യുഎഇ ദേശീയ ദിനാഘോഷം; ഇക്കാര്യങ്ങള്‍ ചെയ്താല്‍ കുടുങ്ങുമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്

By Afsal EFirst Published Dec 1, 2018, 11:08 AM IST
Highlights

വാഹനങ്ങളുടെ നിറം മാറ്റരുത്. അനുവദനീയമായ പരിധിക്കപ്പറും ആളുകളെ കയറ്റുക, വാഹനങ്ങളുടെ സണ്‍റൂഫിലൂടെയും വിന്‍ഡോകളിലൂടെയും പുറത്തിറങ്ങുക, മുന്നിലെയും പിന്നിലെയും ഗ്ലാസുകളില്‍ കളര്‍ ചെയ്യുക, നമ്പര്‍ പ്ലേറ്റുകള്‍ മറയ്ക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും. ഒരു തരത്തിലുമുള്ള സ്‍പ്രേകള്‍ ഉപയോഗിക്കാന്‍ പാടില്ല. പൊതുനിരത്തില്‍ വാഹനം നിര്‍ത്തുകയോ ആളുകളെ പുറത്തിറക്കുകയോ ചെയ്യരുത്. 

ദുബായ്: യുഎഇ ദേശീയ ദിനം ആഘോഷിക്കുന്ന വേളയില്‍ ശക്തമായ മുന്നറിയിപ്പുമായി ദുബായ് പൊലീസ്. ആഘോഷങ്ങള്‍ അതിരുവിട്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്നും കടുത്ത ശിക്ഷ ലഭിക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. നിയമ വിരുദ്ധമായി വാഹനങ്ങള്‍ ഉപയോഗിക്കുകയും അലങ്കരിക്കുകയും ചെയ്യുന്നത് കണ്ടെത്തിയാല്‍ പിഴ ലഭിക്കുന്നതിനൊപ്പം വാഹനങ്ങള്‍ പിടിച്ചെടുക്കുന്നത് പോലുള്ള നടപടിയുമുണ്ടാകും.

വാഹനങ്ങളുടെ നിറം മാറ്റരുത്. അനുവദനീയമായ പരിധിക്കപ്പറും ആളുകളെ കയറ്റുക, വാഹനങ്ങളുടെ സണ്‍റൂഫിലൂടെയും വിന്‍ഡോകളിലൂടെയും പുറത്തിറങ്ങുക, മുന്നിലെയും പിന്നിലെയും ഗ്ലാസുകളില്‍ കളര്‍ ചെയ്യുക, നമ്പര്‍ പ്ലേറ്റുകള്‍ മറയ്ക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും. ഒരു തരത്തിലുമുള്ള സ്‍പ്രേകള്‍ ഉപയോഗിക്കാന്‍ പാടില്ല. പൊതുനിരത്തില്‍ വാഹനം നിര്‍ത്തുകയോ ആളുകളെ പുറത്തിറക്കുകയോ ചെയ്യരുത്. ഏതെങ്കിലും തരത്തിലുള്ള റാലികള്‍ സംഘടിപ്പിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. പൊതുനിരത്തുകളില്‍ എയര്‍വീലുകള്‍ ഉപയോഗിക്കരുത്.
 

എന്നാല്‍ വാഹനങ്ങളില്‍ ഡ്രൈവറുടെയോ മറ്റ് യാത്രക്കാരുടെയും സുരക്ഷയ്ക്ക് ഭീഷണിയാവാത്ത തരത്തില്‍ ദേശീയ പതാക കെട്ടുന്നതിന് തടസ്സമില്ല. വാഹനങ്ങളുടെ ചിത്രങ്ങള്‍ സഹിതമുള്ള മുന്നറിയിപ്പാണ് പൊലീസ് പുറത്തിറക്കിയത്. നിയമം ലംഘിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് 901 എന്ന നമ്പറില്‍ വിളിച്ച് പൊലീസിനെ അറിയിക്കാം. സുരക്ഷ കണക്കിലെടുക്കാതെ വാഹനം ഓടിച്ചാല്‍ 2000 ദിര്‍ഹം പിഴയും 23 ബ്ലാക് പോയിന്റുകളും ശിക്ഷ ലഭിക്കുന്നതിന് പുറമെ വാഹനം 60 ദിവസത്തേക്ക് പിടിച്ചുവെയ്ക്കുകയും ചെയ്യും. റോഡില്‍ നിര്‍ത്തിയാല്‍ 1000 ദിര്‍ഹമാണ് ശിക്ഷ. അനുമതിയില്ലാതെ റാലികള്‍ നടത്തിയാല്‍ 500 ദിര്‍ഹം പിഴയ്ക്കൊപ്പം 15 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കും.

click me!