സൗദിയില്‍ തൊഴില്‍ സംബന്ധ ക്രമക്കേടുകള്‍ക്ക് ഭീമമായ പിഴ ചുമത്തുമെന്ന് മന്ത്രാലയം

By Web TeamFirst Published Aug 4, 2019, 11:48 PM IST
Highlights

സൗദിയിൽ വിസക്കച്ചവടം നടത്തിയാൽ അൻപതിനായിരം റിയാൽ പിഴ. ഇടനിലക്കാര്‍ക്കും സമാന ശിക്ഷ ലഭിക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. 

റിയാദ്: സൗദിയിൽ വിസക്കച്ചവടം നടത്തിയാൽ അൻപതിനായിരം റിയാൽ പിഴ. ഇടനിലക്കാര്‍ക്കും സമാന ശിക്ഷ ലഭിക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. തൊഴിൽ നിയമാവലിയിൽ വരുത്തിയ മാറ്റങ്ങൾക്കനുസൃതമായാണ് വിസ കച്ചവടക്കാർക്കുള്ള പിഴ അൻപതിനായിരം റിയാലാക്കി ഉയർത്തിയത്.

ഒരു വിസ കച്ചവടം ചെയ്യുന്നവർക്കാണ് ഇത്രയും തുക പിഴ ചുമത്തുക. വിൽപ്പന നടത്തുന്ന വിസയുടെ എണ്ണത്തിനനുസരിച്ച് നിയമ ലംഘകർക്കുള്ള പിഴയും ഇരട്ടിയാകും. വിസയും മറ്റു സേവനങ്ങളും ലഭിക്കുന്നതിന് വ്യാജ വിവരങ്ങൾ മന്ത്രാലയത്തെ ധരിപ്പിക്കൽ, വനിതാ ജീവനക്കാരുടെ സ്വകാര്യതയും സ്വാതന്ത്ര്യവും സംരക്ഷിക്കുന്ന നിലയ്ക്ക് അനുയോജ്യമായ തൊഴിൽ സാഹചര്യം ഒരുക്കാതിരിക്കൽ, നിയമാനുസൃത നടപടികൾ പൂർത്തിയാക്കാതെ ആശ്രിത വിസയിലുള്ളവരെ ജോലിക്ക് വെക്കൽ എന്നീ നിയമ ലംഘനങ്ങൾക്കു 25,000 റിയാൽ വീതം പിഴ ചുമത്തും.

വനിതകള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കാതിരിക്കുകയോ ഇലക്ട്രോണിക് സെക്യൂരിറ്റി സംവിധാനം ഏർപ്പെടുത്താതിരിക്കുകയോ ചെയ്താലും വിദേശ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് ലഭിക്കാതിരുന്നാലും തൊഴിലുടമയ്‌ക്കെതിരെ 20,000 റിയാൽ വീതം പിഴ ചുമത്തും.

വർക്ക് പെർമിറ്റ് ലഭിക്കാത്ത വിദേശ തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ചു പിഴ ഇരട്ടിയാകും. ഒരേ സ്ഥലത്തു സ്ത്രീ പുരുഷന്മാരെ ജോലിക്കു വെയ്ക്കൽ, തൊഴിലാളികളെ നിർബന്ധിച്ചു ജോലിക്കുവയ്ക്കൽ എന്നീ കുറ്റങ്ങൾക്ക് 15,000 റിയാലാണ് പിഴ.

തൊഴിലുടമ വഹിക്കേണ്ട വിദേശ തൊഴിലാളികളുടെ ഇഖാമ, വർക്ക് പെർമിറ്റ് ഫീസുകളും ലെവിയും തൊഴിലാളിയുടെ മേൽ ചുമത്തിയാൽ 10,000 റിയാൽ വീതം പിഴ ലഭിക്കുമെന്നും തൊഴിൽ മന്ത്രാലയം അറിയിച്ചു. 

click me!