പട്ടികജാതി, പട്ടികവർഗ യുവാക്കൾക്ക് ഗൾഫിൽ ജോലി ഉറപ്പാക്കാനുള്ള നടപടികള്‍ ശക്തമാക്കിയതായി മന്ത്രി എ.കെ ബാലന്‍

By Web TeamFirst Published Jul 20, 2019, 10:46 AM IST
Highlights

സർക്കാർ നടപ്പിലാക്കിവരുന്ന നൈപുണ്യ വികസന പരിശീലനം പൂർത്തിയാക്കിയ ഉദ്യോഗാർഥികള്‍ക്ക് തൊഴിലിടം കണ്ടെത്താനാണ് മന്ത്രി എ.കെ ബാലന്‍ യുഎഇയിലെത്തിയത്. അഡ്നോക്  അടക്കം 70 സംരംഭകരുമായി നടത്തിയ ചര്‍ച്ചകള്‍ പ്രതീക്ഷ നല്‍കുന്നതായി മന്ത്രി അറിയിച്ചു.

ദുബായ്: കേരളത്തിലെ പട്ടികജാതി, പട്ടികവർഗ യുവാക്കൾക്ക് ഗൾഫിൽ ജോലി ഉറപ്പാക്കാൻ ശക്തമായ നടപടികൾ സ്വീകരിച്ചുവരുന്നതായി പിന്നാക്ക ക്ഷേമ മന്ത്രി എ.കെ.ബാലൻ. 1300 പട്ടികജാതി, പട്ടികവര്‍ഗ യുവാക്കളുടെ ഗൾഫ് ജോലി സ്വപ്നം ഉടന്‍ യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം ദുബായിൽ പറഞ്ഞു.

സർക്കാർ നടപ്പിലാക്കിവരുന്ന നൈപുണ്യ വികസന പരിശീലനം പൂർത്തിയാക്കിയ ഉദ്യോഗാർഥികള്‍ക്ക് തൊഴിലിടം കണ്ടെത്താനാണ് മന്ത്രി എ.കെ ബാലന്‍ യുഎഇയിലെത്തിയത്. അഡ്നോക്  അടക്കം 70 സംരംഭകരുമായി നടത്തിയ ചര്‍ച്ചകള്‍ പ്രതീക്ഷ നല്‍കുന്നതായി മന്ത്രി അറിയിച്ചു. പട്ടികജാതി, പട്ടികവർഗക്കാര്‍ക്ക് ജോലിക്കായി വിദേശത്ത് എത്തുന്നതിനുള്ള ചെലവുകൾ സർക്കാർ വഹിക്കും. പരിശീലനം ലഭിച്ച 2357 പേരില്‍ 234 പേർക്ക് ഇതിനോടകം വിദേശത്ത് ജോലി ലഭിച്ചതായും അദ്ദേഹം പറഞ്ഞു

ഓയിൽ ആന്റ് റിഗ്ഗ് മേഖലയിലാണ് വിദേശത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭിച്ചത്.  182 പേർക്ക് ഈ മേഖലകളില്‍ ജോലി ലഭിച്ചു.  ആരോഗ്യ സംരക്ഷണ രംഗത്ത് ജോലി ലഭ്യമാക്കാൻ എം.ഒ.എച്ച്, ഡി.എച്ച്.എ, എച്ച്.എ.ഡി ലൈസൻസുകൾക്കുള്ള പരിശീലനവും ഇന്ത്യയിൽ ‌കാര്യക്ഷമമാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.  അബുദാബിയിൽ എത്തിഹാദ് റെയിലിന്റെ ജോലികൾ ആരംഭിക്കുന്നതോടെ നിർമാണ മേഖലയിലും ഒട്ടേറെ മികച്ച തൊഴിലവസരങ്ങള്‍ യാഥാർഥ്യമാകും. വിദേശത്ത് ജോലിക്ക് വേണ്ട വൈദഗ്ധ്യവും പരിശീലനവും ആശയവിനിമയ വൈദഗ്ധ്യവും സുരക്ഷാ ബോധവത്കരണവും നാട്ടിൽ നടത്താനുള്ള നടപടികൾ ആരംഭിച്ചതായും മന്ത്രി ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

click me!