ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്‍പ്രസ് വിമാനം അല്‍ ഐനിലിറക്കി; പരാതിയുമായി യാത്രക്കാര്‍

By Web TeamFirst Published Jan 6, 2019, 1:05 PM IST
Highlights

അല്‍ ഐനിലെത്തിയ യാത്രക്കാര്‍ നാല് മണിക്കൂറോളം എന്ത് ചെയ്യണമെന്നറിയാതെ വിമാനത്താവളത്തില്‍ കുടുങ്ങിയെന്നും. പിന്നീട് പുലര്‍ച്ചെ 6.30ഓടെയാണ് വിമാനം തിരികെ ഷാര്‍ജ വിമാനത്താവളത്തില്‍ എത്തിച്ചത്. ഷാര്‍ജയിലും ദുബായിലും ഇറങ്ങാന്‍ അനുമതി നിഷേധിക്കപ്പെട്ടതിനാലാണ് അല്‍ഐനില്‍ ലാന്റ് ചെയ്യേണ്ടിവന്നതെന്നാണ് അറിയിച്ചത്. 

ഷാര്‍ജ: ഷാര്‍ജിയില്‍ ഇറങ്ങേണ്ട എയല്‍ ഇന്ത്യ എക്സ്‍പ്രസ് വിമാനം അല്‍ഐനിലിറക്കിയതിനെച്ചൊല്ലി യാത്രക്കാരുടെ പ്രതിഷേധം. മുംബൈയില്‍ നിന്ന് ഇന്നലെ രാത്രി പുറപ്പെട്ട് ഇന്ന് പുലര്‍ച്ചെ 1.25ന് ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങേണ്ട IX 251 വിമാനമാണ് അല്‍ഐനിലേക്ക് തിരിച്ചുവിട്ടത്. മോശം കാലാവസ്ഥ കാരണം കാഴ്ച വ്യക്തമാകാത്തതാണ് കാരണമെന്ന് അധികൃതര്‍ അറിയിച്ചുവെങ്കിലും യാതൊരു അറിയിപ്പും നല്‍കിയില്ലെന്ന് ആരോപിച്ച് യാത്രക്കാര്‍ രംഗത്തെത്തി.

അല്‍ ഐനിലെത്തിയ യാത്രക്കാര്‍ നാല് മണിക്കൂറോളം എന്ത് ചെയ്യണമെന്നറിയാതെ വിമാനത്താവളത്തില്‍ കുടുങ്ങിയെന്നും. പിന്നീട് പുലര്‍ച്ചെ 6.30ഓടെയാണ് വിമാനം തിരികെ ഷാര്‍ജ വിമാനത്താവളത്തില്‍ എത്തിച്ചത്. ഷാര്‍ജയിലും ദുബായിലും ഇറങ്ങാന്‍ അനുമതി നിഷേധിക്കപ്പെട്ടതിനാലാണ് അല്‍ഐനില്‍ ലാന്റ് ചെയ്യേണ്ടിവന്നതെന്നാണ് അറിയിച്ചത്. മുംബൈയില്‍ നിന്ന് വിമാനം വൈകി പുറപ്പെടുകയായിരുന്നുവെന്നും യാത്രക്കാര്‍ ആരോപിച്ചു. 11.40ന് മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട വിമാനം 12.10നായിരുന്നു പുറപ്പെട്ടത്.

വിമാനം വൈകിയത് സംബന്ധിച്ചും ഒരു അറിയിപ്പും യാത്രക്കാര്‍ക്ക് നല്‍കിയില്ലെന്നും പരാതി ഉയര്‍ന്നു. ഷാര്‍ജയില്‍ കാത്തുനില്‍ക്കുകയായിരുന്ന ബന്ധുക്കളെ വിവരമറിയിക്കാനും പലര്‍ക്കും കഴിഞ്ഞില്ല. ഇതും യാത്രക്കാരെ രോഷാകുലരാക്കി. അതേസമയം യാത്രക്കാരുടെയും വിമാനത്തിന്റെയും സുരക്ഷ കണത്തിലെടുത്താണ് വിമാനം അല്‍ഐനില്‍ ലാന്റ് ചെയ്യേണ്ടി വന്നതെന്ന് എയര്‍ ഇന്ത്യ എക്സ്‍പ്രസ് ഗള്‍ഫ്-മിഡില്‍ ഈസ്റ്റ്-ആഫ്രിക്ക റീജ്യണല്‍ മാനേജര്‍ മോഹിത് സൈന്‍ മാധ്യമങ്ങളോട് പറഞ്ഞു.

click me!