യുഎഇയില്‍ കെട്ടിടത്തിന്റെ 11-ാം നിലയില്‍ നിന്നുവീണ് ആറ് വയസുകാരന്‍ മരിച്ചു

By Web TeamFirst Published Mar 11, 2020, 9:23 PM IST
Highlights

ജനലിന് സമീപത്തുള്ള കസേരയില്‍ കുട്ടി കയറിയതാണ് അപകട കാരണമായതെന്ന് രക്ഷിതാക്കള്‍ പൊലീസിനോട് പറഞ്ഞു. കേസ് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. 

ഷാര്‍ജ: പതിനൊന്നാം നിലയിലുള്ള അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ജനലിലൂടെ താഴേക്ക് വീണ് ആറ് വയസുകാരന് ദാരുണാന്ത്യം. അബുഷഹര്‍ഹ ഏരിയയില്‍ അപ്പാര്‍ട്ട്മെന്റിലാണ് സംഭവം. ഓട്ടിസം ബാധിതനായ ബാലനാണ്  അപകടത്തില്‍പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജനലിന് സമീപത്തുള്ള കസേരയില്‍ കുട്ടി കയറിയതാണ് അപകട കാരണമായതെന്ന് രക്ഷിതാക്കള്‍ പൊലീസിനോട് പറഞ്ഞു. കേസ് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. അപകടം സംബന്ധിച്ച വിവരം ലഭിച്ചയുടന്‍ തന്നെ പാരാമെഡിക്കല്‍ സംഘം സ്ഥലത്തെത്തിയിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ മരണം സ്ഥിരീകരിച്ചു. മൃതദേഹം പിന്നീട് ഫോറന്‍സിക് ഡിപ്പാര്‍ട്ട്മെന്റിലേക്ക് മാറ്റി.

ഉയരമുള്ള കെട്ടിടങ്ങളില്‍ നിന്ന് ജനലുകളിലൂടെ കുട്ടികള്‍ താഴേക്ക് വീണുണ്ടാകുന്ന ഏതാനും അപകടങ്ങള്‍ കഴിഞ്ഞ വര്‍ഷവും യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജനലുകള്‍ക്കരികിലുള്ള ഫര്‍ണിച്ചറുകളാണ് പലപ്പോഴും അപകടകാരണമാകാറുള്ളത്. കഴിഞ്ഞ ഡിസംബറില്‍ രണ്ട് വയസുകാരി കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്ന് വീണുമരിച്ചിരുന്നു. അതേമാസം തന്നെ കെട്ടിടത്തിന്റെ ഒന്‍പതാം നിലയില്‍ നിന്ന് വീണും മറ്റൊരു അഞ്ച് വയസുകാരിയും മരിച്ചു.

click me!