
അബുദാബി: സ്വദേശമായ തിരുവനന്തപുരത്തേക്ക് തിരിച്ചുപോകാനൊരുങ്ങുമ്പോഴാണ് പ്രവാസിയായ മലയാളി താജുദ്ദീൻ അലിയാർ കുഞ്ഞിനെ തേടി ബിഗ് ടിക്കറ്റ് സമ്മാനമെത്തുന്നത്. 40 വർഷമായി സൗദി അറേബ്യയിൽ പ്രവാസിയാണ് ഇദ്ദേഹം. സുഹൃത്തുക്കളും സഹ പ്രവർത്തകരുമായ 16 പേരോടൊപ്പമാണ് താജുദ്ദീൻ ബിഗ് ടിക്കറ്റ് എടുക്കുന്നത്. അഞ്ചാമത്തെ തവണയാണ് ഇദ്ദേഹം ഭാഗ്യ പരീക്ഷണം നടത്തിയിരുന്നത്. എന്നാൽ ഇത്തവണ ഭാഗ്യം തന്നോടൊപ്പമായിരുന്നെന്ന് താജുദ്ദീൻ പറയുന്നു. 57 കോടി ഇന്ത്യൻ രൂപയാണ് ബിഗ് ടിക്കറ്റ് സമ്മാനമായി ഈ 16 പേരുടെ സംഘത്തിന് ലഭിക്കുന്നത്.
ജീവിതത്തിൽ ഉയർച്ചകളും താഴ്ച്ചകളും ഉണ്ടായപ്പോഴൊന്നും തളർന്നിരുന്നില്ല. തന്റെ 61ാം വയസ്സിലാണ് ഇദ്ദേഹത്തിന് ബിഗ് ടിക്കറ്റ് സമ്മാനം ലഭിക്കുന്നത്. സൗദി പ്രവാസിയായ താജുദ്ദീൻ അൽ ഹൈലിൽ വാട്ടർപ്രൂഫിങ്, ട്രാൻസ്പോർട്ട് ബിസിനസ് നടത്തിവരികയായിരുന്നു. 1985ലാണ് കുന്നോളം സ്വപ്നവുമായി ഇദ്ദേഹം സൗദിയിലെത്തിയത്. ഇവിടെയെത്തിയത് വെറും കൈയുമായാണ്. ആദ്യം ഒരു ഫാമിലായിരുന്നു ജോലി. പിന്നീട് വാട്ടർപ്രൂഫിങ്, ട്രാൻസ്പോർട്ട് ബിസിനസിലേക്ക് മാറുകയായിരുന്നു.
കേരളത്തിൽ നിന്നുള്ള 15 പേരും ഒരു തമിഴ്നാട് സ്വദേശിയും ഉൾപ്പെട്ട 16 പേരും ചേർന്ന് ഒരു ഗ്രൂപ്പ് ഉണ്ടാക്കി. ഗ്രൂപ്പിലുള്ളവരെല്ലാം ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ്. പതിറ്റാണ്ടുകളായി ഈ മരുഭൂമിയിൽ അധ്വാനിച്ചിട്ടും ഞങ്ങളിൽ പലരുടെയും കുടുംബം ഇന്നും ജീവിക്കാൻ ബുദ്ധിമുട്ടുന്നവരാണ്. പലർക്കും സമ്പാദ്യമോ നാട്ടിൽ സ്വന്തമായി ഒരു വീടോ ഇല്ല. ബിഗ് ടിക്കറ്റ് സമ്മാനം ഈ പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ്. ഞങ്ങൾ 16 പേർ ആണെങ്കിലും സമ്മാനം 17 ഭാഗങ്ങളായി പങ്കുവെക്കും. പതിനേഴാമത്തെ പങ്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ളതാണ്. ആദ്യത്തെ ടിക്കറ്റ് വാങ്ങിയപ്പോൾ തന്നെ നമുക്കിടയിൽ ഇത്തരമൊരു ഉടമ്പടി ഉണ്ടായിരുന്നു.
ബിഗ് ടിക്കറ്റിൽ രജിസ്റ്റർ ചെയ്തിരുന്നപ്പോൾ തന്റെ നാട്ടിലെ നമ്പറാണ് കൊടുത്തിരുന്നതെന്ന് താജുദ്ദീൻ പറയുന്നു. ബിഗ് ടിക്കറ്റ് അധികൃതർ വിളിച്ചത് ആ നമ്പറിലേക്കാണ്. ഭാര്യയാണ് ഫോൺ എടുത്തത്. തട്ടിപ്പാണെന്ന് കരുതി ഫോൺ കട്ട് ചെയ്തു. പിന്നീട് ദുബൈയിലുള്ള ഒരു ബന്ധു മുഖേനയാണ് വിജയത്തിന് അർഹനായ വിവരം അറിയുന്നത്. ആദ്യം തമാശ പറയുകയാണെന്ന് കരുതി, പിന്നീട് നമ്പർ പരിശോധിച്ചപ്പോൾ വിജയം ഉറപ്പായി. ആ നിമിഷത്തെ ഞെട്ടലിൽ നിന്ന് ഇതുവരെയും മുക്തനായിട്ടില്ലെന്ന് താജുദ്ദീൻ പറയുന്നു.
മലയാളികളെ ഉൾപ്പെടെ നിരവധി പേരെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റിന്‍റെ നറുക്കെടുപ്പിൽ ഇത്തവണ വിജയിയായ താജുദ്ദീൻ അലിയാർ കുഞ്ഞിന് 2.5 കോടി ദിർഹം രൂപയാണ് സമ്മാനമായി ലഭിച്ചിരിക്കുന്നത്. ഇത് 57 കോടി ഇന്ത്യൻ രൂപ വരും. ഇദ്ദേഹം ഏപ്രിൽ 18ന് വാങ്ങിയ ടിക്കറ്റാണ് സമ്മാനം നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ