യുഎഇയില്‍ കൊവിഡ് വാക്സിനെടുക്കാന്‍ വിസമ്മതിക്കുന്ന അധ്യാപകര്‍ക്കെതിരെ നടപടിയെന്ന് അധികൃതര്‍

By Web TeamFirst Published Sep 3, 2021, 5:15 PM IST
Highlights

രാജ്യത്ത് സ്‍കൂളുകളില്‍ നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിച്ച സാഹചര്യത്തില്‍ എല്ലാ അധ്യാപകരും സ്‍കൂള്‍ ജീവനക്കാരും കൊവിഡ് വാക്സിനെടുത്തിരിക്കണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. 

അബുദാബി: യുഎഇയില്‍ കൊവിഡ് വാക്സിനെടുക്കാന്‍ ബോധപൂര്‍വം വിസമ്മതിക്കുന്ന പബ്ലിക് സ്‍കൂള്‍ അധ്യാപകര്‍ക്കെതിരെ ആവശ്യമായ നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വാക്സിനെടുക്കാന്‍ പാടില്ലാത്ത തരത്തിലുള്ള ആരോഗ്യ പ്രശ്‍നങ്ങളുണ്ടെന്ന് കാണിച്ച് ആരോഗ്യ വകുപ്പ് അധികൃതരില്‍ നിന്ന് ലഭിക്കുന്ന പ്രത്യേക അനുമതിയില്ലാത്തവര്‍ക്കെല്ലാം വാക്സിനേഷന്‍ നിര്‍ബന്ധമാണ്.

രാജ്യത്ത് സ്‍കൂളുകളില്‍ നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിച്ച സാഹചര്യത്തില്‍ എല്ലാ അധ്യാപകരും സ്‍കൂള്‍ ജീവനക്കാരും കൊവിഡ് വാക്സിനെടുത്തിരിക്കണമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം. 16 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കും വാക്സിനേഷന്‍ നിര്‍ബന്ധമാണ്. ഇവര്‍ക്ക് പുറമെ സ്‍കൂള്‍ പരിസരങ്ങളില്‍ പ്രവേശിക്കുന്ന മറ്റുള്ളവര്‍ക്കും വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. രക്ഷിതാക്കള്‍ക്കും സ്‍കൂള്‍ സന്ദര്‍ശിക്കണമെങ്കില്‍ വാക്സിനേഷന്‍ ആവശ്യമാണ്. വാക്സിനേഷനില്‍ ഇളവ് ലഭിച്ചവര്‍ക്ക് മാത്രമാണ് ഇതിലും ഇളവ് ലഭിക്കുക. ഇവര്‍ ഇളവ് തെളിയിക്കുന്ന ഔദ്യോഗിക രേഖകള്‍ ഹാജരാക്കണം. കൊവിഡ് സാഹചര്യത്തില്‍ സ്‍കൂളുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് വിശമായ മാര്‍ഗരേഖ അധികൃതര്‍ സ്‍കൂളുകള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇതനുസരിച്ച് കര്‍ശന സുരക്ഷാ നിബന്ധനകള്‍ പാലിച്ചാണ് ക്ലാസുകള്‍ നടക്കുന്നത്.

click me!