ഹാഷിഷ് ഓയില്‍ വില്‍പനയ്‍ക്കിടെ പിടിയിലായ പ്രവാസി യുവാവിന് ശിക്ഷ വിധിച്ചു

By Web TeamFirst Published Jul 13, 2021, 7:01 PM IST
Highlights

ഹാഷിഷ് ഓയില്‍ വില്‍പന നടത്തിയതിന് പുറമെ തന്റെ ഉപഭോക്താക്കളെ വഞ്ചിച്ച് കൂടുതല്‍ ലാഭം നേടുന്നതിനായി മറ്റ് ഭക്ഷ്യ എണ്ണകളും ഇതില്‍ കലര്‍ത്തി വിറ്റിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. 

മനാമ: ബഹ്റൈനില്‍ ഹാഷിഷ് ഓയില്‍ വില്‍പന നടത്തിയതിന് പിടിയിലായ യുവാവിന് 10 വര്‍ഷം ജയില്‍ ശിക്ഷ. നേരത്തെ കീഴ്‍കോടതി വിധിച്ച ശിക്ഷ ഹൈഅപ്പീല്‍ കോടതിയും ശരിവെയ്‍ക്കുകയായിരുന്നു. ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇയാളെ സ്വന്തം നാട്ടിലേക്ക് നാടുകടത്തും.

ഹാഷിഷ് ഓയില്‍ വില്‍പന നടത്തിയതിന് പുറമെ തന്റെ ഉപഭോക്താക്കളെ വഞ്ചിച്ച് കൂടുതല്‍ ലാഭം നേടുന്നതിനായി മറ്റ് ഭക്ഷ്യ എണ്ണകളും ഇതില്‍ കലര്‍ത്തി വിറ്റിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. പിടിക്കപ്പെടാതിരിക്കാന്‍ അതീവ ജാഗ്രതയോടെയായിരുന്നു പ്രതിയുടെ നീക്കങ്ങളെന്ന് കേസ് രേഖകള്‍ വ്യക്തമാക്കുന്നു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ പിന്തുടര്‍ന്ന് പിടികൂടാന്‍ പൊലീസ് സംഘം ഒരു രഹസ്യാന്വേഷകനെ ചുമതലപ്പെടുത്തുകയായിരുന്നു.

ഹാഷിഷ് ഓയില്‍ വാങ്ങാനുള്ള ഉപഭോക്താവെന്ന് ഭാവിച്ച് വേഷം മാറിയെത്തിയ പൊലീസ് ഉദ്യോഗസ്ഥന് യുവാവിന്റെ വിശ്വാസം നേടിയെടുക്കാന്‍ ഏറെ സമയം ചെലവഴിക്കേണ്ടി വന്നു. ഒടുവില്‍ പരസ്‍പരം കണ്ടുമുട്ടാമെന്നും മയക്കുമരുന്ന് കൈമാറാമെന്നും സമ്മതിച്ചു. 60 ബഹ്റൈന്‍ ദിനാറിന് ഹാഷിഷ് ഓയില്‍ എത്തിക്കാമെന്ന് സമ്മതിച്ചെങ്കിലും  പിടിക്കപ്പെടുമെന്ന് ഭയന്ന് അവസാന നിമിഷം ഇയാള്‍ തീരുമാനം മാറ്റി. എന്നാല്‍ അപ്പോഴേക്കും പൊലീസ് സംഘം യുവാവിനെ തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നു.

അവധിക്ക് നാട്ടില്‍ പോയപ്പോഴാണ് ഹാഷിഷ് ഓയില്‍ കൊണ്ടുവന്നതെന്ന് ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. രണ്ട് മില്ലീമീറ്റര്‍ വലിപ്പമുള്ള ബോട്ടിലിന് 50 മുതല്‍ 80 ദിനാര്‍ വരെയാണ് ഈടാക്കിയിരുന്നത്. അറസ്റ്റിലാവുന്നതിന് മുമ്പ് 15 പേര്‍ക്ക് മയക്കുമരുന്ന് വിറ്റിട്ടുണ്ടെന്നും ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!