
അബുദാബി: ചികിത്സാ പിഴവിന്റെ പേരില്‍ ആറ് ആഴ്ചയോളം ഐ.സി.യുവില്‍ കഴിയേണ്ടി വന്ന സ്‍ത്രീക്ക് രണ്ട് ലക്ഷം ദിര്‍ഹം (40 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ യുഎഇ കോടതി വിധിച്ചു. കേസില്‍ നേരത്തെ കീഴ്‍കോടതി പുറപ്പെടുവിച്ച വിധി, അബുദാബി അപ്പീല്‍ കോടതി ശരിവെയ്‍ക്കുകയായിരുന്നു. ആശുപത്രി അധികൃതര്‍ക്ക് വീഴ്‍ച പറ്റിയതായി നേരത്തെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
ശാരീരിക അവശതകളെ തുടര്‍ന്നാണ് സ്‍ത്രീ ആശുപത്രിയില്‍ ചികിത്സ തേടിയത്. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ആരോഗ്യം പിന്നെയും വഷളാവുകയും വൃക്കയ്ക്ക് താത്കാലികമായ തകരാറുകള്‍ സംഭവിക്കുകയും ചെയ്‍തു. തുടര്‍ന്ന് ആഴ്‍ചകളോളം തീവ്രപരിചരണ വിഭാഗത്തില്‍ കഴിയേണ്ടി വന്ന ഇവര്‍ക്ക് ഡയാലിസിസിനും വിധേയമാക്കേണ്ടി വന്നു.
ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിന് ശേഷം യുവതി അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. തന്റെ ചികിത്സയെക്കുറിച്ച് അന്വേഷിക്കാന്‍ കോടതി ഒരു വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നായിരുന്നു ആവശ്യം. രോഗനിര്‍നിര്‍ണയത്തിലും ചികിത്സയിലും പിഴവുകള്‍ പറ്റിയതായും താന്‍ ഏറെ ദുരിതമനുഭവിച്ചെന്നും മരണത്തിന്റെ വക്കോളമെത്തി തിരിച്ച് ജീവിതത്തിലേക്ക് മടങ്ങിവരികയായിരുന്നുവെന്നും ഇവര്‍ പരാതിയില്‍ പറഞ്ഞു.
തുടര്‍ന്ന് കോടതി നിയമിച്ച വിദഗ്ധ മെഡിക്കല്‍ സംഘം സംഭവം പരിശോധിച്ചു. രോഗനിര്‍ണയത്തിലും ചികിത്സയിലും രോഗിയുടെ സ്ഥിതി തുടര്‍ന്ന് പരിശോധിക്കുന്നതിലും വീഴ്ചകള്‍ പറ്റിയതായി അന്വേഷണ സമിതി കണ്ടെത്തി. ഈ പിഴവുകള്‍ രോഗിയുടെ ആരോഗ്യ നിലയെ ഗുരുതരമായി ബാധിച്ചുവെന്നും മരണം വരെ സംഭവിക്കാമായിരുന്നുവെന്നും സംഘം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി.
താന്‍ അനുവഭിച്ച ദുരിതത്തിനും മറ്റ് നഷ്ടങ്ങള്‍ക്കുമായി അഞ്ച് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു സ്ത്രീയുടെ ആവശ്യം. കേസ് ആദ്യം പരിഗണിച്ച പ്രാഥമിക കോടതി, സ്1ത്രീക്ക് രണ്ട് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചു. ഇതിനെതിരെ ആശുപത്രി അധികൃതര്‍ അപ്പീല്‍ നല്‍കുകയായിരുന്നു. എന്നാല്‍ വിധിയില്‍ മാറ്റം വരുത്താന്‍ അപ്പീല്‍ കോടതി തയ്യാറായില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam