ടേക്ക് ഓഫിന് പിന്നാലെ കടലിലേക്ക് താഴ്ന്ന് പറന്ന് വിമാനം, അപായ സന്ദേശം, വൻ അപകടം ഒഴിവായ സംഭവത്തിൽ അന്വേഷണം

Published : Oct 20, 2025, 09:30 PM IST
flight

Synopsis

ടേക്ക് ഓഫിന് പിന്നാലെ വിമാനം കടലിന്‍റെ ഉപരിതലത്തിലേക്ക് അപകടകരമാം വിധത്തില്‍ താഴ്ന്ന് പറന്നു. ഗുരുതരമായ സംഭവം എന്നാണ് അധികൃതർ ഇതിനെ വിശേഷിപ്പിക്കുന്നത്. സംഭവത്തിൽ ഇറ്റലിയുടെ വ്യോമയാന സുരക്ഷാ റെഗുലേറ്ററി അതോറിറ്റി അന്വേഷണം ആരംഭിച്ചു.

കത്താനിയ: ടേക്ക് ഓഫിന് പിന്നാലെ ക‍ടലിലേക്ക് അപകടകരമാം വിധം താഴ്ന്ന് പറന്ന് വിമാനം. ഇറ്റലിയിലെ സിസിലിയിലെ കത്താനിയ വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത ഉടൻ എയർ അറേബ്യ വിമാനം മെഡിറ്ററേനിയൻ കടലിന് സമീപം അപകടകരമായ വിധം താഴ്ന്ന് പറന്ന സംഭവത്തിൽ ഇറ്റലിയുടെ വ്യോമയാന സുരക്ഷാ റെഗുലേറ്ററി അതോറിറ്റി അന്വേഷണം ആരംഭിച്ചു. ഗുരുതരമായ സംഭവം എന്നാണ് അധികൃതർ ഇതിനെ വിശേഷിപ്പിക്കുന്നത്.

ഒരു മാസം മുമ്പാണ് സംഭവം നടന്നതെന്ന് ഇറ്റലിയിലെ വ്യോമയാന അപകട അന്വേഷണ അതോറിറ്റി അറിയിച്ചു. ജോർദാനിലെ ക്വീൻ ആലിയ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം കടലിന്‍റെ ഉപരിതലത്തോട് അടുത്തപ്പോൾ, കോക്ക്പിറ്റിലെ ഗ്രൗണ്ട് പ്രോക്‌സിമിറ്റി വാണിംഗ് സിസ്റ്റം പൈലറ്റുമാർക്ക് മുന്നറിയിപ്പ് നൽകുകയായിരുന്നു.

"2025 സെപ്റ്റംബർ 20-ന് യുടിസി (Coordinated Universal Time ) 21:57നാണ് കത്താനിയ വിമാനത്താവളത്തിൽ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്തത്. ജോർദാനിലെ ക്വീൻ ആലിയ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എയർ അറേബ്യയുടെ എയർബസ് A320 വിമാനമാണ് കടൽ ഉപരിതലത്തോട് വളരെ കുറഞ്ഞ ദൂരത്തിൽ എത്തിയത്.ഉടന്‍ തന്നെ വിമാനത്തിന് ഗ്രൗണ്ട് പ്രോക്സിമിറ്റി വാണിങ് സിസ്റ്റത്തിന്‍റെ സന്ദേശം ലഭിച്ചു. പിന്നീട് വിമാനം തടസ്സങ്ങളില്ലാതെ യാത്ര തുടർന്നതായി ഇറ്റാലിയൻ വ്യോമയാന അപകട അന്വേഷണ അതോറിറ്റി( ANSV) പ്രസ്താവനയിൽ പറഞ്ഞു.

എയർ അറേബ്യ മാറോക്ക് വക്താവ് അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് ഖലീജ് ടൈംസ് സ്ഥിരീകരിച്ചു. "2025 സെപ്റ്റംബർ 20-ന് കത്താനിയയിൽ നിന്ന് അമ്മാനിലേക്ക് പോയ എയർ അറേബ്യ മാറോക്ക് ഫെറി വിമാനവുമായി ബന്ധപ്പെട്ട് ഗ്രൗണ്ട് പ്രോക്‌സിമിറ്റി വാണിംഗ് സിസ്റ്റം (GPWS) സജീവമായതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സുരക്ഷയ്ക്കും സുതാര്യതയ്ക്കും എയർ അറേബ്യ മാറോക്ക് പരമമായ പ്രാധാന്യം നൽകുന്നു. നിലവിലുള്ള അന്വേഷണത്തിന്റെ ഭാഗമായി ഇറ്റാലിയൻ നാഷണൽ ഏജൻസി ഫോർ ഫ്ലൈറ്റ് സേഫ്റ്റിയുമായി (ANSV) ഞങ്ങൾ പൂർണ്ണമായി സഹകരിക്കുന്നുണ്ട്," എയർലൈൻ വക്താവ് പറഞ്ഞു.

വിമാനത്തിൽ യാത്രക്കാർ ആരും ഉണ്ടായിരുന്നില്ല. എന്നാൽ രണ്ട് പൈലറ്റുമാരും നാല് കാബിൻ ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നു. എയർ അറേബ്യ ആറ് പ്രധാന ഹബ്ബുകളിൽ നിന്നാണ് സർവീസ് നടത്തുന്നത്. ഷാർജ അന്താരാഷ്ട്ര വിമാനത്താവളം, റാസ് അൽ ഖൈമ അന്താരാഷ്ട്ര വിമാനത്താവളം, മൊറോക്കോയിലെ കാസബ്ലാങ്കയിലുള്ള മുഹമ്മദ് അഞ്ചാമൻ അന്താരാഷ്ട്ര വിമാനത്താവളം, ഈജിപ്തിലെ അലക്‌സാൻഡ്രിയയിലുള്ള ബോർഗ് അൽ അറബ് അന്താരാഷ്ട്ര വിമാനത്താവളം, അബുദാബിയിലെ അബുദാബി അന്താരാഷ്ട്ര വിമാനത്താവളം, കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളം എന്നിവയാണിവ.

സംഭവത്തിൽ ഉൾപ്പെട്ട വിമാനം എയർ അറേബ്യ ഗ്രൂപ്പിന്റെ സംയുക്ത സംരംഭവും അംഗവുമായ എയർ അറേബ്യ മാറോക്ക് ആണ് പ്രവർത്തിപ്പിച്ചിരുന്നത്. കാസബ്ലാങ്കയിലെ മുഹമ്മദ് അഞ്ചാമൻ വിമാനത്താവളത്തിൽ അധിഷ്ഠിതമായ ഈ കാരിയർ മൊറോക്കോയിലെ കുറഞ്ഞ യാത്രാ നിരക്കിൽ വിമാന സർവീസ് നടത്തുന്ന എയർലൈനാണ്. 2009 ഏപ്രിൽ 29-ന് ആരംഭിച്ച ഈ എയർലൈൻ യൂറോപ്പിലെ നിരവധി സ്ഥലങ്ങളിലേക്ക് സർവീസുകൾ നൽകുന്നുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ ഈ ആഴ്ച മഴ തുടരും, മൂടൽമഞ്ഞിനും സാധ്യത
29 കിലോഗ്രാം മയക്കുമരുന്നുമായി 15 പേർ ബഹ്റൈനിൽ പിടിയിൽ