യുഎഇയില്‍ തൊഴിലാളികളുടെ താമസ സ്ഥലത്ത് തീപ്പിടുത്തം; 44 പേരെ രക്ഷപെടുത്തി

By Web TeamFirst Published Sep 30, 2020, 12:45 PM IST
Highlights

യുഎഇ സമയം രാത്രി 9.29നാണ് തീപ്പിടിത്തം സംബന്ധിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്ന് റാസല്‍ ഖൈമ സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അബ്‍ദുല്ല അല്‍ സാബി പറഞ്ഞു. 

റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ തൊഴിലാളികളുടെ താമസ സ്ഥലത്ത് ഇന്നലെ രാത്രിയുണ്ടായ തീപ്പിടുത്തത്തില്‍ നിന്ന് 44 തൊഴിലാളികളെയും പരിക്കേല്‍ക്കാതെ രക്ഷിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. അല്‍ മാറിദിലെ പോര്‍ട്ടിനും ഫെഡറല്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോരിറ്റി ബില്‍ഡിങിനും സമീപത്തായിരുന്നു തീപ്പിടുത്തം. 

യുഎഇ സമയം രാത്രി 9.29നാണ് തീപ്പിടിത്തം സംബന്ധിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്ന് റാസല്‍ ഖൈമ സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അബ്‍ദുല്ല അല്‍ സാബി പറഞ്ഞു. ഉടന്‍ തന്നെ അഗ്നിശമന സേനയും പൊലീസ്, ആംബുലന്‍സ് സംഘങ്ങളും സ്ഥലത്തെത്തി. പരിസരത്തത്തെ മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരാതെ നിയന്ത്രിക്കാന്‍ സാധിച്ചു. റാസല്‍ഖൈമ പോര്‍ട്ടിന് സമീപം പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു തീപ്പിടുത്തമുണ്ടായ കെട്ടിടം. തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയെന്നും ആര്‍ക്കും പരിക്കേറ്റില്ലെന്നും അധികൃതര്‍ അറിയിച്ചു. സാധനങ്ങള്‍ കത്തിനശിച്ചിട്ടുണ്ട്. തീപ്പിടുത്തത്തിന്റെ കാരണം സംബന്ധിച്ച അന്വേഷണം നടക്കുകയാണ്. തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കാതെ രക്ഷപെടുത്തിയ അഗ്നിശമന സേനാ അംഗങ്ങളെ ബ്രിഗേഡിയര്‍ ജനറല്‍ അല്‍ സാബി അഭിനന്ദിച്ചു. 

click me!