
ദുബൈ: യുഎഇ ലോട്ടറിയുടെ ലക്കി ഡേ നറുക്കെടുപ്പിൽ 12 അംഗ ഇന്ത്യൻ സംഘത്തിന് സമ്മാനം. പത്ത് ലക്ഷം ദിർഹമാണ് സമ്മാനമായി ലഭിച്ചത്. തമിഴ്നാട്ടിൽ നിന്നുള്ള മുപ്പതുകാരനായ ആനന്ദ് പെരുമാൾസ്വാമി എടുത്ത ടിക്കറ്റിനാണ് ഭാഗ്യം. അടുത്ത മാസം വിവാഹം നടക്കാനിരിക്കെയാണ് ഇദ്ദേഹത്തെ തേടി അപ്രതീക്ഷിത ഭാഗ്യമെത്തിയത്. ദുബൈയിലുള്ള സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ് ആനന്ദ്. സഹപ്രവർത്തകരും സുഹൃത്തുകളും ചേർന്നാണ് ടിക്കറ്റ് എടുത്തത്. 50 ദിർഹം വിലയുള്ള രണ്ട് ടിക്കറ്റുകളാണ് എടുത്തിരുന്നത്.
ചായ കുടിക്കാൻ ചെലവാക്കുന്ന തുക മാറ്റിവെച്ചാണ് ടിക്കറ്റുകൾ വാങ്ങാറുള്ളതെന്നും സ്ഥിരമായി ഭാഗ്യ പരീക്ഷണം നടത്താറുണ്ടെന്നും ആനന്ദ് പറയുന്നു. ഇതിൽ നിന്നും ലഭിക്കുന്ന തുക ആനുപാതികമായി പങ്കിട്ടെടുക്കും. എപ്പോഴും ടിക്കറ്റ് എടുക്കുന്നതിനാൽ ഓരോ തവണ ടിക്കറ്റിന് സമ്മാനം ലഭിക്കാതെ പോകുമ്പോഴും ചെറിയ നിരാശ ഉണ്ടായിരുന്നു. എന്നാൽപ്പോലും പ്രതീക്ഷ കൈവിട്ടില്ല. ഒരിക്കൽ ഈ സമ്മാനം നേടും എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു- ആനന്ദ് പറയുന്നു.
വെബ്സൈറ്റിൽ എല്ലാത്തവണത്തെയും പോലെ എന്റെ അക്കൗണ്ട് തുറക്കുകയായിരുന്നു. അപ്പോൾ പെട്ടെന്ന് അഭിനന്ദനങ്ങൾ എന്ന് കാണിച്ചു. എന്തെണെന്ന് എനിക്കപ്പോൾ മനസ്സിലായിരുന്നില്ല. അപ്പോൾ തന്നെ കസ്റ്റമർ കേന്ദ്രവുമായി ബന്ധപ്പെട്ടു. അവർ പറഞ്ഞു സമ്മാനം ലഭിച്ചിട്ടുണ്ടെങ്കിൽ അധികൃതർ ഫോൺ വിളിച്ച് അറിയിക്കുമെന്ന്. കുറച്ച് സമയങ്ങൾക്ക് ശേഷം എനിക്ക് ഫോൺ കോൾ വന്നു, സമ്മാനം ലഭിച്ച വിവരം അറിയിച്ചു. ആ നിമിഷമാണ് ഞങ്ങളുടെ ജീവിതം ആകെ മാറ്റിമറിച്ചത്. സമ്മാനം ലഭിച്ച വിവരം ആദ്യം പറഞ്ഞത് അടുത്ത് കിടന്ന് ഉറങ്ങുകയായിരുന്ന സുഹൃത്തിനോടായിരുന്നു. ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിച്ചാണ് പറഞ്ഞത്. അത് കേട്ടപ്പോൾ അവന് ആകെ ഞെട്ടലായിരുന്നു. എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു- ആനന്ദ് പറയുന്നു.
അടുത്ത മാസം വിവാഹിതനാകുന്ന ആനന്ദിനെ സംബന്ധിച്ച് ഇത് ഒരു വിവാഹ സമ്മാനം കൂടിയാണ്. വീട് വെക്കണം, കട ബാധ്യതകൾ ഒഴിവാക്കണം, വാഹനം വേടിക്കണം, കുറച്ച് കുട്ടികൾക്കെങ്കിലും വിദ്യാഭ്യാസത്തിന് സഹായം നൽകണം തുടങ്ങിയ ആഗ്രഹങ്ങൾ നിറവേറ്റുക എന്നത് മാത്രമാണ് ആനന്ദിന്റെ മുന്നിൽ ഇപ്പോഴുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam