യുഎഇയില്‍ ജീവനക്കാര്‍ക്ക് 90 ദിവസം വരെ മെഡിക്കല്‍ ലീവ്

By Web TeamFirst Published Jan 5, 2019, 11:29 AM IST
Highlights

ജോലിക്ക് ചേര്‍ന്നാല്‍ പ്രൊബേഷന്‍ കാലയളവില്‍ മെഡിക്കല്‍ ലീവ് ലഭിക്കുകയില്ല. ഇതിന് ശേഷമായിരിക്കും 90 ദിവസം വരെയുള്ള അവധി. ഇത് ഒരുമിച്ചോ അല്ലെങ്കില്‍ ആവശ്യാനുസരണം പല തവണകളിലായോ എടുക്കാം. 

അബുദാബി: ജീവനക്കാര്‍ക്ക് അവധിയെടുക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ യുഎഇയില്‍ നിലവില്‍ വന്നു. വാര്‍ഷിക അവധിയും മെഡിക്കല്‍ അവധിയും ഉള്‍പ്പെടെ 12 ഇനത്തില്‍ പെട്ട അവധികളാണ് ജീവനക്കാര്‍ക്ക് ലഭ്യമാവുന്നത്. വര്‍ഷത്തില്‍ പരമാവധി 90 ദിവസം വരെ മെഡിക്കല്‍ ലീവെടുക്കാന്‍ കഴിയും.

ജോലിക്ക് ചേര്‍ന്നാല്‍ പ്രൊബേഷന്‍ കാലയളവില്‍ മെഡിക്കല്‍ ലീവ് ലഭിക്കുകയില്ല. ഇതിന് ശേഷമായിരിക്കും 90 ദിവസം വരെയുള്ള അവധി. ഇത് ഒരുമിച്ചോ അല്ലെങ്കില്‍ ആവശ്യാനുസരണം പല തവണകളിലായോ എടുക്കാം. അസുഖാവധിയിലുള്ള കാലയളവിലെ ആദ്യത്തെ 15 ദിവസം മുഴുവന്‍ ശമ്പളവും ലഭിക്കും. പിന്നീടുള്ള 30 ദിവസങ്ങളില്‍ പകുതി ശമ്പളമായിരിക്കും ലഭിക്കുക. ശേഷമുള്ള 45 ദിവസം ശമ്പളമില്ലാത്ത അവധിയായിരിക്കുമെന്നും നിയമം വ്യക്തമാക്കുന്നു.

ഒരു വര്‍ഷത്തില്‍ എടുത്തുതീര്‍ക്കാത്ത മെഡിക്കല്‍ ലീവ് അടുത്ത വര്‍ഷത്തേക്ക് മാറ്റിവെയ്ക്കാനാവില്ല. വാര്‍ഷിക അവധിയിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും അവധിക്കാലത്തോ ആണ് രോഗിയാവുന്നതെങ്കില്‍ ഇക്കാര്യം കമ്പനിയെ അറിയിക്കണം. രോഗത്തിന്റെ ചികിത്സയും മറ്റ് വിശദാശങ്ങളുമായി ബന്ധപ്പെട്ട രേഖകളെല്ലാം സൂക്ഷിച്ചുവെയ്ക്കുകയും വേണം.

click me!