
മനാമ: യുഎഇയെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തെ ശക്തമായി അപലപിച്ച് ബഹ്റൈൻ. യുഎഇയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും മേഖലയിലെ സുസ്ഥിരത തകർക്കുന്നതുമാണ് തിങ്കളാഴ്ച നടന്ന ഡ്രോൺ ആക്രമണമെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും ലംഘനമാണ് ഈ നടപടിയെന്ന് ബഹ്റൈൻ കുറ്റപ്പെടുത്തി.
യുഎഇയുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും പൗരന്മാരുടെയും പ്രവാസികളുടെയും സംരക്ഷണത്തിനുമായി യുഎഇ ഭരണകൂടം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ബഹ്റൈൻ പൂർണ പിന്തുണ വാഗ്ദാനം ചെയ്തു. സമാധാനാന്തരീക്ഷം തകർക്കുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇറാനോട് ആവശ്യപ്പെടണമെന്ന് ബഹ്റൈൻ ഐക്യരാഷ്ട്രസഭ രക്ഷാസമിതിയോട് അഭ്യർത്ഥിച്ചു. ഹോർമൂസ് കടലിടുക്ക് ഉൾപ്പെടെയുള്ള പ്രധാന സമുദ്രപാതകളിലൂടെയുള്ള കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഇറാൻ മാനിക്കണമെന്നും ബഹ്റൈൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
തിങ്കളാഴ്ചയാണ് യുഎഇയുടെ പ്രാദേശിക സമുദ്രാതിർത്തിക്ക് മുകളിൽ പ്രവേശിച്ച ഇറാനിയൻ ഡ്രോൺ എയർ ഡിഫൻസ് സേന വിജയകരമായി പ്രതിരോധിച്ചത്. സംഭവം യുഎഇ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. രാജ്യത്തിനെതിരെയുള്ള ഏത് തരത്തിലുള്ള ഭീഷണികളെയും ശക്തമായി നേരിടാൻ യുഎഇ സായുധ സേന പൂർണ സജ്ജമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ വ്യോമാതിർത്തിയിൽ 24 മണിക്കൂറും എയർ ഡിഫൻസ് സിസ്റ്റം കൃത്യമായ നിരീക്ഷണവും പരിശോധനയും തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഔദ്യോഗിക സർക്കാർ സ്രോതസ്സുകളിൽ നിന്ന് മാത്രം സ്വീകരിക്കണമെന്നും വ്യാജ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും പൊതുജനങ്ങളോട് പ്രതിരോധ മന്ത്രാലയം അഭ്യർത്ഥിച്ചു.
അതേസമയം ദുബായിലെ അൽ മിൻഹദ് വ്യോമതാവളം ആക്രമിച്ചെന്ന ഇറാന്‍റെ അവകാശവാദം യുഎഇ അധികൃതർ നിഷേധിച്ചു. അൽ മിൻഹദ് വ്യോമതാവളം ആക്രമിക്കപ്പെട്ടിട്ടില്ലെന്നും പ്രചരിക്കുന്നത് തെറ്റായ റിപ്പോര്‍ട്ടുകളെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം യുഎഇ ലക്ഷ്യമിട്ട് ഇറാന്‍റെ ഡ്രോൺ ആക്രമണം ഉണ്ടായി. ഡ്രോൺ സമുദ്രാതിർത്തിയിൽ പ്രതിരോധിച്ചുവെന്ന് മന്ത്രാലയം അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam