ജര്‍മ്മനിയിലെ 250 നഴ്സിങ് ഒഴിവുകൾ: നോര്‍ക്ക ട്രിപ്പിള്‍ വിന്‍ അഭിമുഖങ്ങള്‍ക്ക് കൊച്ചിയില്‍ തുടക്കം

Published : May 21, 2025, 05:32 PM ISTUpdated : May 21, 2025, 05:34 PM IST
ജര്‍മ്മനിയിലെ 250 നഴ്സിങ് ഒഴിവുകൾ: നോര്‍ക്ക ട്രിപ്പിള്‍ വിന്‍ അഭിമുഖങ്ങള്‍ക്ക് കൊച്ചിയില്‍ തുടക്കം

Synopsis

ജർമനിയിലെ ഹോസ്പിറ്റലുകളിലേക്ക് 250 നഴ്സുമാരെയാണ് ഏഴാം എഡിഷനില്‍ തിരഞ്ഞെടുക്കുന്നത്

കൊച്ചി: കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റ് പദ്ധതിയായ നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരളയുടെ ഏഴാം എഡിഷനിലേക്കൂള്ള അഭിമുഖങ്ങള്‍ക്ക് കൊച്ചിയില്‍ തുടക്കമായി. ചൊവ്വാഴ്ച കൊച്ചിയില്‍ ആരംഭിച്ച അഭിമുഖം മെയ് 23നും മെയ് 26ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന അഭിമുഖങ്ങള്‍ മെയ് 29നും പൂര്‍ത്തിയാകും. 

ജർമനിയിലെ ഹോസ്പിറ്റലുകളിലേക്ക് 250 നഴ്സുമാരെയാണ് ഏഴാം എഡിഷനില്‍ തിരഞ്ഞെടുക്കുന്നത്. അപേക്ഷ നല്‍കിയ 4200 അപേക്ഷകരിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികളെ ജർമനിയിലെ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയുടെ കീഴിലുള്ള പ്ലേയ്സ്‌മെന്റ് ഉദ്യോഗസ്ഥന്മാർ നേരിട്ടെത്തിയാണ് അഭിമുഖം നടുത്തുന്നത്. പ്ലേസ്‌മെന്റ് ഓഫീസർ ക്രിസ്ത്യാനാ സോമിയായുടെ നേതൃത്വത്തില്‍ നടക്കുന്ന അഭിമുഖത്തിൽ നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് വിഭാഗം പ്രതിനിധികളും ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷന്‍ (GIZ) പ്രതിനിധികളും പങ്കെടുത്തു. 

തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഗോയ്ഥെ ഇൻസ്റ്റിറ്റ്യൂട്ടില്‍ ജര്‍മ്മന്‍ ഭാഷാ പരിശീലനത്തില്‍ (ബി-1 വരെ) പങ്കെടുക്കേണ്ടതാണ്. ഒന്‍പത് മാസത്തോളം നീളുന്ന ഈ പരിശീലനം പൂര്‍ണമായും സൗജന്യമായിരിക്കും. ജര്‍മ്മനിയിൽ നിയമനത്തിനുശേഷം ബി.2 ലെവൽ പരിശീലനവും ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിമാന ടിക്കറ്റ് ഉൾപ്പടെയുളള എല്ലാ ചെലവുകളും സൗജന്യമാണ്. ആദ്യ ചാൻസിൽ എ2 അല്ലെങ്കിൽ ബി1 പാസാവുന്നവര്‍ക്ക് 250 യൂറോ ബോണസിനും അര്‍ഹതയുണ്ട്. രജിസ്റ്റേർഡ് നഴ്സ് ആകുന്ന മുറയ്ക്ക് കുടുബാംഗങ്ങളേയും കൂടെ കൊണ്ട് പോകുവാനുളള അവസരമുണ്ട്. 

കേരളീയരായ ഉദ്യോഗാർത്ഥികൾക്ക് മാത്രമാകും ട്രിപ്പിൾ വിന്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക. നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന  നഴ്സിങ് റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍ കേരള. കൂടുതൽ വിവരങ്ങൾക്ക് നോര്‍ക്ക ഗ്ലോബൽ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്)  ബന്ധപ്പെടാവുന്നതാണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം