Latest Videos

ഹുദാ, എന്റെ കാര്‍ ശരിയാക്കാനുണ്ട്; ആദ്യ എമിറാത്തി വനിതാ മെക്കാനിക്കിനെ ഫോണ്‍ വിളിച്ച് അബുദാബി കിരീടാവകാശി

By Web TeamFirst Published May 1, 2021, 8:17 PM IST
Highlights

എന്റെ രാജ്യത്ത് ഇങ്ങനെയുള്ള സ്ത്രീകള്‍ ഉണ്ടെന്ന കാര്യത്തില്‍ അഭിമാനിക്കുന്നെന്ന് പറഞ്ഞ ശൈഖ് മുഹമ്മദ് ഹുദയ്ക്ക് എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നല്‍കുന്നതായും കൂട്ടിച്ചേര്‍ത്തു.

അബുദാബി: വിവിധ മേഖലകളിലെ സ്ത്രീ മുന്നേറ്റത്തെ എക്കാലവും സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്തിട്ടുള്ള യുഎഇയ്ക്ക് അഭിമാനമാകുകയാണ് ഹുദ അല്‍ മത്രൂഷി-  ആദ്യ എമിറാത്തി വനിതാ കാര്‍ മെക്കാനിക്ക്. രാജ്യത്ത് പുതു ചരിത്രം കുറിച്ച ഹുദയെ തേടി കഴിഞ്ഞ ദിവസം എത്തിയത് അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഫോണ്‍ കോളാണ്. 

ഫോണ്‍ വിളിക്കാന്‍ വൈകിയതിന് ക്ഷമ ചോദിച്ചാണ് ശൈഖ് മുഹമ്മദ് സംസാരം ആരംഭിച്ചത്. എന്റെ രാജ്യത്ത് ഇങ്ങനെയുള്ള സ്ത്രീകള്‍ ഉണ്ടെന്ന കാര്യത്തില്‍ അഭിമാനിക്കുന്നെന്ന് പറഞ്ഞ ശൈഖ് മുഹമ്മദ് ഹുദയ്ക്ക് എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നല്‍കുന്നതായും കൂട്ടിച്ചേര്‍ത്തു. ശൈഖ് മുഹമ്മദിന്റെ വാക്കുകള്‍ കേട്ട് ഹുദയുടെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ പൊഴിഞ്ഞു. തന്റെ കാര്‍ ശരിയാക്കാനുണ്ടെന്ന് ശൈഖ് മുഹമ്മദ് തമാശ പറഞ്ഞപ്പോള്‍ ഹുദ ചിരിച്ചു. പരസ്പരം റമദാന്‍ ആശംസകളും കൈമാറിയാണ് ഇരുവരും സംസാരം അവസാനിപ്പിച്ചത്.

കാറുകളോടുള്ള ഇഷ്ടമാണ് 36കാരിയായ ഹുദയെ ഈ മേഖല തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്. ഷാര്‍ജയില്‍ സ്വന്തമായി ഒരു കാര്‍ വര്‍ക്ക്‌ഷോപ്പും ഹുദ നടത്തുന്നുണ്ട്. ചെറുപ്പത്തില്‍ കളിപ്പാട്ടമായി ലഭിക്കുന്ന കാറുകള്‍ അഴിച്ചുനോക്കി അതിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിച്ച ഹുദയ്ക്ക് കഴിഞ്ഞ 16 വര്‍ഷമായി ഈ മേഖലയില്‍ പ്രൊഫഷണലാകണമെന്ന ആഗ്രഹം മനസ്സിലുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം തന്റെ ആഗ്രഹം പോലെ തന്നെ ഹുദ കാറുകളുടെ ലോകത്തേക്ക് നേരിട്ടിറങ്ങുകയായിരുന്നു.   
 

click me!