Latest Videos

അബുദാബിയില്‍ പ്രവേശിക്കുന്നതിനും പുറത്തുപോകുന്നതിനുമുള്ള വിലക്ക് നീട്ടി

By Web TeamFirst Published Jun 9, 2020, 1:03 PM IST
Highlights

മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനും അബുദാബിയില്‍ നിന്ന് പുറത്തുപോകുന്നതിനും വിലക്കുണ്ട്. അബുദാബി, അല്‍ ഐന്‍, അല്‍ ദഫ്റ എന്നീ മേഖലകള്‍ക്കിടയിലുള്ള യാത്രകള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. 

അബുദാബി: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അബുദാബിയില്‍ പ്രഖ്യാപിച്ചിരുന്ന യാത്രാ വിലക്ക് തുടരും. ജൂണ്‍ ഒന്‍പത് മുതല്‍ ഒരാഴ്ച കൂടി നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് അബുദാബി മീഡിയാ ഓഫീസ് അറിയിച്ചത്. നേരത്തെ ജൂണ്‍ രണ്ട് മുതല്‍ ഒരാഴ്ചയിലേക്കാണ് നിയന്ത്രങ്ങള്‍ പ്രഖ്യാപിച്ചിരുന്നത്. 

മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനും അബുദാബിയില്‍ നിന്ന് പുറത്തുപോകുന്നതിനും വിലക്കുണ്ട്. അബുദാബി, അല്‍ ഐന്‍, അല്‍ ദഫ്റ എന്നീ മേഖലകള്‍ക്കിടയിലുള്ള യാത്രകള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അബുദാബി എമര്‍ജന്‍സീസ് ആന്റ് ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റിയും അബുദാബി പൊലീസും അബുദാബി ഹെല്‍ത്ത് സര്‍വീസസും ചേര്‍ന്നാണ് നേരത്തെ ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. 

യുഎഇ പൗരന്മാരടക്കമുള്ള രാജ്യത്തെ എല്ലാ താമസക്കാര്‍ക്കും ഇത് ബാധകമാണ്. എന്നാല്‍ അവശ്യമേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കും പ്രത്യേക പാസുകള്‍ ഉള്ളവര്‍ക്കും ഗുരുതര രോഗങ്ങളുള്ളവര്‍ക്ക് ആശുപത്രികളില്‍ പോകുന്നതിനും അവശ്യ സാധനങ്ങള്‍ കൊണ്ടുപോകാനും യാത്രാ വിലക്കില്‍ ഇളവ് ലഭിക്കും. 

click me!