യുഎഇയില്‍ അഞ്ച് കോടി ദിര്‍ഹത്തിന്റെ ബയോ ഗ്യാസ് പദ്ധതിയുമായി അല്‍ റവാബി ഡയറി കമ്പനി

Published : Jun 28, 2019, 01:19 PM IST
യുഎഇയില്‍ അഞ്ച് കോടി ദിര്‍ഹത്തിന്റെ ബയോ ഗ്യാസ് പദ്ധതിയുമായി അല്‍ റവാബി ഡയറി കമ്പനി

Synopsis

അല്‍ റവാബി നിര്‍മിക്കാന്‍ ലക്ഷ്യമിടുന്ന ബയോഗ്യാസ് പദ്ധതി വഴി 1.3 മെഗാവാട്ട് വൈദ്യുതിയും 1.4 മെഗാവാട്ട് താപോര്‍ജവും  ഉല്‍പാദിപ്പിക്കാനാവും. പ്രതിദിനം 10 ടണ്‍  മാലിന്യം സംസ്കരിച്ച് 150 ക്യുബിക് മീറ്റര്‍ വെള്ളം വേര്‍തിരിച്ചെടുത്ത് കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാവും. അമോണിയ കലരുന്നത് 90 ശതമാനം വരെ തടയുന്നതിനാല്‍ ഭൂഗര്‍ഭജലത്തെയും സംരക്ഷിക്കുന്നതിന് പദ്ധതി ഉപകരിക്കും.

ദുബായ്: യുഎഇയിലെ ഏറ്റവും വലിയ ക്ഷീരോല്‍പാദക സ്ഥാപനമായ അല്‍ റവാബി കമ്പനി, ബയോ ഗ്യാസ് നിര്‍മാണ രംഗത്തേക്ക് കടക്കുന്നു. 13,500ലധികം പശുക്കളുള്ള അല്‍ റവാബി, ബയോഗ്യാസ് രംഗത്തെ മുന്‍നിരക്കാരായ ജര്‍മന്‍ കമ്പനി മെലെ ബയോഗ്യാസുമായി ചേര്‍ന്നാണ് യുഎഇയിലെത്തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. സുസ്ഥിര ഹരിത ഊര്‍ജ രംഗത്ത് 2050ഓടെ വ്യക്തമായ മേധാവിത്വം നേടാനുള്ള യുഎഇയുടെ ലക്ഷ്യത്തിന്റെ ഭാഗമാവുന്നതാണ് പദ്ധതി.

യുഎഇ പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി ഡോ. ഥാനി ബിന്‍ അഹ്‍മദ് അല്‍ സുവൈദിയുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രഖ്യാപനം. ഹരിത സാമ്പത്തിക വ്യവസ്ഥയിലേക്കുള്ള സുഗമമായ മാറ്റത്തിന് യുഎഇ സമഗ്രമായ നയ-നിയമ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സുസ്ഥിര ഊര്‍ജ സ്രോതസുകള്‍ ഉപയോഗപ്പെടുത്തുന്ന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുക വഴി യുഎഇയുടെ ഗ്രീന്‍ അജണ്ടയുടെയും  (2015-2030), ദേശീയ കാലാവസ്ഥാ വ്യതിയാന പദ്ധതിയുടെയും (2017-2050), യുഎഇ ഊര്‍ജ പദ്ധതിയുടെയും (2050) ലക്ഷ്യങ്ങള്‍ ആര്‍ജിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

മാലിന്യസംസ്കരണ രംഗത്തും ഊര്‍ജരംഗത്തുമുള്ള നൂതന സാങ്കേതികവിദ്യകളിലേക്കുള്ള യുഎഇയുടെ ലക്ഷ്യങ്ങള്‍ക്ക് അനുഗുണമാണ് അല്‍ റവാബിയുടെ ബയോഗ്യാസ് ഉല്‍പാദനമെന്നും അല്‍ സുവൈദി പറഞ്ഞു. സുസ്ഥിര ഊര്‍ജ രംഗത്തെ ലക്ഷ്യങ്ങളില്‍ പൂര്‍ത്തീകരിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങള്‍ക്ക് അല്‍ റവാബി പോലുള്ള കമ്പനികള്‍ നല്‍കുന്ന സംഭാവനകളെ അനുമോദിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
"

30 വര്‍ഷം കൊണ്ട് അല്‍ റവാബി അഭിമാനാര്‍ഹമായ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെന്ന് ചെയര്‍മാന്‍ അബ്ദുല്ല സുല്‍ത്താന്‍ അല്‍ ഉവൈസ് പറഞ്ഞു. ഇന്ന് അല്‍ റബാവി കേലവം ഒരു ഡയറി ഫാം മാത്രമല്ല. സ്വന്തം സാങ്കേതിക വിദ്യയും പുതിയ മാര്‍ഗങ്ങളും പ്രമുഖ അന്താരാഷ്ട്ര സ്ഥാപനങ്ങളുമായുള്ള സഹകരണവും ഉപയോഗപ്പെടുത്തി പ്രാദേശിക തലത്തിലും അന്താരാഷ്ട്ര തലത്തിലുമുള്ള പാരിസ്ഥിതിക പ്രശ്നങ്ങളെ നേരിടുകയാണ് അല്‍ റവാബി.

പാരിസ്ഥിതി പ്രശ്നങ്ങളെ സമഗ്രമായി നേരിടുന്ന ഗള്‍ഫ് രാജ്യങ്ങളിലെത്തന്നെ ആദ്യ സ്ഥാപനമായി അല്‍ റവാബിയെ മാറ്റുകയാണ് ലക്ഷ്യം. ഫാം മാലിന്യങ്ങളില്‍ നിന്ന് ബയോഗ്യാസ് നിര്‍മിക്കാനുള്ള പദ്ധതി പ്രാവര്‍ത്തികമാവുന്നതോടെ ഫാമിലെ ദുര്‍ഗന്ധം 80 ശതമാനത്തോളം കുറയ്ക്കാനും ഫാമിലെ തന്നെ ഉപയോഗത്തിനായി വെള്ളം ശുദ്ധികരിച്ച് വേര്‍തിരിച്ചെടുക്കാനും സാധിക്കും. വൈദ്യുതി, താപ ഉല്‍പാദനവും ഗുണമേന്മയുള്ള വളം ഉല്‍പാദിപ്പിക്കാനും ഇതിലൂടെ സാധിക്കും.

ഇത്തരമൊരു പദ്ധതി ആവിഷ്കരിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് അല്‍ റവാബി സിഇഒ ഡോ. അഹ്‍മദ് അല്‍ തിഗാനി പറ‌ഞ്ഞു. 1.3 മെഗാവാട്ട് വൈദ്യുതിയും 1.4 മെഗാവാട്ട് താപോര്‍ജവും പദ്ധതിയിലൂടെ ഉല്‍പാദിപ്പിക്കാനാവും. പ്രതിദിനം 10 ടണ്‍ ചാണകം അല്‍ റവാബിയുടെ മാലിന്യ സംസ്കരണകേന്ദ്രത്തില്‍ സംസ്കരിച്ച് 150 ക്യുബിക് മീറ്റര്‍ വെള്ളം വേര്‍തിരിച്ചെടുത്ത് കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാവും. അമോണിയ കലരുന്നത് 90 ശതമാനം വരെ തടയുന്നതിനാല്‍ ഭൂഗര്‍ഭജലത്തെയും സംരക്ഷിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

ക്ഷീരോല്‍പ്പന്ന-ജ്യൂസ് കമ്പനിയായ അല്‍ റവാബിയുടെ പ്രവര്‍ത്തനം യുഎഇയിലും ഒമാനിലുമായി വ്യാപിച്ച് കിടക്കുകയാണ്. പാല്‍, തൈര്, ജ്യൂസ് എന്നിങ്ങനെയുള്ള ഉല്‍പ്പന്നങ്ങള്‍ 13,000ലധികം സ്റ്റോറുകളിലൂടെ ലഭ്യമാക്കുന്നു. 1989ല്‍ ഇറക്കുമതി ചെയ്ത 500 പശുക്കളുമായി അല്‍ ഖവാനീജില്‍ ആരംഭിച്ച ഫാമില്‍ ഇപ്പോള്‍ 13,500ലധികം പശുക്കളുണ്ട്. 1991ല്‍ യുഎഇയില്‍ പ്ലാസ്റ്റിക് ബോട്ടിലുകള്‍ കൊണ്ടുവന്ന അല്‍ റവാബി, ജിസിസിയില്‍ തന്നെ ആദ്യമായി 1995ല്‍ ഫ്രഷ് ജ്യൂസുകള്‍ വിപണിയിലെത്തിച്ച സ്ഥാപനമാണ്. മറ്റ് നിരവധി ജ്യൂസ്, ക്ഷീര ഉല്‍പ്പന്നങ്ങള്‍ ആദ്യമായി വിപണിയിലെത്തിച്ച അല്‍ റവാബിക്ക് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

മൃഗ സംരക്ഷണവും പരിസ്ഥിതി സംരക്ഷണവും മുഖ്യലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നതില്‍ അല്‍ റവാബി എന്നും മുന്‍നിരയിലാണ്. സുരക്ഷിതവും സന്തോഷകരവുമായ സമൂഹികാന്തരീക്ഷം ഉറപ്പുവരുത്തുന്നതിന് ജനങ്ങള്‍ക്ക് അവബോധം പകരാന്‍ ലക്ഷ്യമിട്ടുള്ള അല്‍ റവാബിയുടെ ശ്രമങ്ങളും ശ്രദ്ധേയമായിരുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു
ദേശീയ ദിനം വിപുലമായി ആഘോഷിച്ച് ഖത്തർ