ബഹ്റൈനില്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസിന് അംഗീകാരം

By Web TeamFirst Published Sep 23, 2021, 9:38 PM IST
Highlights

ഫൈസര്‍ ബയോഎന്‍ടെക്, ആസ്‍ട്രസെനിക (കൊവിഷീല്‍ഡ്), സ്‍പുട്‍നിക് എന്നീ വാക്സിനുകളുടെ രണ്ടാം ഡോസ് എടുത്ത ശേഷം ആറ് മാസം പൂര്‍ത്തിയായവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുക.

മനാമ: ബഹ്റൈനില്‍ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് കൊവിഡ് വാക്സിന്റെ (Covid vaccine) ബൂസ്റ്റര്‍ ഡോസ് (Booster dose) നല്‍കാനുള്ള തീരുമാനത്തിന് നാഷണല്‍ മെഡിക്കല്‍ ടാസ്ക് ഫോഴ്‍സിന്റെ (Medical task force) അംഗീകാരം. നേരത്തെ ഗവണ്‍മെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയും ബൂസ്റ്റര്‍ ഡോസിന് അംഗീകാരം നല്‍കിയിരുന്നു.

ഫൈസര്‍ ബയോഎന്‍ടെക്, ആസ്‍ട്രസെനിക (കൊവിഷീല്‍ഡ്), സ്‍പുട്‍നിക് എന്നീ വാക്സിനുകളുടെ രണ്ടാം ഡോസ് എടുത്ത ശേഷം ആറ് മാസം പൂര്‍ത്തിയായവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുക. ബൂസ്റ്റര്‍ ഡോസായി ഫൈസര്‍ - ബയോഎന്‍ടെക് വാക്സിനോ അല്ലെങ്കില്‍ രണ്ടാം ഡോസായി സ്വീകരിച്ച അതേ വാക്സിനോ തെരഞ്ഞെടുക്കാം. ഇതിന് പുറമെ 18 മുതല്‍ 39 വയസ് വരെ പ്രായമുള്ളവരില്‍ സിനോഫാം വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചവര്‍ക്ക് മൂന്ന് മാസത്തിന് ശേഷം ബൂസ്റ്റര്‍ ഡോസ് നല്‍കാനും അനുമതി നല്‍കിയിട്ടുണ്ട്. നേരത്തെ ഇത് ആറ് മാസത്തിന് ശേഷമെന്നായിരുന്നു ശുപാര്‍ശ.

ഫൈസര്‍ വാക്സിന്റെ ഒന്നാം ഡോസ് സ്വീകരിച്ച ശേഷം കൊവിഡ് ബാധിച്ച് രോഗമുക്തരായവര്‍ക്ക് രണ്ടാം ഡോസ് നല്‍കാനും അനുമതി നല്‍കിയിട്ടുണ്ട്. കൊവിഡ് ബാധിച്ച് രോഗമുക്തരായവര്‍ക്ക് അസുഖം ബാധിച്ച തീയ്യതി മുതല്‍ മൂന്ന് മാസം കഴിയുമ്പോള്‍ വാക്സിനെടുക്കാമെന്നും 12 മാസങ്ങള്‍ക്ക് ശേഷം ബൂസ്റ്റര്‍ ഡോസെടുക്കാമെന്നും അറിയിച്ചിട്ടുണ്ട്. വാക്സിനെടുക്കാനും ബൂസ്റ്റര്‍ ഡോസ് എടുക്കാനും ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‍സൈറ്റായ healthalert.gov.bh വഴിയോ അല്ലെങ്കില്‍ BeAware ആപ്ലിക്കേഷന്‍ വഴിയോ രജിസ്റ്റര്‍ ചെയ്യാം. 

click me!