അബുദാബിയില്‍ കൂടുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു; അര്‍ദ്ധരാത്രിക്ക് ശേഷം യാത്രാവിലക്ക്

By Web TeamFirst Published Jul 16, 2021, 7:15 PM IST
Highlights

തിങ്കളാഴ്‍ച മുതലാണ് പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്. റസ്റ്റോറന്റുകളിലും കഫേകളിലും പബ്ലിക് ബീച്ചുകളിലും പാര്‍ക്കുകളിലും ആകെ ശേഷിയുടെ 50 ശതമാനം പേരെ മാത്രമേ അനുവദിക്കുകയുള്ളൂ. 

അബുദാബി: കൊവിഡ് വ്യാപനത്തിന്റെ അടുത്തഘട്ടം പ്രതിരോധിക്കുന്നതിനായി അബുദാബിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. റസ്റ്റോറന്റുകള്‍, കഫേകള്‍, പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവിടങ്ങളിലെ ആളുകളുടെ എണ്ണം കൂടുതല്‍ പരിമിതപ്പെടുത്തിയതിന് പുറമെ ദേശീയ അണുനശീകരണ പ്രവര്‍ത്തനങ്ങളുടെ അടുത്ത ഘട്ടവും പ്രഖ്യാപിച്ചിട്ടുണ്ട്.

തിങ്കളാഴ്‍ച മുതലാണ് പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്. റസ്റ്റോറന്റുകളിലും കഫേകളിലും പബ്ലിക് ബീച്ചുകളിലും പാര്‍ക്കുകളിലും ആകെ ശേഷിയുടെ 50 ശതമാനം പേരെ മാത്രമേ അനുവദിക്കുകയുള്ളൂ. ഫെബ്രുവരി മാസം മുതല്‍ 60 ശതമാനം പേര്‍ക്ക് അനുമതി നല്‍കിയിരുന്നു. പബ്ലിക് ട്രാന്‍സ്‍പോര്‍ട്ട് ബസുകളില്‍ കയറാവുന്ന ആളുകളുടെ എണ്ണം ആകെ ശേഷിയുടെ 50 ശതമാനമായി കുറച്ചു. നിലവില്‍ ഇത് 75 ശതമാനമാണ്. ബസുകളില്‍ ഇപ്പോള്‍ തന്നെ ഒന്നിടവിട്ടുള്ള സീറ്റുകളിലാണ് ഇരിക്കാന്‍ അനുവദിക്കുന്നത്. ഇത് ലംഘിക്കുന്നവര്‍ക്ക് 3000 ദിര്‍ഹം പിഴ ഈടാക്കും.

അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാവുന്ന ടാക്സികളില്‍ പരമാവധി മൂന്ന് പേരെ അനുവദിക്കും. ഏഴ് പേര്‍ക്ക് യാത്ര ചെയ്യാവുന്ന ടാക്സികളില്‍ നാല് പേര്‍ക്ക് വരെ യാത്ര ചെയ്യാം. ഷോപ്പിങ് മാളുകള്‍ (40 ശതമാനം), സിനിമാ തീയറ്ററുകള്‍ (30 ശതമാനം), പ്രൈവറ്റ് ബീച്ചുകള്‍, സ്വിമ്മിങ് പൂളുകള്‍, ജിമ്മുകള്‍ (50 ശതമാനം) എന്നിവിടങ്ങളില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തന്നെ തുടരും.

ദേശീയ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന അര്‍ദ്ധരാത്രി 12 മുതല്‍‌ പുലര്‍‌ച്ചെ അഞ്ച് വരെ യാത്രാ നിയന്ത്രണം പ്രാബല്യത്തില്‍ വരും. ഈ സമയത്ത് പുറത്തിറങ്ങി യാത്ര ചെയ്യാന്‍ അബുദാബി പൊലീസില്‍ നിന്ന് പ്രത്യേക പെര്‍മിറ്റ് വാങ്ങണം. അബുദാബി എമിറേറ്റിലേക്ക് പ്രവേശിക്കാന്‍ 48 മണിക്കൂറിനിടെ നടത്തിയ പി.സി.ആര്‍ പരിശോധനാ ഫലത്തിന് പുറമെ 24 മണിക്കൂറിനിടെയുള്ള ഡി.പി.ഐ ടെസ്റ്റ് റിസള്‍ട്ടും നെഗറ്റീവായിരിക്കണം. എമിറേറ്റില്‍ പ്രവേശിച്ചതിന്റെ നാലാം ദിവസവും എട്ടാം ദിവസവും പി.സി.ആര്‍ പരിശോധന ആവര്‍ത്തിക്കുകയും വേണം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!