പാചകത്തിന് ഉപയോഗിച്ച എണ്ണ പാഴാക്കേണ്ട; ജൈവ ഇന്ധനമാക്കുന്ന പദ്ധതിയുമായി അബുദാബി

By Web TeamFirst Published May 31, 2021, 2:46 PM IST
Highlights

ഉപയോഗിച്ച എണ്ണ ഫാറ്റി ആസിഡ് ഉപയോഗിച്ച് സംസ്‌കരിച്ച് ബയോഡീസല്‍ ഉണ്ടാക്കാമെന്ന് തദ് വീര്‍ പ്രോജക്ട്‌സ് ആന്‍ഡ് ഫെസിലിറ്റീസ് ആക്ടിങ് ഡയറക്ടര്‍ അബ്ദുല്‍ മുഹ്‌സിന്‍ അല്‍ കതീരി പറഞ്ഞു.

അബുദാബി: വീടുകളിലും റെസ്റ്റോറന്റുകളിലും പാചകത്തിന് ഉപയോഗിച്ച എണ്ണ ഇനി വെറുതെ കളയണ്ട. ഇത്തരത്തില്‍ പാഴാക്കുന്ന എണ്ണ ശേഖരിച്ച് ജൈവ ഇന്ധനമാക്കുന്ന പദ്ധതി അബുദാബിയിലൊരുങ്ങുന്നു. അടുത്ത വര്‍ഷം ആദ്യത്തോടെ പദ്ധതി ആരംഭിക്കും.

എണ്ണ ശേഖരിച്ച് വെക്കുന്നതിനായി താമസക്കാര്‍ക്ക് സുരക്ഷിതമായ കണ്ടെയ്‌നറുകള്‍ നല്‍കും. ഇങ്ങനെ ശേഖരിക്കുന്ന എണ്ണ അബുദാബി പവര്‍ കോര്‍പ്പറേഷന്റെ സഹോദര സ്ഥാപനമായ എമിറേറ്റ്‌സ് വാട്ടര്‍, ഇലക്ട്രിസിറ്റി കമ്പനിയുടെ സഹകരണത്തോടെ സമാഹരിച്ച് തദ് വീര്‍ പ്ലാന്റിലെത്തിക്കും. ഉപയോഗിച്ച എണ്ണ ഫാറ്റി ആസിഡ് ഉപയോഗിച്ച് സംസ്‌കരിച്ച് ബയോഡീസല്‍ ഉണ്ടാക്കാമെന്ന് തദ് വീര്‍ പ്രോജക്ട്‌സ് ആന്‍ഡ് ഫെസിലിറ്റീസ് ആക്ടിങ് ഡയറക്ടര്‍ അബ്ദുല്‍ മുഹ്‌സിന്‍ അല്‍ കതീരി പറഞ്ഞു. ഈ ബയോ ഡീസല്‍ ഉപയോഗിച്ച് യന്ത്രങ്ങളും ബസ്, ലോറി, പിക്കപ്പ് എന്നീ വാഹനങ്ങളും പ്രവര്‍ത്തിപ്പിക്കാം. ഉപയോഗിച്ച ഗ്രീസ് സംസ്‌കരിച്ച് ബേസ് ഓയിലാക്കി വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പദ്ധതി 2010 മുതല്‍ തദ് വീര്‍ നടപ്പാക്കുന്നുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!