ഏറെ പുതുമകളോടെ എമിറേറ്റ്സ് ലോട്ടോ ഇനി 'മഹ്സൂസ്' ആയി തിരിച്ചെത്തുന്നു; വൻ തുകയുടെ സമ്മാനങ്ങളുമായി

Published : Nov 16, 2020, 09:59 PM ISTUpdated : Nov 17, 2020, 12:03 PM IST
ഏറെ പുതുമകളോടെ എമിറേറ്റ്സ് ലോട്ടോ ഇനി 'മഹ്സൂസ്' ആയി തിരിച്ചെത്തുന്നു; വൻ തുകയുടെ സമ്മാനങ്ങളുമായി

Synopsis

ലോകമെമ്പാടുമുള്ള ഭാഗ്യാന്വേഷകര്‍ക്ക് പുതിയ അനുഭവം ഉറപ്പുനല്‍കുകയാണ് ഈ മാറ്റത്തിലൂടെ സംഘാടകര്‍. നവീനവും ഉപഭോക്തൃ സൗഹൃദവുമായ പുതിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. നറുക്കെടുപ്പില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ രീതിയിലാണു പുതിയ സംവിധാനങ്ങള്‍.

ദുബൈ: മലയാളികളടക്കം നിരവധിപ്പേരുടെ ജീവിതം മാറ്റിമറിച്ച എമിറേറ്റ്സ് ലോട്ടോ പുതിയ രൂപത്തില്‍ തിരിച്ചെത്തുന്നു. കഴിഞ്ഞ ദിവസം ദുബൈയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വെച്ചാണ് എമിറേറ്റ്സ് ലോട്ടോയുടെ സംഘാടകരായ ഈവിങ്സ് എല്‍.എല്‍.സി ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഈവിങ്സിന്റെ എക്സിക്യൂട്ടീവ് മാനേജ്മെന്റ് ടീം, പാര്‍ട്ണര്‍മാര്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ഏറെ പുതുമകളോടെ പുനഃരാരംഭിക്കുന്ന പ്രതിവാര നറുക്കെടുപ്പുകള്‍ ഇനി 'മഹ്സൂസ്' എന്ന പേരിലായിരിക്കും അറിയപ്പെടുക. 'ഭാഗ്യം‍' എന്നാണ് ഈ അറബിക്ക് വാക്കിന്റെ അര്‍ത്ഥം. ഈ മാസം 21ന് രാത്രി യുഎഇ സമയം ഒന്‍പത് മണിക്ക് മഹ്‍സൂസിന്റെ ആദ്യ നറുക്കെടുപ്പ് നടക്കും. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ തത്സമയ നറുക്കെടുപ്പ് സംപ്രേക്ഷണം ചെയ്യും. 

ലോകമെമ്പാടുമുള്ള ഭാഗ്യാന്വേഷകര്‍ക്ക് പുതിയ അനുഭവം ഉറപ്പുനല്‍കുകയാണ് ഈ മാറ്റത്തിലൂടെ സംഘാടകര്‍. നവീനവും ഉപഭോക്തൃ സൗഹൃദവുമായ പുതിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. നറുക്കെടുപ്പില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ രീതിയിലാണു പുതിയ സംവിധാനങ്ങള്‍.

എമിറേറ്റ്സ് ലോട്ടോ മഹ്‍സൂസിലേക്ക് മാറുമ്പോള്‍ വിജയികളുടെ ഒപ്പം സമൂഹത്തിലെ വലിയൊരു വിഭാഗത്തിന്റെ ജീവിതം മാറ്റിമറിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് എമിറേറ്റ്സ് ലോട്ടോ കോ-സിഇഒ തെരേസ സ്റ്റാര്‍ പറഞ്ഞു. വിവിധ മേഖലകളില്‍ സഹായമെത്തിക്കുന്ന സന്നദ്ധ സംഘടനകളെയും യുഎഇയില്‍ മുഴുവനായുമുള്ള വിവിധ സംരംഭങ്ങളെയും ഇതിനായി തങ്ങള്‍ പിന്തുണയ്ക്കുമെന്നും അവര്‍ പറഞ്ഞു.

നറുക്കെടുപ്പുകളില്‍ തെരഞ്ഞെടുക്കപ്പെടുന്ന ആറ് സംഖ്യകളും യോജിച്ചുവരുന്ന വിജയികള്‍ക്ക് 50 മില്യന്‍ ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം വീതിച്ചെടുക്കാം. ഒരു മില്യന്‍ ദിര്‍ഹമാണ് രണ്ടാം സമ്മാനം. നറുക്കെടുക്കപ്പെടുന്ന ആറ് സംഖ്യകളില്‍ അഞ്ചു സംഖ്യകള്‍ യോജിച്ചുവരുന്നവരായിരിക്കും ഈ സമ്മാനത്തുകയുടെ അവകാശികള്‍. പങ്കെടുക്കുന്നവരുടെ എണ്ണത്തിനനുസരിച്ച് ലഭിക്കുന്ന തുകയിലും വര്‍ദ്ധനവുണ്ടാകാം. നാല് സംഖ്യകള്‍ യോജിച്ചുവരുന്നവര്‍ക്ക് 1000 ദിര്‍ഹമാണ് സമ്മാനം. മൂന്ന് സംഖ്യകള്‍ ശരിയായാല്‍ 35 ദിര്‍ഹവും ലഭിക്കുമെന്ന് തെരേസ സ്റ്റാര്‍ പറഞ്ഞു.

സമ്മാനങ്ങള്‍ സ്വന്തമാക്കി സ്വന്തം ജീവിതം മാറ്റിമറിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന സുരക്ഷിതവും അത്യാധുനിക സംവിധാനങ്ങളോടും കൂടിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് മഹ്‍സൂസിനായി സജ്ജമാക്കിയിരിക്കുന്നത്. www.mahzooz.ae എന്ന വെബ്സൈറ്റ് വഴിയോ ഉടന്‍ ലഭ്യമാവുന്ന ആന്‍ഡ്രോയിഡ്, ഐഒഎസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയോ നറുക്കെടുപ്പില്‍ പങ്കെടുക്കാനാവും. 

ഉപഭോക്താക്കളില്‍ നിന്നുള്ള വിലപ്പെട്ട നിര്‍ദേശങ്ങള്‍ ശേഖരിച്ച് അതിന്റെ അടിസ്ഥാനത്തില്‍ എറ്റവും മികച്ചതിലേക്കുള്ള ഒരു മാറ്റമാണ് ഈ സമയത്ത് സംഭവിച്ചതെന്ന് ഈവിങ്സ് കോ-സിഇഒ ഫരിദ് സംജി പറഞ്ഞു. മുമ്പുണ്ടായിരുന്നതിനേക്കാള്‍ ഏറെ സുഗമമായി ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് പുതിയ പ്ലാറ്റ്ഫോം. പങ്കാളികളാകുന്ന ഓരോരുത്തര്‍ക്കും ഏറ്റവും മികച്ച അനുഭവം ഉറപ്പുവരുത്തുകയാണ് മഹ്സൂസിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം എല്ലാവര്‍ക്കും പങ്കാളികളാകാന്‍ കഴിയുന്ന തരത്തില്‍ 35 ദിര്‍ഹമാണ് നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള തുക നിശ്ചയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എമിറേറ്റ്സ് ലോട്ടോ നറുക്കെടുപ്പുകളിലൂടെ ജനങ്ങള്‍ക്ക് പ്രിയങ്കരരായി മാറിയ ലെബനീസ് ടെലിവിഷന്‍ അവതാരകന്‍ വിസാം ബ്രെയ്ഡിയും മലയാളി മോഡലും അവതാരകയും സംരംഭകയുമായ ഐശ്വര്യ അജിതും ഇനി മഹ്‍സൂസ് വേദികളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ തിരിച്ചെത്തും. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ സംപ്രേക്ഷണം ചെയ്യുന്ന നറുക്കെടുപ്പുകളില്‍, യുഎഇയില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുമ്പോള്‍ കാണികളെയും ഉള്‍പ്പെടുത്തും.

നറുക്കെടുപ്പുകള്‍ക്കൊപ്പം സാമൂഹിക പ്രാധാന്യമുള്ള നിരവധി പദ്ധതികള്‍ക്കും മഹ്സൂസ് രൂപം നല്‍കിയിട്ടുണ്ട്. സാമൂഹിക സേവന പദ്ധതികളും സന്നദ്ധസംഘകളുമായി കൈകോര്‍ത്തുള്ള മറ്റ് പരിപാടികളുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

വിജയികളുടെയും വലിയൊരു അര്‍ത്ഥത്തില്‍ പൊതുസമൂഹത്തിന്റെയും ജീവിതങ്ങളില്‍ മാറ്റം വരുത്താനുള്ള ഉദ്യമം മഹ്സൂസിന്റെ പ്രഖ്യാപനത്തോടെ തങ്ങള്‍ തുടരുകയാണെന്ന് ഈവിങ്സ് കോര്‍പറേറ്റ് അഫയേഴ്‍സ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് വിഭാഗം മേധാവി റാനിയ തായേ പറഞ്ഞു. പൊതുസമൂഹത്തിലും ഹെല്‍ത്ത്, ഫിറ്റ്നസ് രംഗങ്ങളിലും ഒരുകൂട്ടം പദ്ധതികളാണ് ലക്ഷ്യമിടുന്നത്. സുസ്ഥിര വികസനം ലക്ഷ്യമിട്ട് സന്നദ്ധ സംഘടനകളുമായും സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ഏജന്‍സികളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അവര്‍ പറഞ്ഞു.

കുറഞ്ഞകാലം കൊണ്ട് ഏറെ ജനപ്രിയമായി മാറിയ എമിറേറ്റ്സ് ലോട്ടോയില്‍ ജനങ്ങളുടെ അഭൂതപൂര്‍വമായ പങ്കാളിത്തമായിരുന്നു ഉണ്ടായിരുന്നത്. 50 രാജ്യങ്ങളില്‍ നിന്നുള്ള 47,500ല്‍ അധികം ഭാഗ്യവാന്മാര്‍ 14,670,500 ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് എമിറേറ്റ്സ് ലോട്ടോയിലൂടെ സ്വന്തമാക്കിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എയർ ഇന്ത്യയുടെ അനാസ്ഥ, നട്ടെല്ലിന് പരിക്കേറ്റ മലയാളിക്ക് സ്ട്രെച്ചർ അനുവദിച്ചില്ല
ദേശീയ ദിനം; ഖത്തറിൽ സ്വകാര്യ മേഖലയിൽ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു