യുഎഇയില്‍ കുടുംബ സംഗമങ്ങളില്‍ നിന്ന് 47 പേര്‍ക്ക് കൊവിഡ് ബാധിച്ചു

By Web TeamFirst Published Jul 27, 2020, 10:31 PM IST
Highlights

രണ്ട് മീറ്ററെങ്കിലും പരസ്‍പരം അകലം പാലിക്കണം. ഈ സമയത്ത് അകലവും ആരോഗ്യവും തമ്മില്‍ ഏറെ ബന്ധമുണ്ട്. അസുഖമുള്ളയാള്‍ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ ചുറ്റുപാടുമുള്ളവര്‍ക്ക് അത് ഭീഷണിയാണ്. 

അബുദാബി: യുഎഇയില്‍ കുടുംബാംഗങ്ങള്‍ ഒത്തുചേരുന്ന ചടങ്ങുകളില്‍ നിന്ന് കൊവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ കര്‍ശന മുന്നറിയിപ്പുമായി അധികൃതര്‍. അഞ്ച് കുടുംബങ്ങളിലായി 47 പേര്‍ക്കാണ് ഇത്തരം പരിപാടികളിലൂടെ കൊവിഡ് ബാധിച്ചതെന്ന് യുഎഇ സര്‍ക്കാര്‍ വക്താവ് ഡോ. ഉമര്‍ അല്‍ ഹമ്മാദി പറഞ്ഞു. ബലി പെരുന്നാളിനോടനുബന്ധിച്ച് ഇത്തരത്തിലുള്ള ചടങ്ങുകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളത്തില്‍ ആവശ്യപ്പെട്ടു.

രണ്ട് മീറ്ററെങ്കിലും പരസ്‍പരം അകലം പാലിക്കണം. ഈ സമയത്ത് അകലവും ആരോഗ്യവും തമ്മില്‍ ഏറെ ബന്ധമുണ്ട്. അസുഖമുള്ളയാള്‍ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ ചുറ്റുപാടുമുള്ളവര്‍ക്ക് അത് ഭീഷണിയാണ്. പെരുന്നാളിന് കുടുംബ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കി ഇലക്ട്രോണിക് മാര്‍ഗങ്ങളിലൂടെ ആശംസകള്‍ കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാവരും സഹകരിച്ചാല്‍ രാജ്യത്ത് കൊവിഡിന്റെ രണ്ടാമതൊരു വ്യാപനം ഒഴിവാക്കാനാവുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നത്. ഇപ്പോള്‍ രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും പെരുന്നാളിനോടനുബന്ധിച്ച് ജനങ്ങള്‍ ഒത്തുകൂടിയാല്‍ അത് രോഗബാധിതരുടെ എണ്ണം കൂടാന്‍ ഇടയാക്കും. ഇക്കാര്യത്തില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

click me!