11 രാജ്യങ്ങളെക്കൂടി റെഡ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കി ബഹ്റൈന്‍

By Web TeamFirst Published Oct 9, 2021, 3:41 PM IST
Highlights

റെഡ് ലിസ്റ്റിലെ പുതിയ മാറ്റങ്ങള്‍ ഒക്ടോബര്‍ പത്ത് മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. 

മനാമ: 11 രാജ്യങ്ങളെക്കൂടി ഒഴിവാക്കിയും ഒരു രാജ്യത്തെക്കൂടി ഉള്‍പ്പെടുത്തിയും കൊവിഡ് റെഡ് ലിസ്റ്റ് (Covid red list) പരിഷ്‍കരിച്ച് ബഹ്റൈന്‍ (Bahrain). സിവില്‍ ഏവിയേഷന്‍ അധികൃതരാണ് (Civil aviation affairs) കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച പുതിയ അറിയിപ്പ് പുറത്തിറക്കിയത്. 

റെഡ് ലിസ്റ്റിലെ പുതിയ മാറ്റങ്ങള്‍ ഒക്ടോബര്‍ പത്ത് മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. ബംഗ്ലാദേശ്, ഇന്തോനേഷ്യ, മാന്‍മര്‍, ജോര്‍ജിയ, ദക്ഷിണാഫ്രിക്ക, നമീബിയ, ഉഗാണ്ട, സിംബാവെ, മൊസാമ്പിക്, മലാവി, ഇക്വഡോര്‍ എന്നീ രാജ്യങ്ങളെയാണ് കൊവിഡ് റെഡ് ലിസറ്റില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. അതേസമയം റൊമാനിയയെ പുതിയതായി റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്‍തിട്ടുണ്ട്. ഇതോടെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങളുടെ എണ്ണം 16 ആയി മാറി.

ബഹ്റൈനില്‍ ആശ്വാസം; കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുറയുന്നു

ബഹ്റൈനില്‍ ആശ്വാസം പകര്‍ന്ന് കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുറയുന്നു. കഴിഞ്ഞയാഴ്‍ച മുതല്‍ പുതിയ രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവ് വരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. സെപ്‍റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ ആറ് വരെയുള്ള ദിവസങ്ങളില്‍ ശരാശരി കൊവിഡ് രോഗികളുടെ എണ്ണം 59 ആയി. നേരത്തെ ഇത് 65 ആയിരുന്നു.

കഴിഞ്ഞയാഴ്‍ച രാജ്യത്താകെ 413 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 357 പേരും സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചവരാണ്. യാത്രക്കാരില്‍ കൊവിഡ് സ്ഥിരീകരിച്ചത് 56 പേര്‍ക്കാണ്. കഴിഞ്ഞയാഴ്‍ച രോഗം സ്ഥിരീകരിച്ചവരില്‍ 216 പേര്‍ സ്വദേശികളും 197 പേര്‍ പ്രവാസികളുമാണ്. സാമൂഹിക പരിശോധനയില്‍ നിന്നാണ് 86 രോഗികളെ കണ്ടെത്തിയത്. 103 പേര്‍ രോഗലക്ഷണങ്ങളോടെ എത്തിയപ്പോള്‍ പരിശോധന നടത്തിയവരായിരുന്നു. നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുള്ളവരെ പരിശോധിച്ചപ്പോഴാണ് 78 പേരുടെ രോഗം കണ്ടെത്തിയത്. ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷം നടത്തിയ പരിശോധനയിലും 90 പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തി. 

click me!