കോഫി ബാഗിലൊളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ യുവാവ് ബഹ്റൈനില്‍ പിടിയില്‍

By Web TeamFirst Published Jul 12, 2021, 6:47 PM IST
Highlights

മയക്കുമരുന്ന് കടത്താനുള്ള സാധ്യതയെപ്പറ്റി നേരത്തെ തന്നെ കസ്റ്റംസ് അധികൃതര്‍ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. യുവാവ് കിങ് ഫഹഗ് കോസ്‍വേയിലെത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

മനാമ: കോഫി ബാഗിലൊളിപ്പിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച ബഹ്റൈനി യുവാവ് പിടിയിലായി. 3000 ദിനാര്‍ (അഞ്ച് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) കമ്മീഷന്‍ ലഭിക്കുമെന്ന വ്യവസ്ഥയിലാണ് ഇയാള്‍ കിങ് ഫഹദ് കോസ്‍വേ വഴി അഞ്ച് കിലോഗ്രാം ഹാഷിഷ് കൊണ്ടുപോകാന്‍ ശ്രമിച്ചത്.

മയക്കുമരുന്ന് കടത്താനുള്ള സാധ്യതയെപ്പറ്റി നേരത്തെ തന്നെ കസ്റ്റംസ് അധികൃതര്‍ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. യുവാവ് കിങ് ഫഹഗ് കോസ്‍വേയിലെത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസ് നായകളെ എത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് കോഫി ബാഗുകളിലൊളിപ്പിച്ചിരുന്ന മയക്കുമരുന്ന് കണ്ടെത്തിയത്.

ബഹ്റൈനിലെത്തിയ ശേഷം മയക്കുമരുന്ന് മറ്റൊരാള്‍ക്ക് കൈമാറാനായിരുന്നു നിര്‍ദേശമെന്ന് ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി. പൊലീസിന്റെ നിര്‍ദേശപ്രകാരം യുവാവ് ഇയാളെ വിളിച്ചുവരുത്തിയതോടെ ഇയാളെയും കസ്റ്റഡിയിലെടുത്തു. ഇരുവരെയും ഉപയോഗിച്ച് നടത്തിയ സ്റ്റിങ് ഓപ്പറേഷനിലൂടെ മൂന്നാമതൊരാളെയും പൊലീസ് പിന്നീട് അറസ്റ്റ് ചെയ്‍തു. മയക്കുമരുന്ന് കടത്താനും വില്‍പന നടത്താനും ശ്രമിച്ചതിന് ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയാണ്.

click me!