ചൈനീസ് റോക്കറ്റ് അവശിഷ്ടങ്ങള്‍ പതിക്കല്‍; അറബ് രാജ്യങ്ങള്‍ക്ക് ഭീഷണിയില്ലെന്ന് വിവരം

By Web TeamFirst Published May 8, 2021, 9:03 PM IST
Highlights

ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, യുഎഇ, ലെബനന്‍, യെമന്‍ എന്നീ രാജ്യങ്ങള്‍ ഭീഷണിയില്‍ നിന്ന് ഒഴിവായെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ അറബ് ലോകത്തിന്റെ മുകളിലൂടെ ശനിയാഴ്ച രാത്രി കടന്നുപോകും.

ദോഹ: നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ പതിക്കുന്നതിന്‍റെ ഭീഷണിയില്‍ നിന്ന് ഖത്തര്‍ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ സുരക്ഷിതമെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം പുറത്തിറക്കിയ പുതിയ സാറ്റലൈറ്റ് റീ എന്‍ട്രി മാപ്പ് അടിസ്ഥാനമാക്കിയുള്ള വിവരമാണിത്.

ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, യുഎഇ, ലെബനന്‍, യെമന്‍ എന്നീ രാജ്യങ്ങള്‍ ഭീഷണിയില്‍ നിന്ന് ഒഴിവായെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ അറബ് ലോകത്തിന്റെ മുകളിലൂടെ ശനിയാഴ്ച രാത്രി കടന്നുപോകും. വൈകുന്നേരം 6.30നായിരിക്കും ഇത് ആദ്യം അറേബ്യന്‍ ഗള്‍ഫില്‍ സംഭവിക്കുക. പിന്നീട് 8.03ന് ഈജിപ്തിന് മുകളിലൂടെയും കടന്നുപോകും. മൂന്നാമതും നാലാമതുമായി രാത്രി 9.30നും 11 മണിക്കും വടക്കുപടിഞ്ഞാറന്‍ ആഫ്രിക്കയ്ക്ക് മുകളിലൂടെയും ഇത് സംഭവിക്കും. എന്നാല്‍ ഇത് ഈ രാജ്യങ്ങളില്‍ അപകടകരമാകില്ലെന്നും അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം ട്വിറ്ററില്‍ അറിയിച്ചു. 

ലോംഗ് മാര്‍ച്ച് 5 ബി എന്നാണ് ഈ ചൈനീസ് റോക്കറ്റിന്റെ പേര്. ചൈനയിലെ ഏറ്റവും വലിയ കാരിയര്‍ റോക്കറ്റാണ് ലോംഗ് മാര്‍ച്ച് 5 ബി. ചൈനയിലെ ഹൈനാനിലെ വെന്‍ചാങ് ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് വ്യാഴാഴ്ച (ഏപ്രില്‍ 29)യാണ് ഇത് വിക്ഷേപിച്ചത്. 18 ടണ്‍ ഭാരമുള്ള പ്രധാന സെഗ്മെന്റാണ് ഇപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുന്നത്. കഴിഞ്ഞ തവണ ലോംഗ് മാര്‍ച്ച് 5 ബി റോക്കറ്റ് വിക്ഷേപിച്ചപ്പോഴും സമാന പ്രശ്‌നങ്ങളുണ്ടായിരുന്നു.

click me!