നിയമലംഘകരായ 252 പ്രവാസികളെ നാടുകടത്തി; പരിശോധന ശക്തമാക്കി അധികൃതര്‍

Published : Dec 17, 2020, 09:52 PM IST
നിയമലംഘകരായ 252 പ്രവാസികളെ നാടുകടത്തി; പരിശോധന ശക്തമാക്കി അധികൃതര്‍

Synopsis

ഇഖാമ പുതുക്കാത്തത്, ഹുറൂബ് കേസ്, തൊഴിൽ നിയമലംഘനം എന്നീ കുറ്റങ്ങൾക്കാണ് ഇവർ പിടിയിലായത്. ഇതിൽ 108 പേരെ ദമ്മാമിൽ നിന്ന് റിയാദിലെത്തിച്ചതാണ്. ബാക്കി 144 പേർ റിയാദിൽ നിന്ന് പിടിയിലായതാണ്. 

റിയാദ്: സൗദി അറേബ്യയിൽ തൊഴിൽ, വിസാനിയമങ്ങൾ ലംഘിച്ചതിന് പിടിയിലായി, റിയാദിൽ നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന 252 ഇന്ത്യക്കാരെ കൂടി തിരിച്ചയച്ചു. ബുധനാഴ്ച രാവിലെ 10ന് റിയാദിൽ നിന്ന് പുറപ്പെട്ട സൗദി എയർലൈൻസ് വിമാനത്തിൽ ഇവരെ ഡൽഹിയിലേക്കാണ് കൊണ്ടുപോയത്. 

ഒമ്പത് മലയാളികളും 12 തമിഴ്നാട്ടുകാരും 16 തെലങ്കാന, ആന്ധ്രക്കാരും 30 ബിഹാറികളും 89 ഉത്തർപ്രദേശുകാരും 57 പശ്ചിമ ബംഗാൾ സ്വദേശികളും എട്ട് രാജസ്ഥാനികളുമാണ് നാട്ടിലെത്തിയത്. ഇഖാമ പുതുക്കാത്തത്, ഹുറൂബ് കേസ്, തൊഴിൽ നിയമലംഘനം എന്നീ കുറ്റങ്ങൾക്കാണ് ഇവർ പിടിയിലായത്. ഇതിൽ 108 പേരെ ദമ്മാമിൽ നിന്ന് റിയാദിലെത്തിച്ചതാണ്. ബാക്കി 144 പേർ റിയാദിൽ നിന്ന് പിടിയിലായതാണ്. അൽഖർജ് റോഡിലെ ഇസ്കാനിലുള്ള പുതിയ നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിലാണ് ഇവരെ പാർപ്പിച്ചിരുന്നത്. 

ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ രാജേഷ് കുമാർ, യൂസുഫ് കാക്കഞ്ചേരി, അബ്ദുൽ സമദ്, തുഷാർ എന്നിവരാണ് നാട്ടിൽ അയക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കിയത്. കൊവിഡ് തുടങ്ങിയ ശേഷം സൗദിയിൽ നിന്ന് നാടുകടത്തിയ ഇന്ത്യൻ തടവുകാരുടെ എണ്ണം ഇതോടെ 3491 ആയി. കൊവിഡ് പ്രതിസന്ധിക്ക് അയവ് വന്നതോടെ നിയമലംഘകരെ കണ്ടെത്തുന്നതിനുള്ള പൊലീസ് പരിശോധന സൗദിയിൽ ശക്തമായി തുടരുകയാണ്. ഇന്ത്യാക്കാരടക്കം നിരവധി വിദേശികളാണ് ദിനംപ്രതി പിടിയിലാകുന്നത്. 

രാജ്യത്ത് വിവിധ ഭാഗങ്ങളിൽ പിടിയിലാകുന്നവരെ ഒടുവിൽ നാട്ടിലേക്ക് കയറ്റിവിടാൻ റിയാദിലും ജിദ്ദയിലുമുള്ള തർഹീലുകളിലാണ് എത്തിക്കുന്നത്. തടവുകാരുമായി പന്ത്രണ്ടാമെത്ത സൗദി എയർലൈൻസ് വിമാനമാണ് ബുധനാഴ്ച ഡൽഹിയിലേക്ക് പുറപ്പെട്ടത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രവാസി മലയാളികൾക്ക് സന്തോഷ വാർത്ത, സലാല-കേരള സെക്ടറിൽ സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ എക്സ്‍പ്രസ്
പുതിയ ട്രാഫിക് നിയമം ഫലപ്രദമാകുന്നു, കുവൈത്തിൽ അപകടകരമായ ഡ്രൈവിംഗ് ഗണ്യമായി കുറഞ്ഞു