
ഷാര്‍ജ: വന്‍തോതില്‍ മദ്യം കടത്തുന്നതിനിടെ മൂന്ന് വാഹനങ്ങളെ ഷാര്‍ജ പൊലീസും മുനിസിപ്പാലിറ്റി അധികൃതരും ചേര്‍ന്ന് പിടികൂടി. ഷാര്‍ജയിലെ വിവിധ ലേബര്‍ ക്യാമ്പുകളിലേക്ക് അടക്കം മദ്യം എത്തിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്ന് മുനിസിപ്പാലിറ്റി കസ്റ്റംസ് സര്‍വീസ് ആന്റ് ഇന്‍സ്‍പെക്ഷന്‍ ഡയറക്ടര്‍ ഖാലിദ് ബിന്‍ ഫലാഹ് അല്‍ സുവൈദി അറിയിച്ചു.
ഷാര്‍ജയില്‍ മദ്യവില്‍പ്പന നിരോധിക്കപ്പെട്ടിട്ടുള്ളതിനാല്‍ മറ്റിടങ്ങളില്‍ നിന്ന് അനധികൃതമായി എത്തിച്ച് വില്‍പ്പന നടത്തുന്ന സംഘമാണ് പിടിയിലായത്. സംശയകരമായ സാഹചര്യത്തില്‍ ഒരു വാഹനം കണ്ടെത്തിയതോടെ പൊലീസ് പിന്തുടരുകയായിരുന്നു. വാഹനം പരിശോധിച്ചപ്പോള്‍ വന്‍തോതില്‍ മദ്യം കടത്തുന്നത് കണ്ടെത്തി. വാഹനത്തിലുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപെട്ടെങ്കിലും മറ്റൊരാളെ പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചും ഇവരുടെ കേന്ദ്രങ്ങളെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചത്.
തുടര്‍ന്ന് പൊലീസ് നടത്തിയ റെയ്ഡില്‍ രണ്ട് പേരെക്കൂടി അറസ്റ്റ് ചെയ്തു. ലേബര്‍ ക്യാമ്പുകളിലേക്ക് മദ്യം എത്തിക്കുന്നതിനിടെ വാഹനങ്ങള്‍ സഹിതമാണ് ഇവര്‍ പിടിയിലായത്. അല്‍ സജ്ജയിലെ ലേബര്‍ ക്യാമ്പിലും എമിറേറ്റിലെ മറ്റ് ചില സ്ഥലങ്ങളിലും മദ്യം എത്തിക്കാറുണ്ടായിരുന്നെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. പ്രതികളെ നിയമ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കഴിഞ്ഞ മൂന്ന് വര്‍ഷമായി മദ്യം കള്ളക്കടത്ത് നടത്തുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിരുന്നെങ്കിലും സമീപകാലത്ത് ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം വ്യാപകമായതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് പട്രോളിങ് ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു. നിയമവിരുദ്ധമായ പ്രവൃത്തികള്‍ ശ്രദ്ധയില്‍ പെട്ടാല്‍ 999 എന്ന നമ്പറിലോ 06-5632222 ലോ അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഇ-മെയില്‍ najeed@shjpolice.gov.ae
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam