ഖത്തറിലെ കൊവിഡ് രോഗികളില്‍ 3-4 ശതമാനം കുട്ടികള്‍; ജാഗ്രതാ നിര്‍ദ്ദേശവുമായി വിദഗ്ധര്‍

By Web TeamFirst Published Jun 2, 2020, 11:27 AM IST
Highlights

പതിവായി കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി അണുവിമുക്തമാക്കണം, സാമൂഹിക അകലം പാലിക്കണം എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങള്‍ കുട്ടികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

ദോഹ: ഖത്തറിലെ കൊവിഡ് ബാധിതരില്‍ മൂന്നു മുതല്‍ നാല് ശതമാനം വരെ 14 വയസ്സില്‍ താഴെയുള്ള കുട്ടികളാണെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ പീഡിയാട്രിക് എമര്‍ജന്‍സി സെന്റര്‍ ഡയറക്ടര്‍  ഡോ മുഹമ്മദ് അല്‍ അംരി. 25നും 44നും ഇടയില്‍ പ്രായമുള്ളവരാണ് 60 ശതമാനം ആളുകളും. മുതിര്‍ന്നവര്‍ മാത്രമല്ല കുട്ടികളും നിര്‍ബന്ധമായും കൊവിഡ് മുന്‍കരുതലുകള്‍ പാലിക്കണമെന്ന് ഡോ അല്‍ അംരി പറഞ്ഞു.

പതിവായി കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി അണുവിമുക്തമാക്കണം, സാമൂഹിക അകലം പാലിക്കണം എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങള്‍ കുട്ടികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് അദ്ദഹം വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തില്‍ കൊവിഡ് ബാധിക്കുന്ന കുട്ടികളുടെ എണ്ണം താരതമ്യേന കുറവാണ്. അതില്‍ തന്നെ വളരെ ചുരുക്കം പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഈ കണക്കുകള്‍ ആശാവഹമാണെങ്കിലും കൊവിഡ് ലക്ഷണങ്ങളുമായി അല്‍ സദ്ദിയിലെ പീഡിയാട്രിക് എമര്‍ജന്‍സി സെന്ററില്‍ കുട്ടികളെത്തുന്നുണ്ടെന്ന് ഡോ അല്‍ അംരി വിശദമാക്കി. അതിനാല്‍ കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

കുട്ടികള്‍ വഴി രക്ഷിതാക്കളിലേക്കും മുതിര്‍ന്നവരിലേക്കും വൈറസ് പടരാന്‍ സാധ്യതയുണ്ട്. കുട്ടികളെ വീട്ടിലിരുത്തുന്നത് തന്നെയാണ് ഉചിതമെന്നും ഡോ അല്‍ അംരി വ്യക്തമാക്കി. ഖത്തറിലെ കൊവിഡ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന കുട്ടികളുടെ ചികിത്സയ്ക്കായി അല്‍ സദ്ദ് പീഡീയാട്രിക് എമര്‍ജന്‍സി സെന്ററില്‍ ഏപ്രില്‍ മുതല്‍ പ്രത്യേക സേവനം ആരംഭിച്ചിരുന്നു.

പ്രവാസികള്‍ക്ക് ആശ്വാസം; മടങ്ങിയെത്താന്‍ കഴിയാത്തവരുടെ വിസാ കാലാവധി 12 മാസം ദീര്‍ഘിപ്പിച്ചു
 

click me!