
ദമാം: സൗദിയിൽ വനിതകൾക്ക് കാർ വാടകയ്ക്ക് നൽകാൻ വിസമ്മതിക്കുന്നവർക്കെതിരെ നടപടി. വനിതകൾക്ക് കാർ വാടകയ്ക്ക് നൽകാൻ വിസമ്മതിക്കുന്ന റെന്റ് എ കാർ സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് പൊതു ഗതാഗത അതോറിറ്റിയാണ് മുന്നറിയിപ്പ് നൽകിയത്.
റെന്റ് എ കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം ക്രമീകരിക്കുന്ന നിയമാവലി അനുസരിച്ചു കാലാവധിയുള്ള തിരിച്ചറിയൽ കാർഡോ ഡ്രൈവിംഗ് ലൈസൻസോ ഇല്ലാത്ത സാഹചര്യത്തിൽ മാത്രമേ കാറുകൾ വാടകയ്ക്ക് നൽകാതിരിക്കാൻ അനുമതിയുള്ളുവെന്ന് പൊതുഗതാഗത അതോറിട്ടി വക്താവ് അബ്ദുള്ള അൽ മുതൈരി പറഞ്ഞു.
വാടകയ്ക്ക് നൽകുന്ന കാറുകളുടെ ഇൻഷുറൻസ് കവറേജ് പ്രകാരമുള്ള വ്യവസ്ഥകൾ അംഗീകരിക്കാത്തവർക്കും കാർ വാടകയ്ക്ക് എടുക്കുന്ന ആളിന്റെ കൈവശം ക്രെഡിറ്റ് കാർഡ് ഇല്ലെങ്കിലും കാർ വാടകയ്ക്ക് നൽകാതിരിക്കാൻ കഴിയും. എന്നാൽ, വ്യവസ്ഥകൾ പൂർണമായും പാലിക്കുന്നവർക്കു കാർ വാടകയ്ക്ക് നല്കാൻ വിസമ്മതിച്ചാൽ സ്ഥാപനത്തിന് ആയിരം റിയാൽ പിഴ ചുമത്തുമെന്ന് അബ്ദുള്ള അൽ മുതൈരി വ്യക്തമാക്കി.
പല റെന്റ് എ കാർ സ്ഥാപനങ്ങളും വനിതകൾക്ക് കാറുകൾ വാടകയ്ക്ക് നല്കാൻ വിസമ്മതിക്കുന്ന സാഹചര്യത്തിലാണ് പൊതു ഗതാഗത അതോറിറ്റി മുന്നറിയിപ്പ് നല്‍കിയത്. കഴിഞ്ഞ വർഷം ജൂൺ 24 മുതലാണ് സൗദിയിൽ വനിതകൾക്ക് വാഹനം ഓടിക്കുന്നതിനുള്ള അനുമതി പ്രാബല്യത്തിൽ വന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam