ് മാന്‍പവര്‍ അതോരിറ്റി ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുല്ല അല്‍ മുതവ്വ അറിയിച്ചു. തൊഴിലാളിക്ക് ജോലി ചെയ്യുന്ന സ്ഥാപനത്തിനെതിരെയും എസ്എംഎസ് സംവിധാനത്തിലൂടെ പരാതി നല്‍കാനാവും.

ഇഖാമ മാറ്റം, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് 16,626 പരാതികളാണ് കഴിഞ്ഞ വര്‍ഷം മാന്‍പവര്‍ അതോരിറ്റിക്ക് ലഭിച്ചത്. തൊഴിലാളി ഒളിച്ചോടിയാല്‍ സ്പോണ്‍സര്‍ അശാല്‍ പോര്‍ട്ടല്‍ വഴിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യേണ്ടത്. ഇങ്ങനെ പരാതി ലഭിച്ചാല്‍ ഇത് സംബന്ധിച്ച അറിയിപ്പ് തൊഴിലാളിക്കും സ്പോണ്‍സറിനും എസ്എംഎസ് വഴി ലഭിക്കും. തൊഴിലാളിക്ക് സ്ഥാപനത്തിനെതിരെയും പരാതി നല്‍കാം. തെറ്റായ വിവരങ്ങളോ വ്യാജ പരാതികളോ നല്‍കിയാല്‍ തൊഴിലുടമയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയത് വഴി വ്യാജ റിപ്പോര്‍ട്ടുകള്‍ ഫയല്‍ ചെയ്യുന്നത് തടയാനാവുമെന്നും അധികൃതര്‍ പറഞ്ഞു. പരാതിയുടെ വിവരങ്ങള്‍ ഓണ്‍ലൈനായി പിന്നീട് തൊഴിലുടമയ്ക്ക് പരിശോധിക്കുകയും ചെയ്യാം. കഴിഞ്ഞ വര്‍ഷം മാന്‍പവര്‍ അതോരിറ്റി നടത്തിയ 136 പരിശോധനകളില്‍ നിന്ന് 35,000 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയെന്നും അധികൃതര്‍ അറിയിച്ചു.

click me!