സംഘടന വിമാന ടിക്കറ്റ് വില്‍ക്കുന്നതിനെതിരെ ട്രാവല്‍ ഏജന്‍സികളുടെ കൂട്ടായ്മ

By K T NoushadFirst Published Sep 14, 2020, 8:31 PM IST
Highlights

സാമൂഹിക മന്ത്രാലയത്തില്‍ റജിസ്റ്റര്‍ ചെയ്ത സംഘടനകള്‍ക്ക് വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നിയമം അനുവദിക്കുന്നില്ല. വാങ്ങുന്ന തുക എത്രയാണെന്ന് പോലും രേഖപ്പെടുത്താത്ത രസീത് നല്‍കിയാണ് ടിക്കറ്റ് വിറ്റിട്ടുളളത്.

മനാമ: എയര്‍ ബബിള്‍ കരാര്‍ നിലവില്‍ വന്നിട്ടും സാമൂഹിക സംഘടനകള്‍ വിമാന ടിക്കറ്റ് വില്‍പനയില്‍ നിന്ന് പിന്മാറാത്തതിനെതിരെ ബഹ്റൈനിലെ ട്രാവല്‍ ഏജന്‍സികളുടെ കൂട്ടായ്മ. ഇന്ത്യയിലേക്ക് പറക്കാന്‍ അനുമതി ലഭിച്ച ഒരു എയര്‍ലൈന്‍ കമ്പനിയുടെ ആദ്യ സര്‍വീസുകളുടെ മുഴുവന്‍ ടിക്കറ്റും ഒരു മലയാളി സംഘടനക്ക് മാത്രമായി നല്‍കിയതിനെതിരെ ബന്ധപ്പെട്ട മന്ത്രാലയങ്ങളെ സമീപിക്കാനുളള ഒരുക്കത്തിലാണ് അസോസിയേഷന്‍ ഓഫ് ബഹ്റൈന്‍ ട്രാവല്‍ ആന്റ് ടൂര്‍ ഏജന്റ്സ് (അബ്റ്റ).

ഇന്ത്യക്കാരായ ട്രാവല്‍ ഏജന്‍സികള്‍ പ്രശ്നപരിഹാരത്തിനായി അബ്റ്റയെ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രാലയത്തിന് പരാതി കൊടുക്കാന്‍ തീരുമാനിച്ചതെന്ന് ചെയര്‍മാന്‍ ജിഹാദ് അമീന്‍ അറിയിച്ചു. കൊവിഡ് മൂലം ട്രാവല്‍ ഏജന്‍സികള്‍ക്കുണ്ടായ പ്രതിസന്ധി രൂക്ഷമാക്കുന്ന നടപടിയാണ് ടിക്കറ്റ് സംഘടനകള്‍ വഴി വില്‍ക്കുന്നത്. ഓണ്‍ലൈനിലോ ട്രാവല്‍ ഏജന്‍സികള്‍ വഴിയോ നടത്തേണ്ട ടിക്കറ്റ് വില്പന സംഘടന വഴി നടത്തുന്നത് നിയമവിരുദ്ധമാണ്. എയര്‍ലൈനും സംഘടനക്കുമെതിരെ മന്ത്രാലയത്തില്‍ പരാതി സമര്‍പ്പിക്കാന്‍ ആവശ്യമായി രേഖകള്‍ തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്ന് ചെയര്‍മാന്‍ പറഞ്ഞു.

സാമൂഹിക മന്ത്രാലയത്തില്‍ റജിസ്റ്റര്‍ ചെയ്ത സംഘടനകള്‍ക്ക് വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നിയമം അനുവദിക്കുന്നില്ല. വാങ്ങുന്ന തുക എത്രയാണെന്ന് പോലും രേഖപ്പെടുത്താത്ത രസീത് നല്‍കിയാണ് ടിക്കറ്റ് വിറ്റിട്ടുളളത്. പ്രതിസന്ധിയിലായ പ്രവാസികളെ സഹായിക്കാനുളള സംവിധാനങ്ങള്‍ക്കായി സമ്മര്‍ദ്ദം ചെലുത്തുകയും അതിന് സൗകര്യമൊരുക്കുകയും ചെയ്യുക എന്നത് സാമൂഹിക സംഘടനകളുടെ ഉത്തരവാദിത്വമാണെന്ന് മനസ്സിലാക്കാം. എന്നാല്‍ അതിനപ്പുറമുളള കച്ചവടം അംഗീകരിക്കാനാവില്ല. എയര്‍ ബബിള്‍ നിലവില്‍ വന്നിട്ടും ടിക്കറ്റ് വില്‍പന സംഘടനകള്‍ ചെയ്യുന്നത് അന്യായമാണ്-ജിഹാദ് അമീന്‍ പറഞ്ഞു.

എയര്‍ ബബിള്‍ പ്രകാരം എയര്‍ ഇന്ത്യക്കും ഗള്‍ഫ് എയറിനുമാണ് നിശ്ചിത യാത്രക്കാരുമായി ദിവസവും ഓരോ സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയിട്ടുളളത്. ഒരു വിമാന കമ്പനിയുടെ ടിക്കറ്റ് മുഴുവന്‍ ഒരു സംഘടന വാങ്ങിയതിനാല്‍ വിസ തീരാറായവര്‍ക്കു പോലും എയര്‍ബബിള്‍ കൊണ്ട് പ്രയോജനമുണ്ടായില്ലെന്ന വിമര്‍ശനവും ചില സാമൂഹിക പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നുണ്ട്.

click me!